LATEST NEWS » INDIA
  Aug 13, 2013
അസം കൂടുതല്‍ കേന്ദ്രസേനയെ ആവശ്യപ്പെടും
കെ. ശ്രീജിത്ത്
ഗുവാഹാട്ടി: തെലങ്കാന രീതിയില്‍ പുതിയ സംസ്ഥാനങ്ങള്‍ രൂപവത്കരിക്കണമെന്നാവശ്യപ്പെട്ട് വിവിധ സംഘടനകള്‍ നടത്തുന്ന പ്രക്ഷോഭം നേരിടാന്‍ അസം സര്‍ക്കാര്‍ കൂടുതല്‍ കേന്ദ്രസേനയെ ആവശ്യപ്പെടും. സമരം തുടങ്ങിയതിന് ശേഷം കേന്ദ്രസര്‍ക്കാര്‍ 25 കമ്പനി സേനയെ സംസ്ഥാനത്തേക്ക് അധികം അയച്ചിരുന്നു. ഇത് മതിയാവില്ലെന്ന് വിശദീകരിച്ച് കൂടുതല്‍ സേനയെ ആവശ്യപ്പെടാനാണ് സര്‍ക്കാറിന്റെ നീക്കമെന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

വന്‍ ജനക്കൂട്ടത്തെ നേരിടാനുള്ള സന്നാഹങ്ങള്‍ ഇപ്പോഴയച്ച സേനയുടെ പക്കലില്ലെന്നും പ്രക്ഷോഭം നടക്കുന്നിടത്തെല്ലാം പതിനായിരക്കണക്കിന് പേരാണ് അതില്‍ പങ്കെടുക്കുന്നതെന്നും അവര്‍ പറഞ്ഞു.

അതേസമയം കര്‍ബി ആങ്‌ലോങ് സംസ്ഥാനത്തിനായി പ്രക്ഷോഭം നയിക്കുന്ന കര്‍ബി സംഘടനകളോട് ആ ആവശ്യം പിന്‍വലിക്കാന്‍ മുഖ്യമന്ത്രി തരുണ്‍ ഗൊഗോയ് ആവശ്യപ്പെട്ടു. സംഘടനാ നേതാക്കളുമായി തന്റെ ഔദ്യോഗിക വസതിയില്‍ നടത്തിയ ചര്‍ച്ചയിലാണ് മുഖ്യമന്ത്രി ഈ ആവശ്യം ഉന്നയിച്ചത്. ഒരു കുടുംബമെന്ന നിലയില്‍ അസം ഒറ്റക്കെട്ടായി നില്‍ക്കണമെന്ന് മുഖ്യമന്ത്രി നേതാക്കളോട് പറഞ്ഞു.

എന്നാല്‍, പുതിയ സംസ്ഥാനം വേണമെന്ന കര്‍ബി സംഘടനകളുടെ ആവശ്യം പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനെയും യു.പി.എ. അധ്യക്ഷ സോണിയാഗാന്ധിയെയും ധരിപ്പിക്കാമെന്ന് മുഖ്യമന്ത്രി നേതാക്കള്‍ക്ക് ഉറപ്പുനല്‍കി. പ്രക്ഷോഭത്തിന്റെ ഭാഗമായി അറസ്റ്റ് ചെയ്യപ്പെട്ടവരെ വിട്ടയയ്ക്കണമെന്ന ആവശ്യം ഗൊഗോയ് തള്ളി. അക്രമത്തിലേര്‍പ്പെട്ടതിന് അറസ്റ്റ് ചെയ്യപ്പെട്ടവരെ വിട്ടയയ്ക്കാനാവില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ജനാധിപത്യപരമായി പ്രതിഷേധിക്കുന്നവരെ അറസ്റ്റ് ചെയ്യില്ലെന്നും അദ്ദേഹം പറഞ്ഞു. കര്‍ബി ആങ്‌ലോങ്ങില്‍ 300 മണിക്കൂര്‍ ബന്ദാണ് ഇപ്പോള്‍ നടക്കുന്നത്.

കര്‍ബി സംഘടനാ നേതാക്കളുമായുള്ള ചര്‍ച്ചയ്ക്കുശേഷം മുഖ്യമന്ത്രി ഡല്‍ഹിയിലേക്ക് പോയി. പ്രധാനമന്ത്രിയെയും സോണിയയെയും അദ്ദേഹം സംസ്ഥാനത്തെ സ്ഥിതിഗതികള്‍ ധരിപ്പിക്കും. എന്നാല്‍, അസമിനെ വിഭജിക്കണമെന്ന ആവശ്യത്തോട് ഗൊഗോയിക്ക് എതിര്‍പ്പാണുള്ളത്.

അതേസമയം പുതിയ സംസ്ഥാനം വേണമെന്ന ആവശ്യം ഉപേക്ഷിക്കാമെന്നും കേന്ദ്രഭരണപ്രദേശമായി പ്രഖ്യാപിച്ചാല്‍ മതിയെന്നും ബോഡോലാന്‍ഡ് സംസ്ഥാനത്തിനുവേണ്ടി പ്രക്ഷോഭം നടത്തുന്ന സംഘടനകള്‍ സംസ്ഥാന സര്‍ക്കാറിനെ അറിയിച്ചിട്ടുണ്ട്.

Latest news