LATEST NEWS » INDIA
  Aug 13, 2013
അഹന്ത വെടിയണമെന്ന് മമതയോട് വരുണ്‍ ഗാന്ധി


കൊല്‍ക്കത്ത:മുന്‍കാലങ്ങളില്‍ ബി.ജെ.പി. നല്‍കിയ സഹായങ്ങള്‍ ഓര്‍ക്കണമെന്നും അഹന്ത ഉപേക്ഷിക്കണമെന്നും ബി.ജെ.പി. ദേശീയ ജനറല്‍സെക്രട്ടറി വരുണ്‍ഗാന്ധി ബംഗാള്‍ മുഖ്യമന്ത്രി മമതാബാനര്‍ജിയോട് ആവശ്യപ്പെട്ടു.

''മമത ഇപ്പോള്‍ ഒരു വലിയ രാഷ്ട്രീയനേതാവാണ്. പക്ഷേ, അവര്‍ക്ക് പാര്‍ലമെന്‍റില്‍ ഒരു എം.പി. മാത്രമുണ്ടായിരുന്ന കാലം എനിക്ക് ഇപ്പോഴും ഓര്‍മയുണ്ട്. പാര്‍ലമെന്‍റില്‍ അവര്‍ രാജിക്കത്ത് വലിച്ചെറിഞ്ഞ സമയത്ത് അവര്‍ക്ക് പിന്തുണനല്‍കാന്‍ ബി.ജെ.പി. മാത്രമേ ഉണ്ടായിരുന്നുള്ളൂ.'' - ബി.ജെ.പി. പ്രവര്‍ത്തകരെ അഭിസംബോധനചെയ്ത് വരുണ്‍ പറഞ്ഞു. 1993-ല്‍ നരസിംഹറാവു മന്ത്രിസഭയില്‍ സ്‌പോര്‍ട്‌സ് മന്ത്രിസ്ഥാനത്തുനിന്ന് മമത രാജിവെച്ച കാര്യം ഓര്‍മിപ്പിക്കുകയായിരുന്നു വരുണ്‍.

''കോണ്‍ഗ്രസ് പുറത്താക്കിയപ്പോള്‍ അവര്‍ക്ക് എന്‍.ഡി.എ. മന്ത്രിസഭയില്‍ പ്രധാനവകുപ്പുകള്‍ നല്‍കി പിന്തുണ നല്‍കിയത് വാജ്‌പേയിയും അദ്വാനിയുമാണ്. അവര്‍ അത് മറക്കരുത്. അഹന്ത പല വലിയ രാജ്യങ്ങളെയും തകര്‍ത്തിട്ടുണ്ട്.''- വരുണ്‍ പറഞ്ഞു.

ബംഗാളിലെ തൃണമൂല്‍സര്‍ക്കാര്‍ ബി.ജെ.പി. പ്രവര്‍ത്തകരെ ഉപദ്രവിക്കുന്നത് തുടര്‍ന്നാല്‍ ആറുമാസം കഴിയുമ്പോള്‍ ബി.ജെ.പി.യുടെ നേതൃത്വത്തില്‍ കേന്ദ്രത്തില്‍ വരാന്‍പോകുന്ന സര്‍ക്കാര്‍ അതിന് പ്രതികാരം ചെയ്യുമെന്ന് വരുണ്‍ഗാന്ധി മുന്നറിയിപ്പ് നല്‍കി. രണ്ടുദിവസത്തെ സന്ദര്‍ശനത്തിനായി കൊല്‍ക്കത്തയിലെത്തിയതായിരുന്നു പാര്‍ട്ടിയില്‍ ബംഗാളിന്റെ ചുമതലയുള്ള വരുണ്‍.

Latest news