LATEST NEWS » KERALA
  Aug 13, 2013
സ്മാര്‍ട്ട്‌സിറ്റിക്ക് കെട്ടിടനിര്‍മ്മാണ അനുമതിയായി
കൊച്ചി: സ്മാര്‍ട്ട്‌സിറ്റിക്ക് കെട്ടിട നിര്‍മ്മാണ അനുമതിയായി. അടുത്ത വര്‍ഷം അവസാനത്തോടെ ആദ്യകെട്ടിടം പൂര്‍ത്തിയാകുമെന്ന് സ്മാര്‍ട്ട്‌സിറ്റി വൈസ് ചെയര്‍മാന്‍ അബ്ദുള്‍ലത്തീഫ് അല്‍മുല്ല വ്യക്തമാക്കി.

തിങ്കളാഴ്ച ചേര്‍ന്ന ഏകജാലക ബോര്‍ഡ് യോഗത്തിലാണ് തീരുമാനമായത്. ഇതോടെ നിര്‍മ്മാണത്തിന് മുന്നോടിയായുള്ള അനുമതികളെല്ലാം സ്മാര്‍ട്ട്‌സിറ്റിക്ക് ലഭിച്ചു. അനുമതി ഔദ്യോഗികമായി ലഭിക്കുന്നതിന് മുന്നോടിയായി സ്മാര്‍ട്ട്‌സിറ്റി സംഘം പാരിസ്ഥിതിക അനുമതി ബോര്‍ഡിന് ഈയാഴ്ച സത്യവാങ്മൂലം സമര്‍പ്പിക്കുമെന്ന് സ്മാര്‍ട്ട്‌സിറ്റി മാനേജിങ് ഡയറക്ടര്‍ ബാജു ജോര്‍ജ് പറഞ്ഞു.

കാക്കനാട്ടെ പദ്ധതി പ്രദേശത്ത് പൈലിങ് നടത്തുന്നതിനുള്ള കമ്പനിയെ രണ്ടാഴ്ചയ്ക്കകം തീരുമാനിക്കാനാണ് സ്മാര്‍ട്ട്‌സിറ്റി അധികൃതര്‍ ലക്ഷ്യമിടുന്നത്. ഭൂമിയൊരുക്കല്‍ നടപടികള്‍ക്ക് ഇപ്പോള്‍ തുടക്കം കുറിച്ചിട്ടുണ്ട്. മണ്ണ് പരിശോധന പൂര്‍ത്തിയായിട്ടുണ്ട്. പദ്ധതി പ്രദേശത്ത് മരങ്ങള്‍ പറിച്ചുമാറ്റിവെയ്ക്കുന്നതുള്‍പ്പെടെയുള്ള നടപടികള്‍ ഇനിയും പൂര്‍ത്തിയാകാനുണ്ട്. 180 കോടി രൂപ ചെലവിലാണ് ആദ്യ കെട്ടിടം ആസൂത്രണം ചെയ്യുന്നത്. ആദ്യ കെട്ടിടത്തിനൊപ്പം കടമ്പ്രയാറിന് കുറുകെ ഒരു പാലവും നിര്‍മ്മിക്കുന്നുണ്ട്.

ഏകജാലക ബോര്‍ഡിന്റെ ചെയര്‍മാനായ ഐ.ടി.പ്രിന്‍സിപ്പല്‍ സെക്രട്ടറി പി.എച്ച്.കുര്യന്റെ അധ്യക്ഷതയിലായിരുന്നു യോഗം.

Latest news