LATEST NEWS » KERALA
  Aug 13, 2013
കേരളത്തില്‍ പാചകവാതക സബ്‌സിഡി അടുത്ത മാസം മുതല്‍ ബാങ്ക് വഴി
ന്യൂഡല്‍ഹി:കേരളത്തിലെ 12 ജില്ലകളില്‍കൂടി സപ്തംബര്‍ മുതല്‍ പാചകവാതക സബ്‌സിഡി ബാങ്ക് വഴിയാക്കുന്നു. ഇതോടെ സംസ്ഥാനത്ത് പൂര്‍ണമായും ആധാര്‍ നിയന്ത്രിത ബാങ്ക് അക്കൗണ്ട് വഴിയായിരിക്കും പാചകവാതക സബ്‌സിഡി ഉപഭോക്താക്കള്‍ക്ക് നല്‍കുന്നത്. പത്തനംതിട്ട, വയനാട് ജില്ലകളില്‍ ജൂണില്‍ പദ്ധതി നടപ്പാക്കിയിരുന്നു.

ഇതനുസരിച്ച് ഉപഭോക്താവ് സിലണ്ടര്‍ ബുക്ക് ചെയ്യുമ്പോള്‍ സബ്‌സിഡിപ്പണമായ 435 രൂപ ആധാര്‍ ബന്ധിതമായ ബാങ്ക് അക്കൗണ്ടിലേക്ക് വരും. ഉപഭോക്താവ് വിപണിവില നല്‍കിയാണ് ഏജന്‍സിയില്‍ നിന്ന് സിലിണ്ടര്‍ വാങ്ങേണ്ടത്.

ഇന്ത്യയൊട്ടാകെ 20 ജില്ലകളില്‍ നടത്തിയ പരീക്ഷണം വിജയമാണെന്ന് കണ്ടതോടെയാണ് പദ്ധതി രാജ്യത്തെ 35 ജില്ലകളിലേക്ക് വ്യാപിപ്പിക്കുന്നത്. കേരളത്തിന് പുറമെ ആന്ധ്രയിലെ ഏഴ്, ഹിമാചല്‍പ്രദേശിലെ ഏഴ്, പഞ്ചാബിലെ അഞ്ച്, മധ്യപ്രദേശിലെ രണ്ട് ജില്ലകളിലും മഹാരാഷ്ട്ര, ഗോവ എന്നിവിടങ്ങളിലെ ഓരോ ജില്ലകളിലുമാണ് പദ്ധതി അടുത്തമാസമാദ്യം മുതല്‍ നിലവില്‍ വരിക.

ആദ്യഘട്ടം പദ്ധതി നടപ്പാക്കിയ 20 ജില്ലകളില്‍ 40 ലക്ഷം ഇടപാടുകളിലൂടെ 150.6 കോടി രൂപയാണ് ഉപഭോക്താക്കളുടെ അക്കൗണ്ടിലേക്ക് എത്തിയത്. കരിഞ്ചന്തയും ഇടത്തട്ടുകാരുടെ ചൂഷണവും തടയാന്‍ ഇതുവഴിയായെന്നാണ് സര്‍ക്കാറിന്റെ വിലയിരുത്തല്‍.

Latest news