LATEST NEWS » KERALA
  Aug 13, 2013
കേന്ദ്രസേനയ്ക്ക് ചെലവ് 30 ലക്ഷം-തിരുവഞ്ചൂര്‍
തിരുവനന്തപുരം: ഉപരോധം നേരിടാന്‍ കേന്ദ്രസേനയെ എത്തിച്ചതിന് തിങ്കളാഴ്ച വരെ 30 ലക്ഷം രൂപ ചെലവായതായി മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. ആഗസ്ത് പത്തിന് ആറ് കമ്പനിയും 11ന് 10 കമ്പനിയും അര്‍ദ്ധ സൈനികരാണ് നഗരത്തിലെത്തിയത്. ഒരു കമ്പനിക്ക് ദിവസം 1.10 ലക്ഷം രൂപയാണ് ചെലവാകുന്നതെന്നും അദ്ദേഹം പത്രസമ്മേളനത്തില്‍ പറഞ്ഞു. 30 കോടി ചെലവായെന്നും മറ്റുമുള്ള ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണ്. 2009 ല്‍ കേന്ദ്രസേന 15 ദിവസം കേരളത്തില്‍ ഉണ്ടായിരുന്നു. അതിന് എത്ര ചെലവായെന്ന് ആരോപണം ഉന്നയിക്കുന്നവര്‍ പരിശോധിക്കട്ടേയെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.

സെക്രട്ടേറിയറ്റിന്റെ കന്‍േറാണ്‍മെന്‍റ് ഗേറ്റില്‍ നിന്ന് സമരക്കാര്‍ വിട്ടുനിന്നതിന് പിന്നില്‍ യാതൊരു ധാരണയുമില്ലെന്നും ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു. ഉപരോധത്തില്‍ നിന്ന് കന്‍േറാണ്‍മെന്‍റ് ഗേറ്റ് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷത്തിന് കത്ത് നല്‍കിയിരുന്നു. അങ്ങനെ ഒരു ആശയവിനിമയം മാത്രമാണ് ഇക്കാര്യത്തില്‍ നടന്നിട്ടുള്ളത്.

അസൗകര്യങ്ങള്‍ മറികടന്ന് ജോലിക്കെത്തിയ ജീവനക്കാരെ അദ്ദേഹം അഭിനന്ദിച്ചു. ജോലിക്കെത്തിയ ജീവനക്കാര്‍ക്ക് സര്‍ക്കാര്‍ പൂര്‍ണസംരക്ഷണം നല്‍കിയിട്ടുണ്ട്. സ്വാതന്ത്ര്യദിനാഘോഷ റിഹേഴ്‌സലിന് എത്തിയ എന്‍.സി.സി. കേഡറ്റുകളെ സെന്‍ട്രല്‍ സ്റ്റേഡിയത്തിലേക്ക് കടത്തിവിടാതിരുന്നത് ദേശാഭിമാന ബോധമുള്ളവരുടെ രക്തം തിളയ്ക്കുന്ന സംഭവമായിപ്പോയി.

പോലീസ് പൂര്‍ണമായും ആത്മസംയമനം പാലിച്ചതിനാലാണ് ഉപരോധം ഇത്രയും സമാധാനപരമായത്. മുന്‍ പ്രധാനമന്ത്രി ദേവഗൗഡ എത്തുന്നത് സംബന്ധിച്ച് സര്‍ക്കാരിന് യാതൊരുവിധ ഔദ്യോഗിക അറിയിപ്പും ലഭിച്ചിട്ടില്ലെന്നും അതിനാലാണ് പ്രത്യേക സൗകര്യം ഒരുക്കാനാവാതെ പോയതെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രിയും സോളാര്‍ കേസിലെ പ്രതി സരിത എസ്. നായരും ഒരുമിച്ചുള്ള ചിത്രത്തെക്കുറിച്ച് പരിശോധന നടക്കട്ടേയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Latest news