LATEST NEWS » KERALA
  Aug 13, 2013
മുതിര്‍ന്ന പൗരന്‍മാര്‍ക്ക് പ്രത്യേക ഒ.പി.
തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ സ്വകാര്യ ആശുപത്രികളിലും മുതിര്‍ന്ന പൗരന്‍മാര്‍ക്ക് പ്രത്യേക ചികിത്സ ഉറപ്പുവരുത്താനുള്ള പദ്ധതി ഐ.എം.എ. ആവിഷ്‌കരിച്ചു. പദ്ധതിയുടെ ഭാഗമാകുന്ന ആശുപത്രികളില്‍ മുതിര്‍ന്ന പൗരന്‍മാരുടെ ചികിത്സയ്ക്ക് വേണ്ടി പ്രത്യേകം ഒ.പി. ദിനം ഉണ്ടായിരിക്കും. ലാബ്, ഫാര്‍മസി തുടങ്ങിയ സ്ഥലങ്ങളില്‍ പ്രത്യേക ക്യൂവും നടപ്പിലാക്കും.

കേരളത്തില്‍ 12 ശതമാനത്തിലധികം വൃദ്ധജനസംഖ്യ ഉണ്ടെന്നത് കണക്കാക്കി ഇവരുടെ പരിരക്ഷയ്ക്കും ചികിത്സയ്ക്കും അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് ഐ.എം.എ. ആവശ്യപ്പെട്ടു. ശാരീരിക വൈകല്യങ്ങള്‍ ഉള്ളവര്‍ക്കുള്ള പ്രത്യേക ഉപകരണങ്ങളും ചികിത്സാ സഹായികളും ലഭിക്കും. ഐ.എം.എ. ദേശീയതലത്തില്‍ നടപ്പിലാക്കുന്ന വൃദ്ധജന പരിചരണ പദ്ധതിയുടെ ഭാഗമായി ഡോക്ടര്‍മാര്‍ക്ക് പ്രത്യേക പരിശീലന പരിപാടി സംഘടിപ്പിച്ചു.

പരിശീലന പരിപാടി ഐ.എം.എയുടെ ദേശീയ പ്രസിഡന്‍റ് ഡോ.കെ.വിജയകുമാര്‍ ഉദ്ഘാടനം ചെയ്തു. ഐ.എം.എ. ദേശീയ സെക്രട്ടറി ജനറല്‍ ഡോ. നരേന്ദ്ര സൈനി, ദേശീയ ഉപദേശക സമിതിയംഗം ഡോ.എന്‍. അപ്പാറാവു, ഐ.എം.എ. സംസ്ഥാന പ്രസിഡന്‍റ് ഡോ.കെ.വി.ദേവദാസ്, സംസ്ഥാന സെക്രട്ടറി ഡോ.എ.വി.ജയകൃഷ്ണന്‍, അഡീഷണല്‍ ഡി.എച്ച്.എസ്. ഡോ.പ്രദീപ് എന്നിവര്‍ സംസാരിച്ചു. ഡോ.ശ്രീജിത്ത് എന്‍.കുമാര്‍, ഡോ. എ.കെ.അബ്ദുള്‍ ഖാദര്‍, ഡോ. സുനില്‍ കെ.എസ്, ഡോ.കെ.എ.കബീര്‍, ഡോ. സജീവ് എസ്.നായര്‍, ഡോ. ബി.ജയപ്രസാദ്, ഡോ. സി.ജോണ്‍പണിക്കര്‍, ഡോ. കിഷോര്‍, ഡോ.പ്രിയ വിജയകുമാര്‍, ഡോ.ടി.ശ്രീധരന്‍ ഉണ്ണി, ഡോ.ആര്‍.അയ്യപ്പന്‍ നായര്‍, ഡോ.ജോര്‍ജ് സക്കറിയ എന്നിവര്‍ ക്ലാസ്സുകള്‍ കൈകാര്യം ചെയ്തു.

Latest news