TOP STORIES TODAY
  Aug 13, 2013
അതിര്‍ത്തിയിലെ സ്വാതന്ത്ര്യത്തിമിര്‍പ്പിന് മലയാളി സ്‌നേഹസ്‌പര്‍ശം
ഇംഫാല്‍: അതിര്‍ത്തിപ്പട്ടണമായ മൊറെയില്‍ ആഗസ്ത് 15 വരെ അഞ്ച് ദിവസം ബന്ദാണ്. പക്ഷേ, രാജ്യത്തിന്റെ സ്വാതന്ത്ര്യദിനാഘോഷം സായുധമായ പ്രതിഷേധങ്ങള്‍ക്കിടയിലും മുടങ്ങാറില്ല. ഇവിടെ കഴിഞ്ഞ പത്ത് വര്‍ഷമായി ആഘോഷങ്ങള്‍ക്ക് പൊലിമയും രൂപവും നല്കുന്നത് ഒരു കേരളീയനാണ്. അതിരിന് അപ്പുറവും ഇപ്പുറവും സ്വീകാര്യനായ ഗംഗാധര്‍ ഭായ്.

കേരളീയരുടെ പ്രവാസ ജീവിതത്തിന്റെ ആദ്യഘട്ടമായ മ്യാന്മറിലേക്കുള്ള കവാടമാണ് മൊറെ. തൃക്കരിപ്പൂര്‍ കന്നുവീട് സ്വദേശിയായ വൈക്കത്ത് ഗംഗാധരന്‍ മുപ്പതുവര്‍ഷമായി മണിപ്പൂര്‍ സംസ്ഥാന സര്‍വീസിലുണ്ട്. വിവിധ തദ്ദേശീയ വിഭാഗങ്ങളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ബന്ദും ബ്ലോക്കേഡുകളും ഉപരോധങ്ങളും എല്ലാം നിരന്തരം ആവര്‍ത്തിക്കുമ്പോഴും ഇവയ്ക്കിടയില്‍ ഗംഗാ ഭായിയുടെ വാക്കുകള്‍ക്ക് ഇടമുണ്ട്.

ഇത്തവണയും പരേഡും ആഘോഷപരിപാടികളും പതിവ് തയാറെടുപ്പുകളോടെ മുന്നേറുകയാണ്. എല്ലാത്തിനുമിടയില്‍ ആദ്യവസാനം എ.ഡി.സി. ഓഫീസിലെ സീനിയര്‍ ഹെഡ് ക്ലര്‍ക്കായ ഗംഗാ ഭായിയുണ്ട്. സംഘാടകനായി മാത്രമല്ല, എല്ലാ വിഭാഗങ്ങള്‍ക്കുമിടയില്‍ സഹകരണത്തിന്റെ മുഖ്യകണ്ണിയായി.

പ്രതിഷേധങ്ങളും പ്രശ്‌നങ്ങളും പ്രത്യക്ഷമായ രൂപഭവങ്ങളിലല്ല ഇവിടെ സംഭവിക്കുന്നത്. പെട്ടെന്ന് പൊട്ടിപ്പുറപ്പെടുകയാണ്. കാരണമായി പരസ്പര വിശ്വാസത്തിനിടയിലെ ഒരു നിഴലനക്കം മതി. പക്ഷേ, ഗംഗാധരന്റെ സാന്നിധ്യത്തില്‍ത്തന്നെ ഇതിനുള്ള പരിഹാരമുണ്ട്. ഒപ്പം പൂര്‍വിക ബന്ധങ്ങളുള്ള മലയാളികളുടെയും തമിഴ് വംശജരുടെയും പിന്തുണയുമുണ്ട്. കുക്കി ഗോത്രവര്‍ഗത്തിനും മൈത്തേയികള്‍ക്കുമാണ് ഇവിടെ പ്രാമുഖ്യം. ഒപ്പത്തിനൊപ്പം തമിഴ് വംശജരും മലയാളി പിന്തുടര്‍ച്ചക്കാരുമുണ്ട്.

നിസ്സഹകരണ ആഹ്വാനങ്ങള്‍ക്കിടയിലും ഇവരെല്ലാം സ്വാതന്ത്ര്യദിനാഘോഷത്തില്‍ പങ്കാളികളാവും. തമിഴ്-മലയാളി ബന്ധങ്ങള്‍ക്കിടയിലും ഗംഗാധരന്റെ സ്‌നേഹ സാന്നിധ്യമാണ് മുഖ്യം. എല്ലാവര്‍ക്കുമിടയില്‍ ഒരാളാണ് ഇദ്ദേഹം. മൊറെയിലെ പരമ്പരാഗത വിഭാഗങ്ങളും ഇതേപോലെ ഗംഗാധര്‍ ഭായിയെ മറ്റൊരാളായി കാണുന്നില്ല.

സ്വാതന്ത്ര്യദിനാഘോഷങ്ങളില്‍ പങ്കാളിയാവാന്‍ അഡീഷണല്‍ ഡെപ്യൂട്ടി കമ്മീഷണര്‍ റേബേര്‍ട് സിങ് ക്ഷേത്രിമായു ഒരാഴ്ച മുമ്പുതന്നെ മൊറെയില്‍ തങ്ങുകയാണ്. ഇതാണ് പതിവ്. കാരണം ഇംഫാലില്‍നിന്നുള്ള 110 കിലോമീറ്റര്‍, വിശേഷ ദിവസങ്ങളില്‍ അനിശ്ചിതത്വങ്ങളാല്‍ നിര്‍ണയിക്കപ്പെടുന്നതാണ്. അഞ്ച് ദിവസം ഇതുവഴിയുള്ള ഗതാഗതം ബന്ദനുകൂലികള്‍ തടയും. പക്ഷേ, മൊറെയില്‍ മലയാളത്തോടും തമിഴിനോടുമുള്ള കറയില്ലാത്ത ബന്ധം പോറലില്ലാതെ തുടരുന്നു. ഈ ബോധം സ്വാതന്ത്ര്യദിനത്തെയും പൊലിമ കെടാതെ സൂക്ഷിക്കുന്നു.




Other News in this section
കൊക്കയിലേയ്ക്ക് മറിഞ്ഞ കാറില്‍ കുടുംബം കഴിഞ്ഞത് നാല് മണിക്കൂര്‍
എടക്കര: വന്യമൃഗങ്ങള്‍ വിഹരിക്കുന്ന കാട്ടിലെ 200 അടി താഴ്ചയുള്ള കൊക്കയിലേക്ക് മറിഞ്ഞ കാറില്‍ കുടുങ്ങി ഒരു കുടുംബം രാത്രി കഴിഞ്ഞത് നാലുമണിക്കൂര്‍. കാര്‍ പൂര്‍ണമായി തകര്‍ന്നെങ്കിലും നാലംഗകുടുംബം അദ്ഭുതകരമായി രക്ഷപ്പെട്ടു. കോഴിക്കോട് എച്ച്.ഡി.എഫ്.സി. ബാങ്ക് മാനേജര്‍ ശൈലേഷ് കുമാറും കുടുംബവുമാണ് ഭീതിയുടെ നാല് മണിക്കൂറുകള്‍ താണ്ടി ജീവിതത്തിലേക്ക് തിരിച്ചെത്തിയത്. ചൊവ്വാഴ്ച ..

Latest news