LATEST NEWS » KERALA
  Aug 13, 2013
ലൈറ്റും ഫാനുമില്ല, കൂരിരുട്ടില്‍ ഏറനാട് എക്‌സ്പ്രസില്‍ ദുരിതയാത്ര
കൊല്ലം: കാറ്റും വെളിച്ചവും ഇല്ലാത്ത ബോഗികളില്‍ ശ്വാസം വിടാനാവാതെ തീവണ്ടിയാത്ര. തിങ്കളാഴ്ച മംഗലാപുരത്തു നിന്ന് നാഗര്‍കോവിലിലേക്കു വന്ന ഏറനാട് എക്‌സ്പ്രസിലെ യാത്രക്കാര്‍ക്കായിരുന്നു ഈ നരകയാതന.

രാവിലെ 7.20ന് മംഗലാപുരത്തു നിന്ന് തീവണ്ടി പുറപ്പെട്ട് അധികം വൈകും മുമ്പേ ചില ബോഗികളിലെ ലൈറ്റും ഫാനും ജീവനറ്റു. യാത്രക്കാര്‍ റെയില്‍വേ അധികൃതരെ അറിയിച്ചെങ്കിലും ബോഗിക്കുള്ളില്‍ വിയര്‍ത്തൊലിക്കാനായിരുന്നു യാത്രക്കാരുടെ വിധി. സീസണ്‍ ടിക്കറ്റിന്റെ പേരില്‍ യാത്രക്കാരെ റെയില്‍വേ പീഡിപ്പിക്കുമ്പോഴാണ് ഈയൊരനുഭവം.

മണിക്കൂറുകള്‍ കഴിഞ്ഞ് ഇരുട്ടാകുമ്പോഴെങ്കിലും ലൈറ്റ് കത്തുമെന്നും ഫാന്‍ കറങ്ങുമെന്നും പ്രതീക്ഷിച്ചെങ്കിലും തെറ്റി. ഇതിനിടെ ഓഫീസ് വിട്ടിറങ്ങിയവരും വിദ്യാര്‍ത്ഥികളുമൊക്കെ കയറിയതോടെ തീവണ്ടിയില്‍ സൂചി കുത്താന്‍ ഇടമില്ലാതായി. ഒന്നു ചലിക്കാന്‍ പോലുമാകാതെ ഭീകരാവസ്ഥയിലായിരുന്നു തുടര്‍ന്നുള്ള യാത്ര. വീണ്ടും പലതവണ പരാതിപ്പെട്ടെങ്കിലും തീവണ്ടിയില്‍ വെളിച്ചം വന്നില്ല.

തീവണ്ടി ആലപ്പുഴ എത്തിയതോടെ ഇരുട്ട് വീണുതുടങ്ങി. സാമൂഹികവിരുദ്ധരും യാചകരും വെളിച്ചമില്ലാത്ത ബോഗികളില്‍ തള്ളിക്കയറി. വനിതായാത്രക്കാര്‍ നിസ്സഹായരായി. ഇരുട്ടിന്റെ മറവില്‍ മോഷണവും ഉപദ്രവവുമുണ്ടാകുമെന്ന് യാത്രക്കാര്‍ ഭയന്നു. സഹായത്തിന് പോലീസിനെ തിരഞ്ഞെങ്കിലും ആരെയും കണ്ടില്ല. ഒടുവില്‍ യാത്രക്കാര്‍ സംഘടിച്ച് ബഹളം വച്ചതോടെയാണ് സാമൂഹികവിരുദ്ധര്‍ ബോഗി വിട്ടുപോയത്.

രാത്രി എട്ടുമണിയോടെ തീവണ്ടി കൊല്ലത്ത് എത്തിയപ്പോള്‍ സ്റ്റേഷനില്‍ 'ഡിപ്പാര്‍ട്ട്‌മെന്‍റ് അനൗണ്‍സ്‌മെന്‍റ്' എന്ന അറിയിപ്പ് വന്നു. 'ഏറനാട് എക്‌സ്പ്രസ്സിന്റെ ഡി3 കോച്ച് ഇലക്ട്രിക്കല്‍ സ്റ്റാഫ് അറ്റന്‍റ് ചെയ്യുക' എന്നായിരുന്നു അറിയിപ്പ്. മംഗലാപുരത്ത് നിന്നും പുറപ്പെട്ട തീവണ്ടി 12 മണിക്കൂര്‍ ഓടി കൊല്ലത്ത് എത്തിയപ്പോഴാണ് തകരാര്‍ പരിഹരിക്കാന്‍ റെയില്‍വേ ഒന്നനങ്ങിയത്.

തിരുവനന്തപുരം, കൊല്ലം മേഖലകളില്‍ റെയില്‍വേ ഉദ്യോഗസ്ഥരും യാത്രക്കാരും തമ്മില്‍ സംഘര്‍ഷം പതിവാണ്. പരവൂരില്‍ തീവണ്ടി തടഞ്ഞതിന്റെ പേരില്‍ സീസണ്‍കാരടക്കമുള്ള യാത്രക്കാരെ ആര്‍.പി.എഫ്. അറസ്റ്റു ചെയ്ത് പീഡിപ്പിക്കുന്നതായി പരാതി ഉയര്‍ന്നിരുന്നു.

എന്നാല്‍ അടിസ്ഥാന സൗകര്യങ്ങള്‍ നല്‍കാതെ യാത്രക്കാരെ പീഡിപ്പിക്കുന്നതിനെപ്പറ്റി റെയില്‍വേ മിണ്ടുന്നുമില്ല. റെയില്‍വേയ്‌ക്കെതിരെ കേന്ദ്രമന്ത്രിയടക്കം ഉള്ളവര്‍ക്കു നല്‍കാന്‍ കൊല്ലത്ത് പാസഞ്ചേഴ്‌സ് അസോസിയേഷന്‍ ഒപ്പുശേഖരണം തുടങ്ങിയ ദിവസം തന്നെയായിരുന്നുഏറനാടില്‍ യാത്രക്കാരെ റെയില്‍വേ ശ്വാസം മുട്ടിച്ചത്. ഇതിനെതിരെ യാത്രക്കാര്‍ മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കുമെന്നറിയിച്ചിട്ടുണ്ട്.

Latest news