LATEST NEWS
  Jul 31, 2013
ലാവലിന്‍ : പിണറായിക്കെതിരെ തെളിവുണ്ടെന്ന് സിബിഐ
കൊച്ചി: ലാവലിന്‍ കേസില്‍ സിപിഎം സംസ്ഥാന സെക്രട്ടറിയും മുന്‍ വൈദ്യുതി മന്ത്രിയുമായ പിണറായി വിജയന് വ്യക്തമായ പങ്കുണ്ടെന്ന് സിബിഐ സത്യവാങ്മൂലം നല്‍കി.

വൈദ്യുതിബോര്‍ഡ് സെക്രട്ടറിയുടെ നിര്‍ദ്ദേശം അവഗണിച്ചാണ് ലാവലിന്‍ കമ്പനിയുമായി കരാറില്‍ ഏര്‍പ്പെട്ടതെന്ന് സത്യവാങ്മൂലത്തില്‍ പറയുന്നു. സാങ്കേതിക പരിശോധനക്കായി കാനഡയില്‍ സന്ദര്‍ശനത്തിനെത്തിയ പിണറായി വിജയനൊപ്പം സാങ്കേതിക വിദഗ്ധര്‍ ഇല്ലായിരുന്നുവെന്നും സി ബി ഐ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

നിയമസഭാ സ്പീക്കറും മുന്‍ വൈദ്യുതി മന്ത്രിയുമായ ജി. കാര്‍ത്തികേയനെതിരെ തെളിവില്ലെന്നും അന്വേഷണസംഘം തിരുവനന്തപുരത്തെ സിബിഐ കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു.

2009ലാണ് കേസില്‍ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചത്. കേസ് ആദ്യം വിജിലന്‍സ് അന്വേഷിച്ചപ്പോള്‍ പിണറായി വിജയന്‍ പ്രതിയായിരുന്നില്ല. എന്നാല്‍ , 2007 ജനവരിയില്‍ സി.ബി.ഐ. കേസ് ഏറ്റെടുത്ത ശേഷമാണ് പ്രതിസ്ഥാനത്ത് ചേര്‍ത്തത്.

1996 - 98 കാലത്ത് പിണറായി വിജയന്‍ വൈദ്യുതി മന്ത്രിയായിരിക്കെയാണ് ലാവലിന്‍ കമ്പനിയുമായി കരാറുണ്ടാക്കിയത്. പന്നിയാര്‍ , ചെങ്കുളം, പള്ളിവാസല്‍ എന്നീ ജലവൈദ്യുത പദ്ധതികളുടെ നവീകരണത്തിനായിരുന്നു അത്.

കരാര്‍ വഴി പൊതു ഖജനാവിന് 374 കോടി രൂപയുടെ നഷ്ടം വന്നിട്ടുണ്ടെന്നാണ് സി.ബി.ഐ. യുടെ കേസ്. വഞ്ചന, ക്രിമിനല്‍ ഗൂഢാലോചന തുടങ്ങിയവയാണ് പിണറായി വിജയന്റെ പേരില്‍ ചുമത്തിയിട്ടുള്ള കുറ്റങ്ങള്‍ .

Latest news