LATEST NEWS
  Jul 31, 2013
ചെറുകക്ഷികളെ അവഗണിക്കില്ല: മുഖ്യമന്ത്രി
തിരുവനന്തപുരം: മന്ത്രിസഭാ പുനസംഘടനയുമായി ബന്ധപ്പെട്ട് ചെറുകക്ഷികളെ അവഗണിക്കില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. എല്ലാവരുമായും ചര്‍ച്ച നടത്തുമെന്നും അദ്ദേഹം പറഞ്ഞു. ഡല്‍ഹിയില്‍ നിന്നും കേരളത്തിലേക്ക് മടങ്ങിയത് തന്നെ ഘടകകക്ഷികളുമായുള്ള ചര്‍ച്ചകള്‍ക്കാണ്. കോണ്‍ഗ്രസുമായും യുഡിഎഫുമായും ബന്ധപ്പെട്ടകാര്യങ്ങള്‍ അവരുമായി ചര്‍ച്ചചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

എം.പി വീരേന്ദ്രകുമാര്‍ , കുഞ്ഞാലിക്കുട്ടി, കെ.എം. മാണി, ഷിബു ബേബി ജോണ്‍ , അനൂപ് ജേക്കബ് എന്നിവരുമായി ചര്‍ച്ചകള്‍ നടന്നു. മറ്റുള്ളവരുമായി ഉടന്‍ സംസാരിക്കും. മന്ത്രിസഭാ തീരുമാനങ്ങള്‍ അറിയിക്കാനായി വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ഉമ്മന്‍ചാണ്ടി.

പുനസംഘടനയുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ നിന്ന് ഒഴിവാക്കിയതില്‍ യു.ഡി.എഫിലെ ചെറിയ ഘടക കക്ഷികള്‍ക്ക് അസംതൃപ്തി പ്രകടിപ്പിച്ചിരുന്നു. ചര്‍ച്ചകള്‍ക്ക് മുസ്‌ലിം ലീഗിനേയും കേരള കോണ്‍ഗ്രസിനേയും (എം) മാത്രം ഡല്‍ഹിയിലേക്ക് വിളിപ്പിച്ചതിലാണ് വിയോജിപ്പ്.ഇതേത്തുടര്‍ന്നാണ് മുഖ്യമന്ത്രി വിശദീകരണം നല്‍കിയത്.

കേരള കോണ്‍ഗ്രസ് (ബി), ജേക്കബ്, സി.എം.പി, ജെ.എസ്.എസ് നേതാക്കളാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. മുന്നണി തീരുമാനങ്ങള്‍ അറിയുന്നത് മാധ്യമങ്ങളിലൂടെയാണെന്നും യു.ഡി.എഫില്‍ തങ്ങള്‍ക്ക് ഇല പുറത്താണെന്നും ആര്‍.ബാലകൃഷ്ണപിള്ള പ്രതികരിച്ചു. യു.ഡി.എഫ് ഉണ്ടാക്കിയവരില്‍ ഒരാളാണ് താനെന്നും മുന്നണി തീരുമാനങ്ങള്‍ കണ്‍വീനര്‍ പി.പി തങ്കച്ചന്‍ പോലും അറിയുന്നില്ലെന്നും പിള്ള പറഞ്ഞു.

യു.ഡി.എഫില്‍ നിന്ന് തങ്ങളെ ഒഴിവാക്കിയെന്നാണ് ഇപ്പോള്‍ തോന്നുന്നതെന്നും കുഞ്ഞാലിക്കുട്ടിയും മാണിയും മാത്രമാണോ യു.ഡി.എഫ് എന്നും കേരളാ കോണ്‍ഗ്രസ് (ജേക്കബ്) നേതാവ് ജോണി നെല്ലൂര്‍ ചോദിച്ചു. യു.ഡി.എഫ് ഘടകക്ഷിയാണന്നത് ഇപ്പോള്‍ പത്രത്തില്‍ മാത്രമാണെന്നും എല്ലാവരേയും ഉള്‍പ്പെടുത്തി മുന്നോട്ടു പോകുമെന്ന മുഖ്യമന്ത്രിയുടെ വാക്ക് പാഴ്‌വാക്കായെന്നും സി.എം.പി നേതാവ് കെ.ആര്‍ അരവിന്ദാക്ഷന്‍ കുറ്റപ്പെടുത്തി.

ചെറുകക്ഷികളെ അപമാനിക്കുന്ന നടപടിയാണ് യു.ഡി.എഫിന്റേതെന്നും യു.ഡി.എഫില്‍ നാണം കെട്ട അവസ്ഥയാണെന്നും ജെ.എസ്.എസ് നേതാവ് കെ.കെ ഷാജു പറഞ്ഞു.

ഘടകകക്ഷികളില്‍ നിന്ന് എതിര്‍പ്പ് ഉയര്‍ന്നതിനെത്തുടര്‍ന്ന് ചര്‍ച്ചകള്‍ക്കായി യു.ഡി.എഫ് കണ്‍വീനര്‍ പി.പി തങ്കച്ചനും ഇന്ന് ഡല്‍ഹിയിലേക്ക് പോകും. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുമായും പി.പി തങ്കച്ചന്‍ കൂടിക്കാഴ്ച നടത്തും. എല്ലാ കാര്യങ്ങളും ഘടകക്ഷികളുമായി ആലോചിക്കുമെന്നും പരാതികള്‍ മുഖ്യമന്ത്രിയെ അറിയിക്കുമെന്നും പി.പി തങ്കച്ചന്‍ അറിയിച്ചു. അതേസമയം കൂടുതല്‍ ചര്‍ച്ചകള്‍ക്കായി രമേശ് ചെന്നിത്തലയോട് ഡല്‍ഹിയില്‍ തന്നെ തുടരാന്‍ കോണ്‍ഗ്രസ് നേതൃത്വം ആവശ്യപ്പെട്ടു. ചെന്നിത്തല ഇന്ന് എ.കെ ആന്റണിയുമായും കൂടിക്കാഴ്ച നടത്തി. വെകുന്നേരം സോണിയാ ഗാന്ധിയുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും.

Latest news