LATEST NEWS
  Jul 31, 2013
കെ ശിവദാസന്‍ നായരെ കൈയ്യേറ്റം ചെയ്തു; പത്തനംതിട്ടയില്‍ വ്യാഴാഴ്ച ഹര്‍ത്താല്‍
ആറന്മുള: വള്ളസദ്യ ഉദ്ഘാടനം ചെയ്യാനെത്തിയ കെ.ശിവദാസന്‍ നായര്‍ എം എല്‍ എയെ ആറന്മുള വിമാനത്താവളത്തിനെതിരെ സമരം നടത്തുന്ന പൈതൃക ഗ്രാമ കര്‍മസമിതി പ്രവര്‍ത്തകര്‍ കയ്യേറ്റം ചെയ്തു. ഉന്തിലും തള്ളിലും എം എല്‍ എയുടെ വസ്ത്രം കീറി. ഇതേത്തുടര്‍ന്ന് അദ്ദേഹം ചടങ്ങില്‍ പങ്കെടുക്കാതെ മടങ്ങി.

സംഭവത്തില്‍ പ്രതിഷേധിച്ച് നാളെ പത്തനംതിട്ട ജില്ലയില്‍ കോണ്‍ഗ്രസ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. രാവിലെ ആറുമുതല്‍ വൈകിട്ട് ആറുവരെയാണു ഹര്‍ത്താല്‍ . ശബരിമല തീര്‍ഥാടകരെയും ആറന്‍മുള വള്ളസദ്യയില്‍ പങ്കെടുക്കാനെത്തുന്നവരെയും ഒഴിവാക്കുമെന്ന് ഡി.സി.സി പ്രസിഡന്റ് പി. മോഹന്‍രാജ് അറിയിച്ചു.

ശിവദാസന്‍ നായര്‍ ഇന്നലെ സ്ഥലത്ത് എത്തിയതിനെച്ചൊല്ലിയും തര്‍ക്കമുണ്ടായിരുന്നു. ഇന്ന് എം എല്‍ എ എത്തിയാല്‍ പ്രതിഷേധമുണ്ടാകുമെന്ന് ഇന്നലെ തന്നെ കര്‍മസമിതി പ്രവര്‍ത്തകര്‍ പള്ളിയോട സേവാ സമിതിയെ അറിയിച്ചിരുന്നുവെങ്കിലും സ്ഥലം എം എല്‍ എ എന്ന നിലയില്‍ അദ്ദേഹം ചടങ്ങിനെത്തുകയായിരുന്നു.

സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ സ്പീക്കര്‍ ജി കാര്‍ത്തികേയന്‍ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് നിര്‍ദ്ദേശം നല്‍കി. ആഭ്യന്തരമന്ത്രിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് പത്തനംതിട്ട എസ് പി യോട് അന്വേഷണം നടത്താന്‍ ഡി ജി പി ഉത്തരവിട്ടു.

Latest news