LATEST NEWS
  Jul 31, 2013
പ്രശ്‌നങ്ങള്‍ ഹൈക്കമാന്‍ഡ് തീര്‍ക്കുമെന്ന് ചെന്നിത്തല
ന്യൂഡല്‍ഹി: കേരളത്തിലെ പാര്‍ട്ടിയിലെ പ്രശ്‌നങ്ങള്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് തീര്‍ക്കുമെന്ന് കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല അറിയിച്ചു. എ.കെ ആന്റണിയുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

രാഷ്ട്രീയ സാഹചര്യം ആന്‍ണിയുമായി ചര്‍ച്ച ചെയ്‌തെന്നും ല്‍ഹിയില്‍ തുടരണമെന്ന് ഹൈക്കമാന്‍ഡ് ആവശ്യപ്പെട്ടെന്നും ചെന്നിത്തല അറിയിച്ചു. വൈകിട്ട് സോണിയാ ഗാന്ധിയുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും. മന്ത്രിസഭയില്‍ ചേരാന്‍ നേതൃത്വം ചെന്നിത്തലയോട് ശക്തമായി ആവശ്യപ്പെട്ടതായാണ് സൂചന. ഉപമുഖ്യമന്ത്രിസ്ഥാനം നല്‍കി രണ്ടാമനായി രമേശിനെ മന്ത്രിസഭയിലേക്കെത്തിക്കാനാണ് ശ്രമങ്ങള്‍. ഇതേത്തുടര്‍ന്നാണ് ഘടകകക്ഷികളും ചര്‍ച്ചയില്‍ പങ്കാളികളാകുന്നത്.

രമേശ് മന്ത്രിസഭയിലേക്ക് വരണമെന്ന നിലപാടാണ് ലീഗിനും കേരള കോണ്‍ഗ്രസിനുമുള്ളത്. ഇക്കാര്യം അവര്‍ ഹൈക്കമാന്‍ഡിലും ഉന്നയിക്കും. ബുധനാഴ്ച ഡല്‍ഹിക്ക് പോകാനാണ് മുഖ്യമന്ത്രി ആദ്യം തീരുമാനിച്ചിരുന്നതെങ്കിലും യാത്ര മിക്കവാറും വെള്ളിയാഴ്ചയേ ഉണ്ടാകാന്‍ ഇടയുള്ളൂ. ഡല്‍ഹിയില്‍ തെലുങ്കാന സംസ്ഥാന രൂപവത്കരണവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടക്കുന്നതിനാല്‍ ഹൈക്കമാന്‍ഡുമായി സംസാരിക്കാനുള്ള സമയം ലഭിച്ചതിനുശേഷമേ മുഖ്യമന്ത്രിയുടെയും കക്ഷി നേതാക്കളുടെയും യാത്ര ഉണ്ടാകൂ.

Latest news