LATEST NEWS
  Jul 31, 2013
തെലുങ്കാന : ആന്ധ്രാപ്രദേശിലെ നാലുമന്ത്രിമാര്‍ രാജിക്കത്ത് നല്‍കി
ഹൈദരാബാദ് : തെലുങ്കാന സംസ്ഥാന രൂപവത്കരണത്തിനെതിരെ വിവിധ സംഘടനകള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ആന്ധ്രാ തീരങ്ങളിലും റായല്‍സീമ മേഖലയിലും ജനജീവതം സ്തംഭിപ്പിച്ചു. ആന്ധ്രാപ്രദേശിലെ നാല് മന്ത്രിമാര്‍ മുഖ്യമന്ത്രി കിരണ്‍ കുമാര്‍ റെഡ്ഡിക്ക് രാജിക്കത്ത് കൈമാറിയെന്നാണ് റിപ്പോര്‍ട്ടുകള്‍ . നാല് കോണ്‍ഗ്രസ് എം എല്‍ എമാരും രാജിവച്ചിട്ടുണ്ട്. തെലുങ്കാന സംസ്ഥാനം രൂപവത്കരിക്കാനുള്ള കോണ്‍ഗ്രസ് തീരുമാനത്തില്‍ പ്രതിഷേധിച്ചാണ് രാജി.

കടപ്പ, ചിറ്റൂര്‍ , വിശാഖപട്ടണം, കൃഷ്ണ തുടങ്ങിയ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളും കടകളും അടഞ്ഞു കിടക്കുകയാണ്. ആന്ധ്രാപ്രദേശ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ ബസ് സര്‍വീസുകള്‍ റദ്ദാക്കി. ആന്ധ്രാപ്രദേശ് വിഭജിക്കാനുള്ള കോണ്‍ഗ്രസ് തീരുമാനത്തിനെതിരെ വിവിധ സംഘടനകളാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. വിവിധ സംഘടനകള്‍ പ്രതിഷേധ റാലികള്‍ നടത്തി. ഒറ്റപ്പെട്ട അക്രമ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ക്രമസമാധാനം ഉറപ്പുവരുത്താന്‍ സംസ്ഥാന പോലീസിനെയും കേന്ദ്രസേനയെയും വിന്യസിച്ചിട്ടുണ്ട്.

ചൊവ്വാഴ്ച ഡല്‍ഹിയില്‍ ചേര്‍ന്ന യു.പി.എ. ഏകോപനസമിതിയോഗവും കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയോഗവുമാണ് തെലുങ്കാനസംസ്ഥാനം രൂപവത്കരിക്കാന്‍ അനുമതി നല്‍കിയത്. ഹൈദരാബാദിനെ രണ്ട് സംസ്ഥാനങ്ങളുടെയും സംയുക്ത തലസ്ഥാനമായി പത്തുകൊല്ലത്തേക്ക് പ്രഖ്യാപിക്കണമെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി യോഗം നിര്‍ദേശിച്ചു. കേന്ദ്രമന്ത്രിസഭയുടെ പ്രത്യേകയോഗം ഈ നിര്‍ദേശത്തിന് തത്ത്വത്തില്‍ അംഗീകാരം നല്‍കും. രാജ്യത്തെ 29ാമത് സംസ്ഥാനമായിരിക്കും നിര്‍ദിഷ്ട തെലുങ്കാന.



  • Latest news