LATEST NEWS » KERALA
  Jul 31, 2013
എല്ലാ എയ്ഡഡ് കോളേജുകളിലും പുതിയ ഓരോ കോഴ്‌സ് അനുവദിക്കുന്നു
അനീഷ് ജേക്കബ്
* 160 കോളേജുകളില്‍ പുതിയ കോഴ്‌സ്
* 11 മണ്ഡലങ്ങളില്‍ ഗവ. കോളേജുകള്‍ക്ക് സ്ഥലം കണ്ടെത്തി

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ എയ്ഡഡ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജുകളിലും ഓരോ പുതിയ കോഴ്‌സ് അനുവദിക്കുന്നു. 160 ഓളം എയ്ഡഡ് കോളേജുകളിലാണ് പുതിയ കോഴ്‌സ് അനുവദിക്കുന്നത്. ഇതിനുള്ള പട്ടിക സര്‍ക്കാര്‍ തയാറാക്കി. കോളേജ് മാനേജ്‌മെന്‍റുകള്‍ താത്പര്യപ്പെടുന്നതനുസരിച്ച് ഡിഗ്രിയോ, പി.ജി കോഴ്‌സോ ആണ് അനുവദിക്കുക. 2012 - 13 ല്‍ സര്‍ക്കാര്‍ അംഗീകാരത്തോടെ ആരംഭിച്ച സ്വാശ്രയ കോഴ്‌സിനോ, മാനേജ്‌മെന്‍റ് നിര്‍ദേശിക്കുന്ന പുതിയ കോഴ്‌സിനോ ആണ് അനുമതി നല്‍കുന്നത്

ഈ വിഷയം പരിഗണിച്ച മന്ത്രിസഭ നേരത്തെ ഉപസമിതിയെ നിയോഗിച്ചിരുന്നു. ഉപസമിതി മുമ്പാകെ 300 ല്‍പ്പരം കോഴ്‌സുകളുടെ അപേക്ഷ വന്നു. പല കോളേജുകളും ഒന്നില്‍കൂടുതല്‍ കോഴ്‌സുകള്‍ക്ക് അപേക്ഷ നല്‍കി. ഇതേതുടര്‍ന്ന് ഒരു കോളേജിന് ഒരു കോഴ്‌സെന്ന നിലയില്‍ അനുവദിക്കാമെന്ന നയത്തിന് ഉപസമിതി രൂപം നല്‍കി.

മന്ത്രി പി.കെ. അബ്ദുറബ്ബ്, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, പി.ജെ. ജോസഫ്, കെ. ബാബു എന്നിവരടങ്ങുന്നതാണ് ഉപസമിതി. കോളേജുകളുടെ പട്ടികയും അനുവദിക്കേണ്ട കോഴ്‌സും സംബന്ധിച്ച പട്ടിക ഉപസമിതി മന്ത്രിസഭായോഗത്തില്‍ സമര്‍പ്പിക്കാനായി നല്‍കി.

കോഴ്‌സ് അനുവദിക്കുന്നതിനായി നല്‍കിയ കോളേജുകളുടെ എണ്ണം ജില്ല തിരിച്ച് : തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ 12 വീതം, പത്തനംതിട്ട -9, കോട്ടയം-21, എറണാകുളം - 20, ഇടുക്കി-6, തൃശ്ശൂര്‍ -17, പാലക്കാട് - 7, മലപ്പുറം -11, കോഴിക്കോട് -9, വയനാട് - 4, കണ്ണൂര്‍ - 9, കാസര്‍ഗോഡ് -2. പുതുതായി ഒരു കോഴ്‌സ് അനുവദിക്കുമ്പോള്‍ ഡിഗ്രിയാണെങ്കില്‍ അഞ്ചും പി.ജിയാണെങ്കില്‍ മൂന്ന് അധ്യാപക തസ്തികയും പുതുതായി സൃഷ്ടിക്കേണ്ടി വരും. ഒരു കോളേജിന് പ്രതിവര്‍ഷം ഒരു കോടി രൂപയോളം അധിക ബാധ്യതയായി സര്‍ക്കാരിന് വരുമെന്നാണ് കണക്കാക്കുന്നത്.

സര്‍വകലാശാലയുടെ ശുപാര്‍ശയോടെ കോളേജുകള്‍ നല്‍കിയ അപേക്ഷകളാണ് ആദ്യഘട്ടത്തില്‍ പരിഗണിച്ചത്. എന്നാല്‍ എല്ലാ എയ്ഡഡ് കോളേജുകള്‍ക്കും ഓരോ കോഴ്‌സ് അനുവദിക്കാന്‍ തീരുമാനിച്ചപ്പോള്‍ ആവശ്യമുന്നയിക്കാത്ത കോളേജുകളോടും താത്പര്യമറിയിക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചു. ഇതനുസരിച്ച് കോളേജുകള്‍ നല്‍കിയ പട്ടികയില്‍ നിന്ന് മുന്‍ഗണനയില്‍ ആദ്യം ചോദിച്ച കോഴ്‌സിനാണ് അനുമതി നല്‍കുക.

പരമ്പരാഗത കോഴ്‌സുകള്‍ക്കൊപ്പം പുതുതലമുറ കോഴ്‌സുകളും പുതുതായി അനുവദിക്കുന്നവയില്‍ ഉള്‍പ്പെടും. ബി.കോമിനും അതിനൊപ്പം മറ്റ് വിഷയങ്ങള്‍കൂടി ചേര്‍ത്തുള്ള കോമ്പിനേഷനുകള്‍ക്കാണ് ആവശ്യക്കാരേറെയുള്ളത്. ബി.എ ഇംഗ്ലീഷ്, മലയാളം, എം.എ ഇംഗ്ലീഷ്, മലയാളം കോഴ്‌സുകള്‍ക്കാണ് പരമ്പരാഗത വിഭാഗത്തില്‍ താത്പര്യക്കാരേറെ. ബി.ബി. എ, ബി.സി.എ, ട്രാവല്‍ ആന്‍ഡ് ടൂറിസം, കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്, എം.എസ്‌സി ആക്ച്യൂറിയല്‍ സയന്‍സ് എന്നീ കോഴ്‌സുകള്‍ ചോദിച്ചിട്ടുള്ളവരുമുണ്ട്.

ഈ അധ്യയനവര്‍ഷം തന്നെ കോഴ്‌സുകള്‍ ആരംഭിക്കും. മുന്‍ വര്‍ഷം സര്‍ക്കാര്‍ കോളേജുകളില്‍ 59 കോഴ്‌സുകള്‍ക്ക് അനുമതി നല്‍കിയിരുന്നു. ഈ വര്‍ഷം സര്‍ക്കാര്‍ കോളേജുകളില്‍ വേറെ 12 കോഴ്‌സുകളും നിര്‍ദേശിച്ചിട്ടുണ്ട്. അതും ഇക്കൂട്ടത്തില്‍ അനുവദിച്ചേക്കും. നാല് സര്‍ക്കാര്‍ കോളേജുകളില്‍ ബി.എ ഓണേഴ്‌സ് കോഴ്‌സുകള്‍ അനുവദിക്കാനും ഈ വര്‍ഷമാദ്യം സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.

സംസ്ഥാന ബജറ്റില്‍ സര്‍ക്കാര്‍, എയ്ഡഡ് കോളേജുകള്‍ ഇല്ലാത്ത നിയമസഭാ മണ്ഡലങ്ങളില്‍ സര്‍ക്കാര്‍ മേഖലയില്‍ പുതിയ കോളേജ് അനുവദിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. 22 മണ്ഡലങ്ങളിലാണ് ഇത്തരത്തിലുള്ള കോളേജുകള്‍ ഇല്ലാത്തത്. ഇതില്‍ കൊടുവള്ളി, താനൂര്‍, കൊണ്ടോട്ടി, മങ്കട എന്നിവിടങ്ങളില്‍ എം.എല്‍.എ മാര്‍ സ്ഥലം ലഭ്യമാക്കിയതിനെ തുടര്‍ന്ന് കോളേജുകള്‍ തുടങ്ങാന്‍ അനുമതി നല്‍കി.

ഏഴ് മണ്ഡലങ്ങളില്‍ എം.എല്‍.എ മാര്‍ മുന്‍കൈയെടുത്ത് സ്ഥലവും കെട്ടിടവും കണ്ടെത്തി. പയ്യന്നൂര്‍, ബാലുശ്ശേരി, തൃത്താല, ചേലക്കര, കാട്ടാക്കട, തലശ്ശേരി എന്നിവിടങ്ങളില്‍ സ്ഥലം ലഭ്യമായതിനെ തുടര്‍ന്ന് കോളേജുകള്‍ ഉടന്‍ തുടങ്ങും. മറ്റ് 11 ഇടത്ത് സ്ഥലവും കെട്ടിടവുമാകുന്ന മുറയ്ക്ക് കോളേജുകള്‍ തുടങ്ങും. ഈ കോളേജുകളില്‍ ആദ്യഘട്ടമായി അഞ്ച് കോഴ്‌സുകള്‍ വീതമാണ് തുടങ്ങുക.

Latest news