OBITUARY
  Jul 31, 2013
സ്വകാര്യ ബസ്സില്‍നിന്ന് തെറിച്ചുവീണ ജീവനക്കാരന്‍ മരിച്ചു
പള്ളിപ്പുറം: ഓടിക്കൊണ്ടിരുന്ന സ്വകാര്യബസ്സില്‍നിന്ന് റോഡിലേക്ക് തെറിച്ചുവീണ് പരുക്കേറ്റ ഡോര്‍ ചെക്കര്‍ ആശുപത്രിയിലേക്കുള്ള വഴിമധ്യേ മരിച്ചു. തൈക്കാട്ടുശ്ശേരി ഗ്രാമപ്പഞ്ചായത്ത് 14-ാം വാര്‍ഡ് വെളിയില്‍ നികര്‍ത്തില്‍ ബാലകൃഷ്ണന്റെ മകന്‍ തിലകന്‍ (45) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകിട്ട് 4.45 ഓടെ തിരുനല്ലൂര്‍ പോസ്റ്റോഫീസ് ജങ്ഷന് തെക്ക് ഭാഗത്തായിരുന്നു അപകടം.

ചേര്‍ത്തലയില്‍നിന്ന് അരൂര്‍ ക്ഷേത്രം കവലയിലേക്ക് പോകുകയായിരുന്ന അശ്വതി എന്ന സ്വകാര്യബസ്സിന്റെ പിന്നിലെ ഡോര്‍ചെക്കറായിരുന്നു തിലകന്‍. ബസ്സില്‍ നിന്നും തെറിച്ച് വീണ തിലകന്റെ കാലിലൂടെ ബസ്സിന്റെ ചക്രം കയറിയിറങ്ങിയതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഗുരുതരമായി പരുക്കേറ്റ തിലകനെ സഹപ്രവര്‍ത്തകരും നാട്ടുകാരും ചേര്‍ന്നാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ആദ്യം ചേര്‍ത്തല താലൂക്കാശുപത്രിയിലാണ് എത്തിച്ചത്.

അവിടെ നിന്നും വണ്ടാനത്തെ മെഡിക്കല്‍ കോളജാശുപത്രിയിലേക്കുള്ള വഴിമധ്യേയാണ് മരണം സംഭവിച്ചത്. മൃതദേഹം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍. മരിച്ച തിലകന്റെ അമ്മ: രാധ. ഭാര്യ: ബിന്ദു. മകന്‍: യദുകൃഷ്ണന്‍.

Latest news