LOCAL NEWS
  Jul 31, 2013
വാളക്കോട് പാലത്തില്‍ യാത്ര ഞാണിന്‍മേല്‍ കളി

പുനലൂര്‍: ശ്രദ്ധ ഒന്നു തെറ്റിയാല്‍മതി, മുപ്പതടിയോളം താഴ്ചയിലേക്ക് കൂര്‍ത്ത കമ്പികള്‍ക്ക് മേല്‍പതിക്കാന്‍. കൊല്ലം-തിരുമംഗലം ദേശീയ പാതയിലെ വാളക്കോട് മേല്‍പ്പാലത്തിലെ യാത്ര വാഹനങ്ങള്‍ക്കും കാല്‍നടയാത്രക്കാര്‍ക്കും ഞാണില്‍മേല്‍ കളിയാണ്. നൂറ്റാണ്ട് പഴക്കമുള്ള ഈ പാലത്തിന്റെ പാര്‍ശ്വഭിത്തികളില്‍നിന്ന് കല്ലുകള്‍ ഇളകിവീണതോടെ അപകടഭീഷണി ഉയര്‍ത്തുകയാണ് ഈ പാലത്തിലെ യാത്ര.

പുനലൂര്‍ പട്ടണത്തില്‍നിന്ന് ഒരുകിലോമീറ്റര്‍ കിഴക്കായി, കൊല്ലം-ചെങ്കോട്ട തീവണ്ടിപ്പാതയ്ക്ക് കുറുകെയുള്ളതാണ് ഈ പാലം. റെയില്‍വേപ്പാതയോളം പഴക്കമുള്ള ഈ പാലം ഇതുവരെ പുനരുദ്ധരിച്ചിട്ടില്ല. പഴയ സാങ്കേതികവിദ്യ ഉപയോഗിച്ച് ചെത്തിമിനുക്കിയ കരിങ്കല്ലുകള്‍കൊണ്ട് നൂറ്റാണ്ടുമുമ്പ് കെട്ടിയുയര്‍ത്തിയ ഈ ഇടുങ്ങിയ പാലം ഇന്നത്തെ ഗതാഗതത്തിരക്കിന് യോജിച്ചതല്ല. ജനങ്ങളുടെ നിരന്തര ആവശ്യം പരിഗണിച്ച് പാതയിലെ മറ്റ് പാലങ്ങള്‍ക്കൊപ്പം ഈ പാലം പുനരുദ്ധരിക്കാനും ഇപ്പോള്‍ തുക അനുവദിച്ചിട്ടുണ്ട്. എന്നാല്‍ പുനരുദ്ധാരണം അടുത്തിടെയെങ്ങും ആരംഭിക്കാന്‍ സാധ്യതയില്ല.

വളരെ ഉയരംകുറഞ്ഞ പാര്‍ശ്വഭിത്തികളാണ് പാലത്തിനുള്ളത്. ഇവയിലെ മേല്‍വരിക്കല്ലുകള്‍ ഇളകി വീണിട്ട് വര്‍ഷങ്ങളായി. ഓരോതവണയും പാലത്തില്‍ ടാറിങ് നടത്തുമ്പോള്‍ പാര്‍ശ്വഭിത്തിയുടെ ഉയരം കുറഞ്ഞുവരികയാണ്. പാലത്തോട് ചേര്‍ന്നുള്ള വാളക്കോട് എന്‍.എസ്.വി. സ്‌കൂളില്‍നിന്ന് കൊച്ചുകുട്ടികളടക്കമുള്ള വിദ്യാര്‍ഥികള്‍ കാല്‍നടയാത്ര ചെയ്യുന്നത് ഈ പാലത്തിലൂടെയാണ്. എട്ടുവര്‍ഷം മുമ്പ് ചിത്ര എന്ന വിദ്യാര്‍ഥിനി ഈ പാലത്തില്‍ ലോറിയിടിച്ച് പരിക്കേറ്റ് മരിച്ചിരുന്നു.

ഇടുങ്ങിയ പാലത്തിലൂടെ ഒരേസമയം ഒരു ദിശയിലേക്ക് മാത്രമേ വാഹനങ്ങള്‍ക്ക് കടന്നുപോകാനാകൂ. ഈ സമയം മുഴുവന്‍ മറുവശത്തെ വാഹനങ്ങള്‍ കാത്തുകിടക്കണം. അന്തസ്സംസ്ഥാന പാതയായതിനാല്‍ കൂറ്റന്‍ ചരക്കുലോറികള്‍ കടന്നുപോകുന്നത് ഈ പാലം വഴിയാണ്. പുനലൂര്‍-ചെങ്കോട്ട റെയില്‍പ്പാളത്തിന്റെ ഗേജ്മാറ്റവുമായി ബന്ധപ്പെട്ട് പാലത്തിന്റെ അടിഭാഗം ബലപ്പെടുത്തുന്ന ജോലികള്‍ ഇപ്പോള്‍ നടന്നുവരികയാണ്. അടിഭാഗം വാര്‍ക്കുന്നതിനായി ഇവിടെ കമ്പികള്‍ തറച്ചിട്ടുണ്ട്. ഇത് കൂടുതല്‍ ദുരന്തഭീഷണി ഉയര്‍ത്തുകയാണ്. പാര്‍ശ്വഭിത്തിയുടെ ഉയരം വര്‍ദ്ധിപ്പിക്കുന്നതിനെങ്കിലും അടിയന്തര നടപടിഉണ്ടാകാത്തത് വന്‍ അപകടം ക്ഷണിച്ചുവരുത്തും.

Other News in this section
വ്യാജ ഉത്തരവിലൂടെ കൈയേറിയ സ്ഥലം സര്‍ക്കാര്‍ തിരികെപിടിച്ചു
അടൂര്‍: റവന്യൂ ഉദ്യോഗസ്ഥന്റെ പേരില്‍ വ്യാജരേഖ ചമച്ച് ഒരു വ്യക്തി എം.സി. റോഡരികില്‍ കൈയേറിയ സ്ഥലം റവന്യൂ വകുപ്പ് തിരികെ പിടിച്ചെടുത്തു. എം.സി.റോഡരികില്‍ കിളിവയല്‍ കോളേജ് ജങ്ഷനിലാണ് ലക്ഷങ്ങള്‍ വിലമതിക്കുന്ന 7.25 സെന്റ് സര്‍ക്കാര്‍ഭൂമി ഒരു വ്യക്തി കൈയേറിയത്. സംഭവത്തില്‍ രേഖകള്‍ പരിശോധിക്കാതെ പോക്കുവരവ് ചെയ്തുകൊടുത്ത ഏറത്ത് വില്ലേജിലെ സ്‌പെഷല്‍ വില്ലേജ് ഓഫീസര്‍ ..
ചെങ്ങറക്കാര്‍ക്ക് നല്‍കിയ ഭൂമിയില്‍ തടികടത്ത് വ്യാപകം
പ്രസവിക്കാനെത്തിയപ്പോള്‍ ഗര്‍ഭിണിയല്ല; ആസ്പത്രിയില്‍ വാക്കുതര്‍ക്കം
വനിതാ ടി.ടി.ഇ.യോട് അപമര്യാദയായി പെരുമാറിയ ഐ.ബി. ഉദ്യോഗസ്ഥനെ അറസ്റ്റുചെയ്തു
രാവും പകലും നല്‍പ്പ് മാത്രം പേരിലെ 'ശ്രീ' ജീവിതത്തിലില്ലാതെ ശ്രീദേവി
കോണ്‍ഗ്രസ്സുകാര്‍ കുടിനിര്‍ത്തിയാല്‍ തന്നെ കേരളത്തിലെ മദ്യപാനം പകുതികുറയും-എം.എം. മണി
സ്ത്രീക്കൂട്ടായ്മയില്‍ ഇളകൊള്ളൂരില്‍ നെറ്റിപ്പട്ടം നിര്‍മാണം
പെന്‍ഷന്‍ മുടങ്ങിയതില്‍ മനംനൊന്ത് ജീവനൊടുക്കിയ റിട്ട. സ്‌റ്റേഷന്‍ മാസ്റ്ററുടെ മൃതദേഹം സംസ്‌കരിച്ചു

Latest news