LOCAL NEWS
  Jul 31, 2013
തച്ചന്‍കോണത്ത് മോഷ്ടാക്കള്‍ വിലസുന്നു; ജനം ഭീതിയില്‍
വര്‍ക്കല: പോലീസ് സ്റ്റേഷന് ഒരു കിലോമീറ്റര്‍ മാത്രം അകലെയുള്ള തച്ചന്‍കോണത്ത് മോഷണം തുടര്‍ക്കഥയാകുന്നു. കഴിഞ്ഞ ഒരാഴ്ചക്കിടെ 15ഓളം വീടുകളില്‍ മോഷണവും മോഷണശ്രമവും നടന്നു. ആരെയും ഇതുവരെ പിടികൂടാന്‍ പോലീസിനായിട്ടില്ല.

മോഷണം നിത്യസംഭവമായതോടെ പ്രദേശത്ത് ജനം ഭീതിയിലാണ്. ചൊവ്വാഴ്ച ഒരുവീട്ടില്‍ മോഷണവും മറ്റൊരുവീട്ടില്‍ മോഷണശ്രമവും നടന്നു.

പുത്തന്‍ചന്ത അജ്മി മന്‍സിലില്‍ ആബിദയുടെ വീട് കുത്തിത്തുറന്ന് ഡി.വി.ഡി.പ്ലയര്‍, മൊബൈല്‍ഫോണ്‍, ഇന്‍ഡക്ഷന്‍ കുക്കര്‍ തുടങ്ങിയവ മോഷ്ടിച്ചു. സ്ത്രീകളും കുട്ടികളും മാത്രമുണ്ടായിരുന്ന വീടിന്റെ അടുക്കളവാതില്‍ കുത്തിത്തുറന്നാണ് മോഷ്ടാക്കള്‍ അകത്തുകയറിയത്. വീട്ടുകാര്‍ ഉറങ്ങുകയായിരുന്ന മുറിയൊഴികെ ബാക്കി മുറികളെല്ലാം കുത്തിത്തുറന്ന നിലയിലാണ്. ഫ്രിഡ്ജില്‍ സൂക്ഷിച്ചിരുന്ന ഫ്രൂട്ട്‌സ് എടുത്തുകഴിച്ചിട്ടുണ്ട്. ചോറും കറികളും വീടിന് പുറത്തേക്കെറിഞ്ഞ നിലയിലുമാണ്. അലമാരയില്‍ നിന്ന് വസ്ത്രങ്ങളുള്‍പ്പെടെയുള്ളവ വാരി വലിച്ചിട്ടിട്ടുണ്ട്. രാവിലെ വീട്ടുകാര്‍ ഉണര്‍ന്നപ്പോഴാണ് മോഷണവിവരം അറിയുന്നത്.

തിങ്കളഴ്ച രാത്രി 9.30ഓടെ തച്ചന്‍കോണം ഭദ്രാഭഗവതിക്ഷേത്രത്തിന് പുറകുവശം പൂജാനിവാസില്‍ സുനിലിന്റെ വീട്ടില്‍ മോഷണശ്രമം നടന്നു. വീട്ടുകാര്‍ കണ്ടതിനെത്തുടര്‍ന്ന് മോഷ്ടാവ് ഓടിരക്ഷപ്പെട്ടു. നാട്ടുകാര്‍ മോഷ്ടാവിനായി തിരച്ചില്‍ നടത്തുമ്പോള്‍ പുത്തന്‍ചന്ത പാലത്തില്‍ നിന്നും തച്ചന്‍കോണത്തേക്കുള്ള വഴിയില്‍ കൊല്ലം പൂയപ്പള്ളി മൈലോട് ലാലുവിലാസത്തില്‍ ലാലു(40)വിനെ ഇരുകാലുകളും തകര്‍ന്ന നിലയില്‍ കണ്ടെത്തി. പുത്തന്‍ചന്തയ്ക്ക് സമീപത്തെ വീട്ടില്‍ ജോലിക്ക് നില്ക്കുന്ന ഇയാള്‍ വര്‍ക്കലയില്‍ പോയി മദ്യം വാങ്ങിവരുമ്പോള്‍ മൂന്നുപേര്‍ ചേര്‍ന്ന് മദ്യവും 200 രൂപയും പിടിച്ചുവാങ്ങിയെന്നും എതിര്‍ത്തപ്പോള്‍ ഇരുമ്പ് കമ്പികൊണ്ട് കാലുകള്‍ അടിച്ചുതകര്‍ത്തുവെന്നുമാണ് പോലീസിനോട് പറഞ്ഞത്.

ഇയാളെ തിരുവനന്തപുരം മെഡിക്കല്‍കോളേജിലേക്ക് കൊണ്ടുപോയി. കഴിഞ്ഞദിവസം തച്ചന്‍കോണം പൗര്‍ണമിയില്‍ ഉഷയുടെ പൂട്ടിയിട്ടിരുന്ന വീട്ടില്‍ മോഷണശ്രമം നടന്നിരുന്നു. വീടിന് മുന്നിലെ ഗ്രില്ലിലെ പൂട്ട് തകര്‍ത്തായിരുന്നു മോഷണശ്രമം. കതകുകളും അലമാരയും കുത്തിത്തുറന്നിട്ടുണ്ട്. വീട്ടിലെ കതകുകള്‍ തുറന്നുകിടക്കുന്നത് കണ്ട അയല്‍വാസികള്‍ അറിയിച്ചതിനെത്തുടര്‍ന്ന് നോക്കിയപ്പോഴാണ് മോഷണശ്രമം നടന്നതായി അറിഞ്ഞത്.

രണ്ട് ദിവസംമുമ്പ് പാലവിള പൊന്നഭയില്‍ വിജയകുമാറിന്റെ വീടിന്റെ മുന്‍വശത്തെ ഗ്ലാസ് തകര്‍ത്ത് മോഷണശ്രമം നടന്നിരുന്നു. ജനല്‍പാളി കമ്പിപ്പാരയുപയോഗിച്ച് ഇളക്കാനും ശ്രമം നടത്തി. ജനല്‍ച്ചില്ല് പൊട്ടിവീഴുന്ന ശബ്ദംകേട്ട് വീട്ടുകള്‍ ഉണര്‍ന്നെത്തിയപ്പോള്‍ മോഷ്ടാവ് രക്ഷപ്പെട്ടു. സമീപത്തെ പല വീടുകളിലും അന്ന് മോഷണശ്രമം നടന്നു. തച്ചന്‍കോണം ഭാഗത്ത് നിര്‍മ്മാണത്തിലിരിക്കുന്ന വീടുകളില്‍ നിന്നും നിര്‍മ്മാണസാമഗ്രികള്‍ മോഷണം പോകുന്നതും പതിവാണ്. പോലീസ് പട്രോളിങ് നടത്തുന്നതിനിടെയാണ് വീണ്ടും മോഷണങ്ങള്‍ നടക്കുന്നത്. മോഷ്ടാക്കളെ പിടികൂടി സൈ്വരജീവിതം ഉറപ്പാക്കാന്‍ പോലീസ് നടപടി ശക്തമാക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടുന്നു.

Other News in this section
മലയോര ഹൈവേയ്ക്കായി നിര്‍മ്മിച്ച കലുങ്കുകള്‍ വനപാലകര്‍ തകര്‍ത്തു
കുറത്തികുടി ആദിവാസി കോളനി ഒറ്റപ്പെട്ടു. ലക്ഷങ്ങളുടെ നഷ്്്ടം നേര്യമംഗലം റെയ്ഞ്ച്്് ഓഫീസ് ഉപരോധം ഇന്ന്്് കോതമംഗലം: മലയോര ഹൈവേയുടെ ഭാഗമായി മാമലക്കണ്ടത്ത് നിര്‍മിച്ച അഞ്ച് കലുങ്കുകള്‍ തകര്‍ത്ത നിലയില്‍. പൊതുമരാമത്ത്് ലക്ഷങ്ങള്‍ മുടക്കി നിര്‍മിച്ച കലുങ്ക്്് തകര്‍ത്തതിന് പിന്നില്‍ വനംവകുപ്പാണെന്ന്്് നാട്ടുകാര്‍ ആരോപിച്ചു. കുട്ടമ്പുഴ പഞ്ചായത്തിലെ മാമലക്കണ്ടം ..
അവസരങ്ങള്‍ ചുരം കയറുന്നു, അണിയറയില്‍ വയനാടിന്റെ താരങ്ങള്‍
എളേരിത്തട്ട് കോളേജില്‍ ഇന്നുമുതല്‍ വിദ്യാര്‍ഥികളുടെ നിരാഹാരസമരം
കരിമ്പ് ആലപ്പുര കത്തിനശിച്ചു; 5 ലക്ഷം രൂപയുടെ നഷ്ടം
മൂവായിരം കോടി ഖജനാവില്‍ വരുന്ന മണല്‍ വാരല്‍ പദ്ധതി സര്‍ക്കാര്‍ മറന്നു
യുവാവിന്റെ മുഖത്ത് മയക്കുമരുന്ന് തളിച്ച് സ്വര്‍ണവും പണവും കവര്‍ന്നു

Latest news