LATEST NEWS » KERALA
  Jul 31, 2013
സരിതയുടെ മൊഴി പ്രത്യേക സംഘം അന്വേഷിക്കില്ല
തിരുവനന്തപുരം: സോളാര്‍ തട്ടിപ്പുകേസിലെ പ്രതി സരിത എസ്.നായര്‍ കോടതിയില്‍ നല്‍കിയ മൊഴിയിലെ വെളിപ്പെടുത്തലുകളെക്കുറിച്ച് എ.ഡി.ജി.പി ഹേമചന്ദ്രന്റെ നേതൃത്വത്തിലുള്ള പ്രത്യേക പോലീസ് സംഘം അന്വേഷിക്കില്ല. എറണാകുളം ലോക്കല്‍ പോലീസിന് തന്നെയാവും അന്വേഷണച്ചുമതല. സോളാര്‍ കേസില്‍ ഒരു കുറ്റപത്രം ചൊവ്വാഴ്ച സമര്‍പ്പിച്ചു. ഇനിയുള്ള ദിവസങ്ങളില്‍ തുടര്‍ച്ചയായി കുറ്റപത്രങ്ങള്‍ സമര്‍പ്പിക്കും.

എറണാകുളം അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയില്‍ സരിത എഴുതിത്തയാറാക്കിയ നാലുപേജുള്ള മൊഴി കൊച്ചി നോര്‍ത്ത് പോലീസിന് കൈമാറിയിരുന്നു. മൊഴിയുടെ പകര്‍പ്പ് ചൊവ്വാഴ്ച പ്രത്യേക അന്വേഷണ സംഘത്തിന് ലഭിച്ചു. മൊഴിയില്‍ പുതിയ വെളിപ്പെടുത്തലുകളില്ലെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍. കൂട്ടുപ്രതികളായ ബിജു രാധാകൃഷ്ണന്‍, ശാലു മേനോന്‍ എന്നിവരില്‍ നിന്ന് തനിക്ക് വധഭീഷണിയുണ്ടെന്നാണ് മൊഴിയിലെ പ്രധാന പരാതി. മൂന്നുപേരും ഇപ്പോള്‍ ജയിലിലാണ്. അതുകൊണ്ടുതന്നെ വധഭീഷണിയെക്കുറിച്ച് പ്രത്യേക അന്വേഷണ സംഘം ഉടനെ അന്വേഷിക്കേണ്ടതില്ല. സരിതയുടെ പരാതിയിന്മേല്‍ ബിജു, ശാലു എന്നിവര്‍ക്കെതിരെ കൊച്ചി നോര്‍ത്ത് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. നിലവില്‍ ഈ കേസ് ലോക്കല്‍ പോലീസ് അന്വേഷിച്ചാല്‍ മതിയെന്നാണ് വിലയിരുത്തല്‍. പിന്നീട് ആവശ്യമെങ്കില്‍ എറണാകുളം കമ്മീഷണറുടെ നേതൃത്വത്തിലുള്ള സംഘത്തിന് അന്വേഷണച്ചുമതല നല്‍കാം. മക്കളുടെ സംരക്ഷണമുള്‍പ്പെടെ, മൊഴിയില്‍ പറഞ്ഞിട്ടുള്ള മറ്റ് പരാതികള്‍ നിലവില്‍ പ്രത്യേക സംഘം അന്വേഷിക്കുന്ന കേസുകളുമായി ബന്ധമില്ല. അതുകൊണ്ടുതന്നെ ഈ കേസ് തങ്ങള്‍ ഏറ്റെടുക്കേണ്ടതില്ലെന്നും പ്രത്യേക അന്വേഷണ സംഘം വിലയിരുത്തി.

സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് 33 കേസുകളാണ് ഇപ്പോള്‍ പ്രത്യേക സംഘം അന്വേഷിക്കുന്നത്. ആദ്യത്തെ കുറ്റപത്രം ചൊവ്വാഴ്ച തിരുവല്ല കോടതിയില്‍ സമര്‍പ്പിച്ചുകഴിഞ്ഞു. പുളിക്കീഴ് സ്വദേശിയായ ഡോക്ടറില്‍ നിന്ന് നാലു ലക്ഷം രൂപ തട്ടിയെടുത്തുവെന്ന കേസിലുള്ള കുറ്റപത്രമാണ് ചൊവ്വാഴ്ച സമര്‍പ്പിച്ചത്. പെരുമ്പാവൂര്‍ പോലീസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ള കേസില്‍ ബുധനാഴ്ച കുറ്റപത്രം സമര്‍പ്പിക്കും. തുടര്‍ന്നുള്ള ദിവസങ്ങളില്‍ തുടര്‍ച്ചയായി കുറ്റപത്രം സമര്‍പ്പിക്കാനാണ് അന്വേഷണ സംഘത്തിന്റെ പദ്ധതി. ഒരുവര്‍ഷം ഒരേ ജില്ലയില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട കേസുകളാണെങ്കില്‍ ഒരുമിച്ച് കുറ്റപത്രം സമര്‍പ്പിക്കുന്നതിനെക്കുറിച്ചും പോലീസ് ആലോചിക്കുന്നുണ്ട്. പകുതിയോളം കേസുകളില്‍ കുറ്റപത്രങ്ങള്‍ സമര്‍പ്പിച്ചുകഴിഞ്ഞാല്‍ അന്വേഷണം സംബന്ധിച്ച റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിക്കാനും അന്വേഷണ സംഘം ഉദ്ദേശിക്കുന്നു.

സോളാര്‍ തട്ടിപ്പുകേസ് സി.ബി.ഐയ്ക്ക് വിടണമെന്ന പൊതുതാല്‍പ്പര്യ ഹര്‍ജിയിന്‍മേല്‍ ഹൈക്കോടതി ബുധനാഴ്ച വാദം കേള്‍ക്കുന്നുണ്ട്. ഇതുവരെ രണ്ടുവട്ടം എ.ഡി.ജി.പി ഹേമചന്ദ്രന്‍ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ നല്‍കിയിട്ടുണ്ട്. സി.ബി.ഐ അന്വേഷണത്തെക്കുറിച്ചുള്ള അഭിപ്രായം ഹൈക്കോടതി ആരാഞ്ഞാല്‍ എതിര്‍പ്പില്ലെന്ന നടപടിയാകും സര്‍ക്കാര്‍ നല്‍കുക.

Latest news