TOP STORIES TODAY
  Jul 31, 2013
ചുള്ളിക്കാട് മടങ്ങുന്നു; വായനാവസന്തത്തിലേക്ക്
കൊച്ചി: ഇന്നലെയും ബാലചന്ദ്രന്‍ ചുള്ളിക്കാട് കണക്കുകള്‍ കൂട്ടിയും കിഴിച്ചും നോക്കി. ഇന്ന് കണക്കപ്പിള്ളയുടെ പേന കൊണ്ട് 26 വര്‍ഷങ്ങളുടെ ആകത്തുകയും കൂട്ടിയെഴുതി മടങ്ങുമ്പോള്‍ എന്തുണ്ട് മിച്ചമെന്ന് കവിയോട് ചോദിച്ചാല്‍ മറുപടി ഇങ്ങനെയായിരിക്കും: ''ഇത്രയധികം സ്‌നേഹവും സൗഹൃദവും സ്വാതന്ത്ര്യവും മറ്റെവിടെയും കിട്ടില്ലായിരുന്നു...''

ജൂലായിലെ അവസാന ദിവസത്തിനൊപ്പം ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ ഔദ്യോഗിക ജീവിതവും പൂര്‍ണമാകുന്നു. എറണാകുളം ജില്ലാ ട്രഷറി ഓഫീസില്‍ നിന്ന് ജൂനിയര്‍ സൂപ്രണ്ടായി പടിയിറക്കം. കവിക്ക് അത് തീര്‍ത്തും സ്വാഭാവികമായ ഒരു ദിവസം മാത്രം. ''56 വയസ്സായാല്‍ റിട്ടയര്‍ ചെയ്യണമെന്ന് സര്‍ക്കാര്‍ പറഞ്ഞിട്ടുള്ളതല്ലേ''. 1987 ഒക്ടോബര്‍ 28 ന് ജൂനിയര്‍ അക്കൗണ്ടന്‍റായാണ് ചുള്ളിക്കാട് സര്‍ക്കാരുദ്യോഗം തുടങ്ങുന്നത്. ഭാര്യയും മകനുമായി ജീവിതം പൊള്ളുന്ന നാളുകളില്‍ കിട്ടിയ തണലായിരുന്നു അത്. എറണാകുളത്തിനു പുറമേ തൃശ്ശൂര്‍, അങ്കമാലി, മട്ടാഞ്ചേരി, മൂവാറ്റുപുഴ ട്രഷറികളിലും ജോലിചെയ്തു. അപകടം പിടിച്ച ജോലിയെന്നാണ് ഇത്രയും കാലം ചെയ്തുകൊണ്ടിരുന്നതിനെ കവി വിശേഷിപ്പിക്കുന്നത്. ''ഒരക്കം തെറ്റിയാല്‍ ലക്ഷങ്ങളാകും മാറിപ്പോകുക. അഞ്ചുരൂപയുടെ കുറവു കണ്ടാല്‍ പോലും ക്രിമിനല്‍ക്കേസിലെ പ്രതിയാകും''.

സാഹിത്യം പോലെയല്ല ജോലിയെന്നും വലിയൊരു ഉത്തരവാദിത്വമാണെന്നും ബാലചന്ദ്രന്‍ പറയുന്നു. മേലധികാരിയുടെ ചുവപ്പു വര വീഴാതെയാണ് ചുള്ളിക്കാടിന്റെ ഉദ്യോഗപര്‍വം പൂര്‍ത്തിയാകുന്നത്. അതിന് അദ്ദേഹത്തിന് കടപ്പാട് സഹ പ്രവര്‍ത്തകരോടും തന്റെ തലപ്പത്തിരുന്നവരോടുമാണ്. ''അവര്‍ക്കുവേണമെങ്കില്‍ എന്നെ പലതരത്തില്‍ ഉപദ്രവിക്കാമായിരുന്നു. പക്ഷേ എല്ലാവരും എന്നോട് ഔദാര്യത്തോടെയാണ് പെരുമാറിയത്. അതൊരു ഭാഗ്യമാണ്. അതുകൊണ്ട് യാതൊരു സംഘര്‍ഷവും ഇന്നേവരെയുണ്ടായില്ല''.

ഓഫീസില്‍ വെറുമൊരു ജീവനക്കാരന്‍ മാത്രമായിരുന്നു താനെന്ന് ചുള്ളിക്കാട്. ഗേറ്റ് കടക്കുമ്പോഴേ കവിയുടെ പരിവേഷം താനേ അഴിഞ്ഞുവീഴും. ട്രഷറി പോലൊരു സ്ഥലത്ത് ജോലി ചെയ്യാനായത് എഴുത്തിന് ഊര്‍ജമായെന്ന് സമ്മതിക്കാനും കവിക്ക് മടിയില്ല. ''കോളേജ് അധ്യാപകനോ മറ്റോ ആയിരുന്നെങ്കില്‍ കുറേ നിരൂപണങ്ങള്‍ എഴുതി കാലം കഴിച്ചേനേ...'' മുന്നില്‍ വന്നുനിന്നവരിലധികവും പച്ചമനുഷ്യരായിരുന്നു. വിയര്‍പ്പിന്റെ വിലയ്ക്ക് വേണ്ടിയാണ് അവര്‍ കാത്തുനിന്നത്. ''കര്‍ഷകത്തൊഴിലാളിയും കയര്‍ത്തൊഴിലാളിയും വിധവാ പെന്‍ഷന്‍കാരുമൊക്കെ അവരിലുണ്ടായിരുന്നു. അവര്‍ക്കത് ജീവന്മരണ പ്രശ്‌നമാണ്. അതൊരു ചില്ലറക്കളിയല്ല...''-ചുള്ളിക്കാട് പറയുന്നു.

ഇടയ്‌ക്കൊക്കെ മടുപ്പുതോന്നിയ അവസരങ്ങളുണ്ടായിട്ടുണ്ട്. അപ്പോഴൊക്കെ ദീര്‍ഘാവധിയെടുക്കും. അഭിനയരംഗത്ത് തിരക്കേറിയതോടെ അത്തരമൊരു അവധിയിലായിരുന്നു അദ്ദേഹം. വിരമിക്കുന്നതിന് മുന്നോടിയായി കഴിഞ്ഞ മാസമാണ് വീണ്ടും ജോലിക്കെത്തിയത്. ഇനി കവിതയോ അഭിനയമോ എന്ന ചോദ്യത്തിന് തീര്‍ത്തും വ്യത്യസ്തമായ ഉത്തരമാണ് ചുള്ളിക്കാട് നല്‍കുന്നത്.

'വായന-അതിനുവേണ്ടിയാകും സമയം ചെലവഴിക്കുക. വായിക്കാനാകാതെ പോയ ഒരുപാട് പുസ്തകങ്ങളുണ്ട്. അതൊക്കെ വായിക്കണം''.

ചുള്ളിക്കാടിനുള്ള ഔദ്യോഗിക യാത്രയയപ്പ് ബുധനാഴ്ച ഉച്ചയ്ക്ക് 2.30 ന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. ലളിതകലാ അക്കാദമി സെക്രട്ടറി ശ്രീമൂലനഗരം മോഹനന്‍ ഉദ്ഘാടനം ചെയ്യും. ട്രഷറി മധ്യമേഖല ഡെപ്യൂട്ടി ഡയറക്ടര്‍ ബീന പി. നൈനാന്‍ അധ്യക്ഷത വഹിക്കും. ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് ഡെപ്യൂട്ടി ഡയറക്ടര്‍ കെ.എസ്. സുധ ഉപഹാരം സമര്‍പ്പിക്കും.

Other News in this section
അമേരിക്കയെ അമ്പരപ്പിച്ച് മലയാളിബാലന്‍
പതിനൊന്നാംവയസ്സില്‍ മൂന്നു വിഷയങ്ങളില്‍ ബിരുദം ലോസ് ആഞ്ജലിസ്: വയസ്സ് പതിനൊന്നേയുള്ളൂ. പക്ഷേ, പ്രായത്തെ കടത്തിവെട്ടുന്നതാണ് തനിഷ്‌ക് മാത്യു എബ്രഹാമിന്റെ നേട്ടങ്ങള്‍. അതില്‍ ഒടുവിലത്തേതാണ് സാെക്രമെന്റോയിലെ അമേരിക്കന്‍ റിവര്‍ കോളേജില്‍നിന്ന് ഒരുമിച്ച് മൂന്നുവിഷയങ്ങളില്‍ നേടിയ ബിരുദം. ഗണിതം, ശാസ്ത്രം, വിദേശഭാഷാപഠനം എന്നിവയിലാണ് ബിരുദം. ഒരുപക്ഷേ, അമേരിക്കന്‍ ..

Latest news

- -

 

 

 

 

 

 

 

 

 

- -