LATEST NEWS » KERALA
  Jul 31, 2013
ഉപമുഖ്യമന്ത്രിസ്ഥാനത്തിന് സമ്മതം തേടുന്നു; കുഞ്ഞാലിക്കുട്ടിയും മാണിയും കൂടി ഡല്‍ഹിക്ക്
തിരുവനന്തപുരം: മന്ത്രിസഭാ പുനഃസംഘടനാ ചര്‍ച്ചയില്‍ ഘടകകക്ഷികളും പങ്കാളികളാകുന്നു. മുസ്‌ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിയും കേരള കോണ്‍ഗ്രസ് നേതാവ് കെ.എം. മാണിയും ഡല്‍ഹിയിലെത്തി കോണ്‍ഗ്രസ് ഹൈക്കമാന്‍ഡുമായി ചര്‍ച്ച നടത്തും. ഇപ്പോള്‍ ഡല്‍ഹിയിലുള്ള സോഷ്യലിസ്റ്റ് ജനത സംസ്ഥാന അധ്യക്ഷന്‍ എം.പി. വീരേന്ദ്രകുമാറും ചര്‍ച്ചകളില്‍ പങ്കെടുക്കും. വെള്ളിയാഴ്ചയായിരിക്കും മിക്കവാറും ചര്‍ച്ച നടക്കുക.

ഉപമുഖ്യമന്ത്രിസ്ഥാനവും സമവായ നിര്‍ദേശങ്ങളില്‍ ഇടംപിടിച്ചതിനെ തുടര്‍ന്നാണ് ഘടകകക്ഷികളും ചര്‍ച്ചയില്‍ പങ്കാളികളാകുന്നത്. ഡല്‍ഹിയില്‍ നിന്ന് ചൊവാഴ്ച രാവിലെ എത്തിയ മുഖ്യമന്ത്രി മുന്നണിയിലെ ഘടകകക്ഷികളുമായി ചര്‍ച്ച നടത്തുമെന്നും അതിനുശേഷം ചില നേതാക്കളുമായി ഡല്‍ഹിയിലെത്തി ചര്‍ച്ച നടത്തുമെന്നും വ്യക്തമാക്കിയിരുന്നു. ഇതേത്തുടര്‍ന്ന് വൈകീട്ട് ഇരുവരുമായും മുഖ്യമന്ത്രി തന്റെ ഓഫീസില്‍ ചര്‍ച്ച നടത്തി. മറ്റ് ഘടകകക്ഷി നേതാക്കളുമായി മുഖ്യമന്ത്രി സംസാരിക്കും.

രമേശ് മന്ത്രിസഭയിലേക്ക് വരണമെന്ന നിലപാടാണ് ലീഗിനും കേരള കോണ്‍ഗ്രസിനുമുള്ളത്. ഇക്കാര്യം അവര്‍ ഹൈക്കമാന്‍ഡിലും ഉന്നയിക്കും.

ബുധനാഴ്ച ഡല്‍ഹിക്ക് പോകാനാണ് മുഖ്യമന്ത്രി ആദ്യം തീരുമാനിച്ചിരുന്നതെങ്കിലും യാത്ര മിക്കവാറും വെള്ളിയാഴ്ചയേ ഉണ്ടാകാന്‍ ഇടയുള്ളൂ. ഡല്‍ഹിയില്‍ തെലുങ്കാന സംസ്ഥാന രൂപവത്കരണവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടക്കുന്നതിനാല്‍ ഹൈക്കമാന്‍ഡുമായി സംസാരിക്കാനുള്ള സമയം ലഭിച്ചതിനുശേഷമേ മുഖ്യമന്ത്രിയുടെയും കക്ഷി നേതാക്കളുടെയും യാത്ര ഉണ്ടാകൂ.

ചര്‍ച്ചയ്ക്കായി തങ്ങള്‍ ഡല്‍ഹിക്ക് പോകുന്നുണ്ടെന്ന് കുഞ്ഞാലിക്കുട്ടി പിന്നീട് സ്ഥിരീകരിച്ചു. എന്നാല്‍ മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍ ഉപമുഖ്യമന്ത്രി സ്ഥാനം രമേശിന് നല്‍കുന്നതിനോട് കുഞ്ഞാലിക്കുട്ടിയും മാണിയും എതിര്‍പ്പ് രേഖപ്പെടുത്തിയതായാണ് വിവരം. ഉപമുഖ്യമന്ത്രിസ്ഥാനം സംബന്ധിച്ച ലീഗിന്റെ മുന്‍ നിലപാടില്‍ മാറ്റം വന്നിട്ടില്ലെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കിയിരുന്നു.

ഉപമുഖ്യമന്ത്രിപദത്തോട് ഘടകകക്ഷികള്‍ കടുത്ത എതിര്‍പ്പ് പ്രകടിപ്പിക്കുന്ന പക്ഷം നിയമസഭയിലെ ഉപനേതാവെന്ന സ്ഥാനം നല്‍കാമെന്ന മറ്റൊരു നിര്‍ദേശവും പരിഗണനയിലുണ്ടെന്ന് അറിയുന്നു. മുഖ്യമന്ത്രി കഴിഞ്ഞാല്‍ ഇപ്പോള്‍ മുസ്‌ലിം ലീഗ് നേതാവായ കുഞ്ഞാലിക്കുട്ടിക്കാണ് നിയമസഭയില്‍ ഇരിപ്പിടം. അതുകഴിഞ്ഞ് മാണി എന്നാണ് ക്രമം. എന്നാല്‍ പ്രതിപക്ഷത്ത് പ്രതിപക്ഷ നേതാവ് കഴിഞ്ഞാല്‍ സി.പി. എമ്മിന്റെ നിയമസഭാകക്ഷി ഉപനേതാവ്, സി.പി.ഐ നേതാവ് എന്നിങ്ങനെ പോകുന്നു സ്ഥാനങ്ങള്‍. ഈ രീതി ഭരണപക്ഷത്തും അനുകരിക്കാമെന്ന നിര്‍ദേശം ഉയര്‍ന്നിട്ടുണ്ട്. ഘടകകക്ഷികളുടെ ക്രമത്തില്‍ വരുന്ന മാറ്റങ്ങളായതിനാല്‍ ഇതിനും അവരുടെ സമ്മതം വേണം.

എന്നാല്‍ ഈ നിര്‍ദേശത്തോട് ഐ ഗ്രൂപ്പിന് യോജിപ്പില്ല. ഇത്തരം വാര്‍ത്തകള്‍ പ്രചരിച്ചപ്പോള്‍ തന്നെ രമേശിനെ അപമാനിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് ഐ വിഭാഗം നേതാക്കള്‍ പ്രതികരിച്ചിരുന്നു.

മന്ത്രിസഭയിലേക്കില്ലെന്ന കര്‍ശന നിലപാടാണ് രമേശ് ചെന്നിത്തല ഇപ്പോഴുമെടുത്തിരിക്കുന്നത്. അതുകൊണ്ടുതന്നെ ഡല്‍ഹിയില്‍ വെച്ച് രമേശും ഉമ്മന്‍ ചാണ്ടിയും തമ്മില്‍ ചര്‍ച്ച നടന്നിരുന്നുമില്ല. രമേശ് മന്ത്രിസഭയിലേക്ക് വരണമെന്ന താത്പര്യമാണ് എ ഗ്രൂപ്പിനുള്ളത്. വകുപ്പാണ് അവരെ സംബന്ധിച്ച തര്‍ക്കം. വരുംദിവസങ്ങളില്‍ ഉണ്ടാകുന്ന കൂടിയാലോചനകളിലൂടെ മാത്രമേ സമവായ നിര്‍ദേശം എന്തെന്ന് വ്യക്തമാകൂ. ആഭ്യന്തര വകുപ്പ് നല്‍കാതെയുള്ള നിര്‍ദേശമാണ് അവര്‍ തേടുന്നത്.

രമേശ് മന്ത്രിസഭയിലേക്ക് വരുമെന്ന് കേന്ദ്രമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ വ്യക്തമാക്കി. തന്റെ പക്കലുള്ള വകുപ്പ് നല്ലതായതിനാലാണ് അതിന് കൂടുതല്‍ ആവശ്യക്കാരുള്ളതെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പ്രതികരിച്ചു. കേരളത്തിലെ പ്രശ്‌നങ്ങള്‍ ഹൈക്കമാന്‍ഡിന് അനന്തമായി നീട്ടിക്കൊണ്ടുപോകാന്‍ പറ്റില്ല. അതുകൊണ്ടുതന്നെ വൈകാതെ ഇക്കാര്യത്തില്‍ തീരുമാനവുമുണ്ടാകും. ഘടകകക്ഷി നേതാക്കള്‍ കൂടി എത്തുന്നതോടെ രമേശിന്റെ കാര്യത്തില്‍ രണ്ടിലൊരു തീരുമാനം ഹൈക്കമാന്‍ഡിന് എടുക്കേണ്ടിവരും.

Latest news

- -

 

 

 

 

 

 

 

 

 

- -