LATEST NEWS » KERALA
  Jul 31, 2013
പെരിയാര്‍ അന്തഃസംസ്ഥാന നദിയല്ല; സ്വന്തമെന്ന് കേരളം
ന്യൂഡല്‍ഹി:പെരിയാര്‍ അന്തഃസംസ്ഥാന നദിയല്ലെന്ന് കേരളം സുപ്രീംകോടതിയില്‍ വ്യക്തമാക്കി. കേരളത്തിലൂടെ ഒഴുകുന്ന നദിയാണ് പെരിയാറെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ്‌സാല്‍വെ അഞ്ചംഗ ഭരണഘടനാബെഞ്ചിനെ അറിയിച്ചു. പെരിയാര്‍ കേരളത്തിന്റെ നദിയാണെന്ന് കോടതിയില്‍ ആദ്യമായാണ് സംസ്ഥാനം നിലപാട് സ്വീകരിക്കുന്നത്.

മുല്ലപ്പെരിയാറിലെ ജലനിരപ്പ് ഉയര്‍ത്തണമെന്നാവശ്യപ്പെട്ട് സുബ്രഹ്മണ്യന്‍സ്വാമി നല്‍കിയ ഹര്‍ജിയില്‍ സംസ്ഥാനം സമര്‍പ്പിച്ച മറുപടി സത്യവാങ്മൂലത്തില്‍ പെരിയാര്‍ അന്തഃസംസ്ഥാനനദിയാണെന്ന നിലപാടാണ് കേരളം സ്വീകരിച്ചത്. ഈ സാഹചര്യത്തില്‍ ജലതര്‍ക്ക ട്രൈബ്യൂണലാണ് വിഷയം പരിഗണിക്കേണ്ടതെ ന്ന് കേരളം ആവശ്യപ്പെട്ടിരുന്നു. 2006-ല്‍ തമിഴ്‌നാടിന് അനുകൂലമായി വന്ന വിധിയില്‍ ഇക്കാര്യം രേഖപ്പെടുത്തിയിട്ടുണ്ട്.

2006-ല്‍ കേരളം സ്വീകരിച്ച നിലപാട് അഞ്ചംഗ ബെഞ്ചിലെ ജസ്റ്റിസ് സി.കെ. പ്രസാദ് ചൂണ്ടിക്കാട്ടി. അന്നത്തെ നിലപാട് ട്രൈബ്യൂണലിന് വിടുന്നതുമായി ബന്ധപ്പെട്ടായിരുന്നെന്ന് ഹരീഷ് സാല്‍വെ പറഞ്ഞു. മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ വൃഷ്ടിപ്രദേശത്തിന് വളരെ താഴെ തമിഴ്‌നാട്ടില്‍നിന്നുള്ള ഒരു നദി ചേരുന്നുവെന്നത് ഒഴിച്ചാല്‍ പൂര്‍ണമായും കേരളത്തിന് അവകാശപ്പെട്ടതാണ് പെരിയാര്‍.

പാട്ടക്കരാറുള്ളതുകൊണ്ടുമാത്രം പെരിയാര്‍ അന്തഃസംസ്ഥാനനദിയാണെന്ന് അവകാശപ്പെടാന്‍ തമിഴ്‌നാടിന് കഴിയില്ലെന്ന് ഹരീഷ് സാല്‍വെ വ്യക്തമാക്കി. അങ്ങനെ അവകാശപ്പെടുന്നതുകൊണ്ട് നിയമനിര്‍മാണം തടയാന്‍ പറ്റില്ല. നദീതീരസംസ്ഥാനമെന്നത് ഭൂമിശാസ്ത്രപരമായി ലഭിക്കുന്നതാണെന്നും നിയമത്തിലൂടെ ലഭിക്കില്ലെന്നും കോടതിയും ചൂണ്ടിക്കാട്ടി.

മുല്ലപ്പെരിയാര്‍അണക്കെട്ടിലെ വെള്ളം ജലസേചനത്തിന് ഉപയോഗിക്കുന്നുണ്ടോയെന്ന കോടതിയുടെ ചോദ്യം കേരളത്തെ വെട്ടിലാക്കി. ഇക്കാര്യം അന്വേഷിച്ച് അറിയിക്കാമെന്ന് ഹരീഷ് സാല്‍വെ കോടതിയില്‍ പറഞ്ഞു. കേരളം അണക്കെട്ടിലെ ജലം ഉപയോഗിക്കുന്നില്ലെങ്കില്‍ 2003-ലെ ജലസേചന-ജലസംരക്ഷണനിയമം അപ്രസക്തമാണെന്ന് കോടതി വ്യക്തമാക്കി. കോടതിയുടെ ആവര്‍ത്തിച്ചുള്ള ചോദ്യങ്ങള്‍ക്ക് പെരിയാറിലെ ജലം ഉപയോഗിക്കുന്നുവെന്ന് ഹരീഷ് സാല്‍വെ മറുപടി നല്‍കി. എന്നാല്‍, അണക്കെട്ടിലെ ജലമാണ് ഉദ്ദേശിച്ചതെന്ന് കോടതിയും പറഞ്ഞു.

ജലസേചനരംഗത്തുള്ള വിവിധ നിയമങ്ങളാണ് 2003-ല്‍ ഒറ്റനിയമത്തിന്‍കീഴില്‍ കൊണ്ടുവന്നതെന്നും കേരളം പറഞ്ഞു. മുല്ലപ്പെരിയാറിന് പുറമേ, തമിഴ്‌നാടിന്റെ നിയന്ത്രണത്തിലുള്ള മറ്റ് മൂന്ന് അണക്കെട്ടുകളുടെ കാര്യത്തില്‍ എന്താണ് നടക്കുന്നതെന്ന് കോടതി ചോദിച്ചു. പാലക്കാട്ടുള്ള പറമ്പിക്കുളം, പെരുവാരിപ്പള്ളം, തുണക്കടവ് അണക്കെട്ടുകളിലെ ജലനിരപ്പ് കുറയ്ക്കണമെന്ന് കേരളം ആവശ്യപ്പെട്ടിട്ടില്ലെന്നും അത്തരമൊരു സാഹചര്യത്തില്‍ നടപടിയെടുക്കുമെന്നും തമിഴ്‌നാട് വ്യക്തമാക്കി.

Latest news