LATEST NEWS » INDIA
  Jul 31, 2013
ബട്‌ല ഹൗസ് ഏറ്റുമുട്ടല്‍ : ഷഹ്‌സാദിന് ജീവപര്യന്തം
പി.കെ. മണികണ്ഠന്‍
ന്യൂഡല്‍ഹി: ജാമിയനഗറിലെ ബട്‌ല ഹൗസ് ഏറ്റുമുട്ടല്‍ കേസിലെ പ്രതിയായ ഷഹ്‌സാദ് അഹമ്മദിന് അഡീഷണല്‍ സെഷന്‍സ് കോടതി ജീവപര്യന്തം തടവും 95,000 രൂപ പിഴയും ശിക്ഷ വിധിച്ചു. ഭീകരസംഘടനയായ ഇന്ത്യന്‍ മുജാഹിദ്ദീന്‍ പ്രവര്‍ത്തകനാണ് ഇയാളെന്നാണ് പ്രോസിക്യൂഷന്‍ കുറ്റപ്പെടുത്തുന്നത്.

2008 സപ്തംബര്‍ 19-ന് ഉണ്ടായ ഏറ്റുമുട്ടലില്‍ ഡല്‍ഹി പോലീസ് സ്‌പെഷല്‍ സെല്ലിലെ ഇന്‍സ്‌പെക്ടര്‍ മോഹന്‍ചന്ദ് ശര്‍മ കൊല്ലപ്പെട്ടിരുന്നു. ഈ കൊലയ്ക്കും രണ്ട് പോലീസുകാരെ കൊലപ്പെടുത്താന്‍ ശ്രമിച്ചതിലും ഷഹ്‌സാദ് കുറ്റക്കാരനാണെന്ന് കഴിഞ്ഞയാഴ്ച ജഡ്ജി രജീന്ദര്‍ കുമാര്‍ ശാസ്ത്രി കണ്ടെത്തി.

ഷഹ്‌സാദിന് വധശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു. ''ഡ്യൂട്ടിയിലുള്ള പോലീസുകാരെ കൊലപ്പെടുത്തുകയും പരിക്കേല്‍പ്പിക്കുകയും ചെയ്ത പ്രതി മറ്റ് പല ക്രൂരകൃത്യങ്ങളും ചെയ്തിട്ടുണ്ട്. 26 പേര്‍ മരിക്കുകയും 133 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത ഡല്‍ഹി സ്‌ഫോടന പരമ്പരയുടെ ആസൂത്രകരിലൊരാളാണ് ഷഹ്‌സാദ് അഹമ്മദ്. ദേവേന്ദര്‍പാല്‍ സിങ് ഭുള്ളറോടും അജ്മല്‍ കസബിനോടും താരതമ്യപ്പെടുത്താവുന്ന പ്രതിയാണ് ഷഹ്‌സാദ് ''- പ്രോസിക്യൂഷന്‍ കുറ്റപ്പെടുത്തി. എന്നാല്‍, ഷഹ്‌സാദിനോട് കരുണ കാട്ടണമെന്നും മനംമാറ്റത്തിനുള്ള അവസരം നല്‍കണമെന്നും പ്രതിഭാഗം അഭിഭാഷകന്‍ സതീഷ് തമ്ത അഭ്യര്‍ഥിച്ചു.

ഷഹ്‌സാദ് ഭീകരനാണെന്ന് പോലീസ് വാദിച്ചെങ്കിലും ഇതിനുള്ള തെളിവുകളില്ലെന്ന് കോടതി കണ്ടെത്തി. എന്നാല്‍, പോലീസ് ഉദ്യോഗസ്ഥനെ കൊലപ്പെടുത്തുകയെന്നത് ഇയാളുടെ ലക്ഷ്യമായിരുന്നുവെന്ന് കോടതി നിരീക്ഷിച്ചു.

പിഴയായി ഈടാക്കുന്ന 95,000 രൂപയില്‍ 40,000 രൂപ ഇന്‍സ്‌പെക്ടര്‍ എം.സി. ശര്‍മയുടെ കുടുംബത്തിനും 20,000 രൂപ പരിക്കേറ്റ ഹെഡ് കോണ്‍സ്റ്റബിള്‍ ബല്‍വന്ത് സിങ്ങിനും നല്‍കാന്‍ കോടതി ഉത്തരവിട്ടു. വിധിക്കെതിരെ മേല്‍ക്കോടതിയെ സമീപിക്കുമെന്ന് ഷഹ്‌സാദിന്റെ അഭിഭാഷകന്‍ മാധ്യമങ്ങളോട് പറഞ്ഞു.

2008 സപ്തംബര്‍ 13-നായിരുന്നു ഇന്ത്യാഗേറ്റ്, കരോള്‍ബാഗ്, കൊണാട്ട്‌പ്ലേസ്, ഗ്രേറ്റര്‍ കൈലാഷ് എന്നിവിടങ്ങളില്‍ സ്‌ഫോടനങ്ങള്‍ നടന്നത്. ഈ അക്രമം ആസൂത്രണംചെയ്ത അഞ്ചുപേര്‍ ജാമിയനഗര്‍ ബട്‌ല ഹൗസിലെ ഫ്ലാറ്റില്‍ ഒളിച്ചിരിപ്പുണ്ടെന്ന്‌പോലീസിന് വിവരംലഭിച്ചു. സപ്തംബര്‍ 19-ന് രാവിലെ ഇന്‍സ്‌പെക്ടര്‍ എം.സി. ശര്‍മയുടെ നേതൃത്വത്തിലുള്ള സംഘം ഫ്ലാറ്റിലെത്തി. പോലീസും ഭീകരരെന്ന് കരുതുന്നവരും തമ്മില്‍ വെടിവെപ്പുണ്ടായി. ഇന്‍സ്‌പെക്ടര്‍ ശര്‍മയും ആതിഫ് അമീന്‍, മുഹമ്മദ് സാജിദ് എന്നീ യുവാക്കളും കൊല്ലപ്പെട്ടു. രക്ഷപ്പെട്ട ഷഹ്‌സാദ് അഹമ്മദ് പിന്നീട് അറസ്റ്റിലായി. ജുനൈദ് എന്നുപേരുള്ള ആരിസ് ഖാനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു. മുഹമ്മദ് സെയ്ഫ് എന്ന യുവാവ് പോലീസിന് മുമ്പാകെ കീഴടങ്ങി. ഇയാളെ പ്രതിചേര്‍ത്തിട്ടില്ല.

ബട്‌ല ഏറ്റുമുട്ടല്‍ വ്യാജമാണെന്ന് കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സിങ് അഭിപ്രായപ്പെട്ടത് ഏറെ കോളിളക്കം സൃഷ്ടിച്ചിരുന്നു. എന്നാല്‍, ഏറ്റുമുട്ടല്‍ ന്യായമായിരുന്നുവെന്ന് അന്നത്തെ ആഭ്യന്തരമന്ത്രി പി. ചിദംബരം അടിവരയിട്ട് വ്യക്തമാക്കി. ഷഹ്‌സാദ് കുറ്റക്കാരനാണെന്ന് കോടതിവിധി വന്നപ്പോഴും ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന ആവശ്യത്തില്‍ ദിഗ്വിജയ് സിങ് ഉറച്ചുനിന്നു.

സമാജ്‌വാദി പാര്‍ട്ടി, ബി.എസ്.പി. തുടങ്ങിയ പാര്‍ട്ടികളും ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ടു. ബട്‌ല ഏറ്റുമുട്ടലില്‍ ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ ഡല്‍ഹി പോലീസിന് ക്ലീന്‍ ചിറ്റ് നല്‍കിയിരുന്നു. ഇനിയും ഏതന്വേഷണവും നേരിടാന്‍ സന്നദ്ധമാണെന്ന് ഡല്‍ഹി പോലീസ് കമ്മിഷണറും കഴിഞ്ഞദിവസം വ്യക്തമാക്കി.

സംഭവത്തിന്റെ ആധികാരികതയില്‍ തുടക്കംമുതല്‍ സംശയം പ്രകടിപ്പിച്ച കോണ്‍ഗ്രസ് മാപ്പുപറയണമെന്ന് ബി.ജെ.പി. ആവശ്യപ്പെട്ടു. ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട പോലീസ് ഓഫീസര്‍ മോഹന്‍ ചന്ദ് ശര്‍മയുടെ മരണത്തില്‍ സംശയംപ്രകടിപ്പിച്ച കോണ്‍ഗ്രസ് നേതാക്കള്‍ രാജ്യത്തെ പോലീസ് സേനയുടെ ആത്മവീര്യം കെടുത്തിയെന്നും ഇതിന് മാപ്പുപറയണമെന്നും ബി. ജെ.പി. വക്താവ് പ്രകാശ് ജാവഡേകര്‍ ആവശ്യപ്പെട്ടു.

Latest news

- -

 

 

 

 

 

 

 

 

 

- -