TOP STORIES TODAY
  Jul 31, 2013
നെഹ്രുവിന്റെ 'നിഷ്‌കളങ്ക യുവതി' ബന്ധം പിരിയുന്നു
*തെലുങ്കാനയ്ക്ക് പിന്നില്‍ ദശാബ്ദങ്ങളുടെ ആവശ്യം


ഒടുവില്‍, 57 വര്‍ഷം നീണ്ട 'ദാമ്പത്യ'ത്തിന് ശേഷം ജവാഹര്‍ലാല്‍ നെഹ്രുവിന്റെ 'വികൃതിപ്പയ്യനും' 'നിഷ്‌കളങ്ക യുവതി' യും വേര്‍പിരിയാന്‍ കളമൊരുങ്ങി. ആന്ധ്രപ്രദേശിനെ വിഭജിച്ച് തെലുങ്കാന സംസ്ഥാനമാക്കാനുള്ള തീരുമാനത്തിന് അങ്ങനെയും ഒരു ചരിത്ര പശ്ചാത്തലമുണ്ട്.

1948- ലാണ് നൈസാം ഭരണത്തിലായിരുന്ന തെലുങ്കാനയെ (ഹൈദരാബാദ്) പോലീസ് നടപടിയിലൂടെ ഇന്ത്യന്‍ യൂണിയനില്‍ ലയിപ്പിക്കുന്നത്. മദ്രാസ് സംസ്ഥാനത്തിന്റെ ഭാഗമായിരുന്ന റായലസീമ, തീരദേശആന്ധ്ര പ്രദേശങ്ങള്‍ ചേര്‍ത്ത് ഐക്യ ആന്ധ്രയുണ്ടാക്കാനുള്ള പ്രക്ഷോഭം പിന്നാലെ ശക്തി പ്രാപിച്ചു. ഭാഷാടിസ്ഥാനത്തില്‍ സംസ്ഥാന രൂപവത്കരണം എന്ന ആശയത്തോട് അന്നേ തെലുങ്കാനക്കാര്‍ക്ക് വിയോജിപ്പും ആശങ്കകളും ഉണ്ടായിരുന്നു. ഒട്ടേറെ വാഗ്ദാനങ്ങളും പ്രലോഭനങ്ങളും നല്‍കിയാണ് തെലുങ്ക് സംസാരിക്കുന്നവരെ ഒരുമിപ്പിച്ച് ആന്ധ്രപ്രദേശ് എന്ന ആശയത്തോട് അടുപ്പിച്ചത്.

1956-ല്‍ സംസ്ഥാന രൂപവത്കരണത്തിന് മുമ്പ് തെലുങ്കാനയില്‍ ഒരു സമ്മേളനത്തില്‍ സംസാരിക്കവെയാണ് പ്രധാനമന്ത്രി ജവാഹര്‍ലാല്‍ നെഹ്രു, ആന്ധ്രയെ 'വികൃതിപ്പയ്യനായും' തെലുങ്കാനയെ 'നിഷ്‌കളങ്കയായ പെണ്‍കൊടി' യായും വിശേഷിപ്പിച്ചത്. ഇവര്‍ തമ്മിലുള്ള 'ദാമ്പത്യം' അനിവാര്യമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാല്‍ ബന്ധം നന്നായി മുന്നോട്ട് പോയില്ലെങ്കില്‍ എപ്പോള്‍ വേണമെങ്കിലും വിവാഹമോചനമാവാമെന്നും നെഹ്രു ഉറപ്പുനല്‍കി.

എന്നാല്‍ തെലുങ്കാനക്കാര്‍ പലവട്ടം നേരിട്ട കരാര്‍ ലംഘനങ്ങളിലൊന്നുമാത്രമായിരുന്നു വിവാഹമോചനവാഗ്ദാനവും. 2009-ല്‍ യു.പി.എ.സര്‍ക്കാര്‍ തെലുങ്കാന പ്രത്യേക സംസ്ഥാനരൂപവത്കരണം പ്രഖ്യാപിച്ചെങ്കിലും കനത്ത സമ്മര്‍ദത്തിന് മുന്നില്‍ അത് പാഴ്‌വാക്കായി. പക്ഷെ, ഇപ്പോഴത് അനിവാര്യമാവുകയാണ്.

ഹൈദരാബാദ്, അദിലാബാദ്, ഖമ്മം, കരിംനഗര്‍, മെഹബൂബ്‌നഗര്‍, മേദക്, നല്‍ഗോണ്ട, നിസാമബാദ്, രംഗറെഡ്ഡി, വാറംഗല്‍ എന്നീ പത്ത് ജില്ലകള്‍ ഉള്‍പ്പെട്ടതാണ് തെലുങ്കാന. കൃഷ്ണ-ഗോദാവരി തടത്തില്‍ 1.14 ലക്ഷം ചതുരശ്ര കി.മി. അധികം വലിപ്പമുള്ള പ്രദേശത്ത് കഴിഞ്ഞ സെന്‍സസ് അനുസരിച്ച് 3.52 കോടിയാണ് ജനസംഖ്യ. (കേരളത്തിലെ ജനസംഖ്യ 3.33 കോടിയാണ്). കാര്‍ഷിക പ്രാധാന്യമുള്ള മേഖലയുടെ അവികസിതാവസ്ഥ തന്നെയായിരുന്നു പ്രത്യേക സംസ്ഥാനം എന്ന മുറവിളിക്ക് പ്രധാന കാരണം. ആന്ധ്രയുടെ മറ്റ് മേഖലകളില്‍ നിന്നുള്ളവര്‍ തങ്ങളുടെ ഭൂമിയും വിഭവങ്ങളും തൊഴിലും കൈയടക്കുന്നുവെന്നും അവര്‍ ആവലാതിപ്പെട്ടു.

എന്നാല്‍ തീരദേശ ആന്ധ്ര, റായലസീമ പ്രദേശത്തുകാര്‍ക്കും തങ്ങളുടേതായ ആശങ്കകളുണ്ട്. ഇതുവരെ തലസ്ഥാനമായിരുന്ന ഹൈദരാബാദ് കൈവിട്ടു പോകുന്നതിലെ വൈകാരികതയില്‍ മാത്രം അതൊതുങ്ങുന്നില്ല. പ്രത്യേക സംസ്ഥാനം വരുന്നതോടെ കൃഷ്ണ, ഗോദാവരി നദികളില്‍ പുതിയ അണക്കെട്ടുകള്‍ ഉയരുമെന്നും ഇപ്പോഴത്തെ ഡാമുകളുടെ ശേഷി വര്‍ധിപ്പിക്കുമെന്നും അവര്‍ ആശങ്കപ്പെടുന്നു. കുടിക്കാനും കൃഷിക്കുമുള്ള വെള്ളം മുട്ടുമെന്നാണ് അവരുടെ പ്രധാന ആശങ്ക. അത് മുതലെടുക്കാനും ചൂഷണം ചെയ്യാനും വ്യാവസായിക-വാണിജ്യ ലോബികളുമുണ്ട്. അത്തരം ആശങ്കകളും ആവലാതികളും പരിഹരിക്കുകയും വിഭവങ്ങള്‍ ന്യായമായി പങ്കുവെക്കുകയും ചെയ്യുമ്പോഴേ പൂര്‍ണ അര്‍ഥത്തില്‍ ആന്ധ്രപ്രദേശിന്റെ വിഭജനം പൂര്‍ത്തിയാകൂ.


Other News in this section
പാകിസ്താനില്‍നിന്നുള്ള പ്രാവിനെ ഇന്ത്യ 'ജയിലിലടച്ചു'
നടപടി ചാരപ്രവര്‍ത്തനം സംശയിച്ച് ചണ്ഡീഗഢ്: സംശയാസ്പദമായ സാഹചര്യത്തില്‍ പാകിസ്താനില്‍നിന്നെത്തിയ വെള്ളപ്രാവിനെ പഞ്ചാബ് പോലീസ് കസ്റ്റഡിയിലെടുത്ത് ജയിലിലടച്ചു. ചാരപ്രവര്‍ത്തനത്തിന് അയച്ചതാണെന്ന സംശയത്തെത്തുടര്‍ന്നാണ് പ്രാവ് 'അകത്താ'യത്. പ്രാവില്‍നിന്ന് പ്ലാസ്റ്റിക് വയര്‍പോലുള്ള വസ്തുവും വാല്‍ഭാഗത്ത് ഉര്‍ദുവിലുള്ള അടയാളങ്ങളും കണ്ടെത്തി. കൂടാതെ പാകിസ്താനിലെ ..

Latest news

- -

 

 

 

 

 

 

 

 

 

- -