LATEST NEWS » INDIA
  Jul 31, 2013
വിദര്‍ഭ സംസ്ഥാനത്തിനായും പ്രക്ഷോഭം ശക്തമാകുന്നു
നാഗ്പുര്‍: തെലുങ്കാന സംസ്ഥാന രൂപവത്കരണത്തിന് കേന്ദ്രസര്‍ക്കാര്‍ പച്ചക്കൊടി കാട്ടിയിരിക്കെ മഹാരാഷ്ട്ര വിഭജിച്ച് വിദര്‍ഭ സംസ്ഥാനം രൂപവത്ക്കരിക്കണമെന്ന ആവശ്യം വീണ്ടും സജീവമാകുന്നു.

കോണ്‍ഗ്രസ് എം.പി.മാരുള്‍പ്പെടെയുള്ളവരാണ് ഈ ആവശ്യമുന്നയിക്കുന്നത്. ആഗസ്ത് അഞ്ചിന് ഡല്‍ഹിയിലെ ജന്തര്‍മന്ദറില്‍ ധര്‍ണനടത്തുമെന്ന് വിദര്‍ഭ അനുകൂല നേതാക്കള്‍ പറഞ്ഞു.

മഹാരാഷ്ട്ര സംസ്ഥാനം രൂപവത്കരിച്ച് 50 വര്‍ഷം പിന്നിട്ടിട്ടും വിദര്‍ഭ മേഖലയുടെ സാമ്പത്തിക പിന്നാക്കാവസ്ഥ മാറ്റാന്‍ കഴിഞ്ഞിട്ടില്ലെന്ന് സംസ്ഥാനത്തിനായി വാദിക്കുന്നവര്‍ ചൂണ്ടിക്കാട്ടുന്നു. മഹാരാഷ്ട്രയുടെ കിഴക്കന്‍ മേഖലയില്‍ നാഗ്പുര്‍, അമരാവതി, അകോള, വാര്‍ധ, ചന്ദ്രപുര്‍, ഗഡ്ച്ചിരോളി, യവത്മാല്‍ തുടങ്ങി 11 ജില്ലകള്‍ ഉള്‍പ്പെടുന്ന മേഖലയാണ് വിദര്‍ഭ. കാര്‍ഷിക-ധാതു സമ്പന്നമായ പ്രദേശമാണെങ്കിലും ഇപ്പോഴും മേഖലയില്‍ വേണ്ടത്ര വികസനം ഉണ്ടായിട്ടില്ല. കര്‍ഷക ആത്മഹത്യകൊണ്ട് കുപ്രസിദ്ധവുമാണ് പ്രദേശം.

വര്‍ഷങ്ങള്‍ക്ക് മുമ്പുതന്നെ വിദര്‍ഭ സംസ്ഥാനത്തിനായുള്ള ആവശ്യം ഉയര്‍ന്നിരുന്നു. അന്നത്തെ പ്രമുഖ കോണ്‍ഗ്രസ് നേതാക്കളും കേന്ദ്രമന്ത്രിമാരുമായിരുന്ന വസന്ത് സാഠെയും എന്‍.കെ.പി. സാല്‍വെയുമായിരുന്നു ഇതിനുപിന്നില്‍. ഇക്കാര്യത്തെക്കുറിച്ച് പഠിക്കാന്‍ അന്നത്തെ പ്രധാനമന്ത്രി രാജീവ്ഗാന്ധി കേന്ദ്രമന്ത്രിയായിരുന്ന പി.എ. സാങ്മയെ ചുമതലപ്പെടുത്തി. വിദര്‍ഭയ്ക്കനുകൂലമായായിരുന്നു അദ്ദേഹത്തിന്റെ റിപ്പോര്‍ട്ട്. എന്നാല്‍ അന്നത് നടന്നില്ല.

പിന്നീടും ഒട്ടേറെ പ്രക്ഷോഭങ്ങള്‍ നടന്നിരുന്നു. നാഗ്പുരില്‍നിന്നുള്ള കോണ്‍ഗ്രസ് എം.പി. വിലാസ് മുത്തംവാര്‍, മുന്‍ ബി.ജെ.പി. എം.പി. ബന്‍വരിലാല്‍ പുരോഹിത് തുടങ്ങിയ പ്രമുഖരാണ് ഇപ്പോള്‍ വിദര്‍ഭ സംസ്ഥാനത്തിനായി വാദിക്കുന്നവരില്‍ പ്രമുഖര്‍. മുന്‍ ഡി.ജി.പി. പ്രബീര്‍ ചക്രവര്‍ത്തി, മുന്‍ എം.എല്‍.എ. വാമന്‍ റാവു ചതപ്പ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ജന്തര്‍മന്ദറില്‍ ധര്‍ണ സംഘടിപ്പിക്കുന്നത്.

Latest news