LATEST NEWS » INDIA
  Jul 31, 2013
ശ്രീശാന്ത് പന്ത്രണ്ടാം പ്രതി
ഷൈന്‍ മോഹന്‍
* ശ്രീശാന്തുള്‍പ്പെടെ 21 പേരുടെ ജാമ്യം റദ്ദാക്കണമെന്ന് പോലീസ്
* രാഹുല്‍ ദ്രാവിഡ് ഒമ്പതാം സാക്ഷി

ന്യൂഡല്‍ഹി: ഐ.പി.എല്‍. ഒത്തുകളിക്കേസില്‍ ഇന്ത്യന്‍ താരം ശ്രീശാന്ത് ഉള്‍പ്പെടെ 39 പേരെ പ്രതികളാക്കി ഡല്‍ഹി പോലീസ് ചൊവ്വാഴ്ച കുറ്റപത്രം നല്കി. അധോലോക നേതാവ് ദാവൂദ് ഇബ്രാഹിമും ഛോട്ടാ ഷക്കീലുമുള്‍പ്പെടെ പത്തുപേരെ പിടികിട്ടാപ്പുള്ളികളായി കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തി. ബാക്കി 29 പേരും അറസ്റ്റിലാണ്. ഇതില്‍ ശ്രീശാന്ത് ഉള്‍പ്പെടെ 21 പേരുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട ഹര്‍ജിയും ഡല്‍ഹി പോലീസ് ചൊവ്വാഴ്ച കോടതിയില്‍ നല്കി.

ശ്രീശാന്തിനെ പന്ത്രണ്ടാം പ്രതിയായാണ് കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയത്. പതിമ്മൂന്നാം പ്രതി ജിജു ജനാര്‍ദനനുമായും 26-ാം പ്രതി അഭിഷേക് ശുക്ലയുമായും മാത്രമാണ് ശ്രീശാന്തിന് ബന്ധമെന്ന് കുറ്റപത്രത്തില്‍ ചൂണ്ടിക്കാട്ടുന്നു. അധോലോക നേതാക്കളുമായി നേരിട്ട് ബന്ധപ്പെട്ട അശ്വനി അഗര്‍വാളാണ് ഒന്നാംപ്രതി. വാതുവെപ്പുകാരുമായി നേരിട്ട് ബന്ധപ്പെട്ടെന്ന് പോലീസ് ആരോപിക്കുന്ന രാജസ്ഥാന്‍ റോയല്‍സ് താരം അജിത് ചാന്‍ഡില എട്ടാംപ്രതിയാണ്. ഒത്തുകളിക്ക് ഇടനില നിന്നെന്ന് പറയുന്ന ശ്രീശാന്തിന്റെ സുഹൃത്ത് ജിജു ജനാര്‍ദനന്‍ 13-ാം പ്രതിയും രാജസ്ഥാന്‍ റോയല്‍സ് താരം അങ്കിത് ചവാന്‍ 14-ാം പ്രതിയുമാണ്. കുറ്റപത്രം കോടതി ബുധനാഴ്ച പരിഗണിക്കും.

രാജസ്ഥാന്‍ റോയല്‍സ് താരങ്ങളായ രാഹുല്‍ ദ്രാവിഡ്, ഹര്‍മീത് സിങ്, സിദ്ധാര്‍ഥ് ത്രിവേദി എന്നിവര്‍ ഉള്‍പ്പെടെ 165 പേരെ സാക്ഷികളാക്കിയിട്ടുണ്ട്. ദ്രാവിഡ് ഒമ്പതാം സാക്ഷിയും ത്രിവേദിയും ഹര്‍മീദ് സിങ്ങും പന്ത്രണ്ടും പതിമ്മൂന്നും സാക്ഷികളുമാണ്. അറസ്റ്റിലായ താരങ്ങള്‍ പാര്‍ട്ടികളില്‍ പങ്കെടുത്തതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ നല്കാനാണ് ത്രിവേദിയെ സാക്ഷിയാക്കിയത്. എറണാകുളം ക്രിക്കറ്റ് ക്ലബ് ചെയര്‍മാന്‍ പി. ശിവകുമാര്‍, എം.ആര്‍.എഫ്. പേസ് ഫൗണ്ടേഷന്‍ ചീഫ് കോച്ച് എം. സെന്തില്‍നാഥന്‍ എന്നിവരും 84-ഉം 85-ഉം സാക്ഷികളാണ്. ജിജുവും ശ്രീശാന്തും ഒരുമിച്ച് കളിച്ചതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ നല്കാനാണ് സെന്തില്‍നാഥനെ സാക്ഷിയാക്കിയതെന്ന് പോലീസ് വ്യക്തമാക്കുന്നു.

Latest news