LATEST NEWS » WORLD
  Jul 31, 2013
മുര്‍സി ആരോഗ്യവാനെന്ന് യൂറോപ്യന്‍ യൂണിയന്‍ പ്രതിനിധി
കയ്‌റോ: പുറത്താക്കപ്പെട്ട പ്രസിഡന്‍റ് മുഹമ്മദ് മുര്‍സിയെ കാണുന്നതിന് യൂറോപ്യന്‍ യൂണിയന്‍ പ്രതിനിധിയെ ഈജിപ്ഷ്യന്‍ ഭരണകൂടം അനുവദിച്ചു. ആദ്യമായാണ് മുര്‍സിയെ കാണുന്നതിന് രാജ്യത്തിന് പുറത്തുള്ള ഒരാളെ ഭരണകൂടം അനുവദിച്ചത്.

യൂറോപ്യന്‍ യൂണിയന്‍ വിദേശകാര്യ നയതന്ത്ര മേധാവി കാതറിന്‍ ആഷ്ടനാണ് മുര്‍സിയെ സന്ദര്‍ശിച്ചത്. പ്രശ്‌നപരിഹാരത്തിന് ഇരുകൂട്ടര്‍ക്കും സമ്മതമായതിനെത്തുടര്‍ന്നാണ് ആഷ്ടന്‍ പ്രശ്‌നപരിഹാരത്തിന് മധ്യസ്ഥയായത്.

മുര്‍സിക്ക് ടെലിവിഷന്‍ അനുവദിച്ചിട്ടുണ്ടെന്നും രാജ്യത്തെ വിവരങ്ങള്‍ മനസ്സിലാക്കുന്നുണ്ടെന്നും ആഷ്ടന്‍ പറഞ്ഞു. മുര്‍സിക്കെതിരെ കൊലക്കുറ്റം ചുമത്തിയിട്ടുണ്ട്. പ്രസിഡന്‍റ് പദവിയിലുള്ള അവകാശം ഉപേക്ഷിച്ചാല്‍ മുര്‍സിയെ രാജ്യംവിടാന്‍ ഭരണകൂടം അനുവദിക്കുമെന്ന നിര്‍ദേശം മുന്നോട്ടുവെച്ചെന്ന ഊഹാപോഹങ്ങളും ആഷ്ടന്‍ നിഷേധിച്ചു.

രണ്ടാഴ്ചയ്ക്കിടെ രണ്ടാമത്തെ കയ്‌റോ സന്ദര്‍ശനമാണ് ആഷ്ടന്‍ നടത്തിയത്. സൈനിക ജനറലിനെയും നിലവിലുള്ള ഭരണാധികാരികളെയും അദ്ദേഹം സന്ദര്‍ശിച്ചിരുന്നു. പ്രശ്‌നത്തില്‍ ഇടപെടണമെങ്കില്‍ മുര്‍സിയെക്കാണണമെന്ന് ആഷ്ടന്‍ പറഞ്ഞതിനെത്തുടര്‍ന്നാണ് അതിന് ഭരണകൂടം അനുമതി നല്‍കിയത്. സൈനിക ഹെലികോപ്റ്ററിലാണ് കൊണ്ടുപോയതെങ്കിലും ഏതു സ്ഥലത്തുവെച്ചാണ് മുര്‍സിയെ കണ്ടതെന്ന് തനിക്കും അറിയില്ലെന്നാണ് ആഷ്ടന്‍ പറഞ്ഞത്. രക്തച്ചൊരിച്ചില്‍ ഒഴിവാക്കുന്നതിന് മുര്‍സിയുടെ മുസ്‌ലിം ബ്രദര്‍ഹുഡും ഭരണകൂടവുമായി ഒത്തുതീര്‍പ്പിലെത്തണമെന്ന് അമേരിക്കയുള്‍പ്പെടെയുള്ള വിദേശരാജ്യങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇരുകൂട്ടരും അമേരിക്കയെ സംശയത്തോടെ കാണുന്നതിനാലാണ് യൂറോപ്യന്‍ യൂണിയന്‍ പ്രശ്‌നത്തില്‍ ഇടപെട്ടത്.

ആഭ്യന്തര കലഹത്തെത്തുടര്‍ന്ന് കഴിഞ്ഞ ജൂലായ് മൂന്നിനാണ് മുര്‍സിയെ പുറത്താക്കി താത്കാലിക ഭരണകൂടത്തെ ഈജിപ്തില്‍ പട്ടാളം ഭരണമേല്പിച്ചത്.

Latest news