LATEST NEWS » WORLD
  Jul 31, 2013
ഇസ്രായേല്‍-പലസ്തീന്‍ ചര്‍ച്ച 'ഇഫ്താറില്‍' തുടങ്ങി
വാഷിങ്ടണ്‍ : ഇസ്രായേല്‍-പലസ്തീന്‍ സമാധാന ചര്‍ച്ചകള്‍ക്ക് അമേരിക്കന്‍ മധ്യസ്ഥതയില്‍ തുടക്കമായി. ഇരുരാജ്യങ്ങളുടെയും പ്രതിനിധികള്‍ക്ക് യു.എസ്. വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറി നല്‍കിയ ഇഫ്താര്‍ വിരുന്നോടെയാണ് ചര്‍ച്ചകള്‍ക്ക് തുടക്കമായത്.

ഇസ്രായേലില്‍നിന്ന് നിയമമന്ത്രി സി.പി. ലിവ്‌നി, യിറ്റ്‌സാക് മോല്‍കോ, പലസ്തീനില്‍നിന്ന് സയബ് എറേകാട്ട്, മുഹമ്മദ് ഷ്റ്റായേ എന്നിവരാണ് വാഷിങ്ടണില്‍ എത്തിയത്. ഇരുസംഘങ്ങളെയും കെറി പ്രത്യേകം കണ്ടു. ചര്‍ച്ചകളില്‍ തങ്ങളുടെ നിലപാടുകളില്‍ വിട്ടുവീഴ്ചകള്‍ നടത്താന്‍ ഇരുസംഘങ്ങളോടും കെറി ആവശ്യപ്പെട്ടു. കെറി, ചര്‍ച്ചകള്‍ക്ക് നേതൃത്വം കൊടുക്കാന്‍ അമേരിക്ക നിയോഗിച്ച മാര്‍ട്ടിന്‍ ഇന്‍ഡിക് എന്നിവരുള്‍പ്പെടെയുള്ള അഞ്ചംഗസംഘം ഇഫ്ത്താറില്‍ സംഘങ്ങള്‍ക്കൊപ്പം പങ്കെടുത്തു. ഇസ്രായേലിലെ മുന്‍ അമേരിക്കന്‍ അംബാസഡറായിരുന്നു ഇന്‍ഡിക്.

ചര്‍ച്ചകള്‍ക്ക് ലക്ഷ്യംകാണുകയെന്നത് ഏറ്റവും വിഷമമേറിയ കാര്യമാണെന്നും എളുപ്പത്തില്‍ സാധിക്കുമായിരുന്നെങ്കില്‍ അത് എന്നേ നടക്കുമായിരുന്നുവെന്നും കെറി പറഞ്ഞു. അതിര്‍ത്തി, സുരക്ഷാ വിഷയങ്ങളില്‍ ഇരു രാജ്യങ്ങളുമായി ഒട്ടേറെ അഭിപ്രായവ്യത്യാസമുണ്ടെന്ന പലസ്തീന്‍ പ്രസിഡന്‍റ് മഹ്മൂദ് അബാസിന്റെ പ്രസ്താവന കെറിയുടെ ആശങ്കയ്ക്ക് ആക്കംകൂട്ടുന്നുണ്ട്. പലസ്തീന്‍ മണ്ണില്‍ ഒരു ഇസ്രായേലി ഭടനോ പൗരനോ അവശേഷിക്കാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നും അബാസ് പറഞ്ഞിരുന്നു.

ചര്‍ച്ചകള്‍ക്ക് തുടക്കംകുറിച്ചെങ്കിലും ഏതെല്ലാം കാര്യങ്ങളില്‍ ഇരു കൂട്ടരും വിട്ടുവീഴ്ചകള്‍ക്ക് തയ്യാറാവുമെന്ന് വ്യക്തമായിട്ടില്ല. വിട്ടുവീഴ്ചകള്‍ സംബന്ധിച്ച് സഖ്യകക്ഷികളെയും അനുയായികളെയും ബോധ്യപ്പെടുത്താന്‍ നെതന്യാഹുവിനും അബാസിനും ഏറെ വിയര്‍പ്പൊഴുക്കേണ്ടി വരും. ചര്‍ച്ച സംബന്ധിച്ച് ഇരു ഭാഗത്തുമുള്ള സഖ്യകക്ഷികള്‍ക്കിടയ്ക്ക് ഇതിനകം തന്നെ ശക്തമായ വിയോജിപ്പുകള്‍ ഉടലെടുത്തിട്ടുണ്ട്.

Latest news