LATEST NEWS » WORLD
  Jul 31, 2013
മാംനൂന്‍ ഹുസൈന്‍ പാകിസ്താന്‍ പ്രസിഡന്‍റ്
ഇസ്‌ലാമാബാദ്: പാകിസ്താന്റെ 12-ാം പ്രസിഡന്‍റായി ഇന്ത്യന്‍ വംശജനായ മാംനൂന്‍ ഹുസൈന്‍ തിരഞ്ഞെടുക്കപ്പെട്ടു. അഞ്ച് വര്‍ഷം അധികാരത്തിലിരുന്ന ആസിഫ് അലി സര്‍ദാരിയുടെ പിന്‍ഗാമിയായി സപ്തംബര്‍ ഒമ്പതിന് അദ്ദേഹം സ്ഥാനമേല്‍ക്കും.

ചൊവ്വാഴ്ച നടന്ന വോട്ടെടുപ്പില്‍ തെഹ്‌രിക് ഇ ഇന്‍സാഫ് പാര്‍ട്ടിയുടെ വജിഹുദ്ദീന്‍ അഹ്മദിനെയാണ് വന്‍ഭൂരിപക്ഷത്തില്‍ അദ്ദേഹം തോല്പിച്ചത്. ഭരണകക്ഷിയായ പാകിസ്താന്‍ മുസ്‌ലിം ലീഗ് (എന്‍) നേതാവായ ഹുസൈന്‍, പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ വിശ്വസ്തനാണ്. തിരഞ്ഞെടുപ്പ് നേരത്തേയാക്കിയതില്‍ പ്രതിഷേധിച്ച് പാകിസ്താന്‍ പീപ്പിള്‍സ് പാര്‍ട്ടി സ്ഥാനാര്‍ഥിയെ പിന്‍വലിച്ചിരുന്നു. രണ്ട് സ്ഥാനാര്‍ഥകിള്‍ മാത്രമാണ് മത്സരരംഗത്തുണ്ടായിരുന്നത്.

ദേശീയ പാര്‍ലമെന്‍റിലെ ഇരുസഭകളിലെയും നാല് പ്രവിശ്യാ അസംബ്ലികളിലെയും 1170 അംഗങ്ങളാണ് ചൊവ്വാഴ്ച നടന്ന വോട്ടെടുപ്പില്‍ പങ്കെടുത്തത്. എന്നാല്‍ ആകെ വോട്ടിന്റെ മൂല്യം 702 ആണ്. പ്രവിശ്യാ അസംബ്ലിയിലെ വോട്ടുകള്‍ക്ക് മൂല്യം കുറവായതിനാലാണിത്. ഹുസൈന് ആകെ 432 വോട്ട് കിട്ടിയപ്പോള്‍ വജിഹുദ്ദീന്‍ അഹ്മദിന് 77 വോട്ട് മാത്രമേ ലഭിച്ചുള്ളൂ. അസംബ്ലിയിലും സെനറ്റിലും നിന്നു മാത്രം ഹുസൈന് 277 വോട്ട് ലഭിച്ചു. ജയിക്കാന്‍ വേണ്ടത് 263 ആണ്. ഖൈബര്‍ പഷ്ത്തൂണ്‍ഖ്വയില്‍ മാത്രമാണ് വജിഹുദ്ദീന്‍ അഹ്മദ് മുന്നിലെത്തിയത്.

ആഗ്രയിലാണ് 73-കാരനായ ഹുസൈനിന്റെ ജനനം. 1947-ല്‍ ഇന്ത്യാവിഭജനത്തെത്തുടര്‍ന്ന് പാകിസ്താനിലെത്തുകയായിരുന്നു. 99-ല്‍ കുറച്ചുകാലം സിന്ധ് പ്രവിശ്യയുടെ ഗവര്‍ണറായിരുന്നു.

Latest news