AGRICULTURE
  Jul 29, 2013
ടെറസില്‍ ഒരു ഹരിതഗാഥ

പത്തിരിപ്പാല: വിളഞ്ഞുപാകമായ ക്വാളിഫ്ലവര്‍, മുഴുത്തുരുണ്ട കാബേജ്, കൊച്ചുപന്തല്‍ നിറയെ പടവലം, നീളന്‍ ചൈനീസ്പയര്‍, കാബേജിനൊപ്പം രണ്ടുവരി നിറയെ കാരറ്റും.ടെറസില്‍ മുരുകന്‍ നട്ടുനനച്ചുണ്ടാക്കിയ പച്ചക്കറിത്തോട്ടത്തില്‍ പച്ചമുളകും നിലക്കടലയും പാവയ്ക്കയും തക്കാളിയും കൂടെയുണ്ട്.മാങ്കുറുശ്ശി കുണ്ടുപറമ്പില്‍ 'ദേവകിഭവന'ത്തിന്റെ 1,200 ചതുരശ്രയടി ടെറസിലാണ് തോട്ടങ്ങളെ വെല്ലുന്ന പച്ചക്കറിക്കൃഷി.സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ പത്തിരിപ്പാല ശാഖയില്‍നിന്ന് വിരമിച്ച മുരുകന് കൃഷിവിട്ടൊരു വിശ്രമജീവിതമില്ല.പത്തുസെന്റ് സ്ഥലമുള്ളതില്‍ അഞ്ചുസെന്റ് സ്ഥലത്താണ് വീട് പണിതത്.

വീടിന്റെ മുറ്റം മുഴുവന്‍ പൂന്തോട്ടമാണ്. ആന്തൂറിയം, ഓര്‍ക്കിഡ്, ജമന്തി, റോസ്, ബോഗന്‍വില്ല തുടങ്ങി കൊടൈക്കനാലില്‍മാത്രം കാണുന്ന ഹൈഡ്‌റൈഞ്ചും കാശ്മീര്‍ ഫ്ലവറുംവരെ വര്‍ണക്കാഴ്ചയൊരുക്കുന്നു.

വീടിനരികിലും അടുക്കളഭാഗത്തുമൊക്കെ വഴുതിനയും പച്ചമുളകും ചീരയും വെണ്ടയും ചോളവും മുതല്‍ മല്ലിത്തഴയും മഞ്ഞളുംവരെ ഇടതിങ്ങിയുണ്ട്. മതിലിനരികില്‍ കമുകുമരം കായ്ച്ചുതുടങ്ങി.

ജൈവവളം മാത്രമുപയോഗിച്ചാണ് പച്ചക്കറിക്കൃഷി ചെയ്യുന്നതെന്ന് മുരുകന്‍ പറഞ്ഞു. കീടനാശിനിയായി ഗോമൂത്രം തളിക്കും. കടലപ്പിണ്ണാക്കും ചാണകവും വെള്ളവും മിശ്രിതമായി തൈകള്‍ക്ക് ചുവട്ടിലൊഴിച്ച് ഉറുമ്പുശല്യം നേരിടും. രണ്ടുനേരം നനയുണ്ട്. പാത്രത്തില്‍ വെള്ളമെടുത്ത് തൈകള്‍ക്കുചുവട്ടില്‍ ഒഴിക്കുകയാണ് രീതി.
പോളിത്തീന്‍കവറില്‍ മണ്ണും ചാണകപ്പൊടിയും ചേര്‍ത്താണ് തൈകള്‍ മുളപ്പിക്കുക.

കവറുകള്‍ക്കടിയിലായി തെങ്ങോലയുടെ തണ്ടും ചകിരിയും വിരിക്കും. വെള്ളം വാര്‍ത്ത് വിടാനാണിത്.
45 ദിവസംകൊണ്ട് ഒരുകിലോയോളം തൂക്കംവരുന്ന ക്വാളിഫ്ലവര്‍ വിളവെടുക്കാമെന്ന് മുരുകന്‍ പറഞ്ഞു. വിപണിയില്‍ കിലോയ്ക്ക് 30 രൂപയാണ് വില.
2008ല്‍ ബാങ്കില്‍നിന്ന് വിരമിച്ചശേഷം തുടങ്ങിയ പച്ചക്കറിക്കൃഷിയില്‍ നാളിതേവരെ ലാഭത്തിന്റെ കണക്കുമാത്രമേ മുരുകനും ഭാര്യ ദേവകിക്കും പറയാനുള്ളൂ.

ടെറസായതിനാല്‍ കോണ്‍ക്രീറ്റിന്റെ ചൂടും കടുത്ത വെയിലും പ്രതിരോധിക്കാന്‍ മുകളില്‍ പച്ചനെറ്റിന്റെ ആവരണവുമുണ്ട്.
വിറ്റുവരവ് ലാഭത്തേക്കാളുപരി ചെടികളെ പരിചരിക്കുമ്പോള്‍ കിട്ടുന്ന സംതൃപ്തിയാണ് തനിക്ക് ഹരമാകുന്നതെന്നാണ് മുരുകന്റെ പച്ചക്കറികൃഷിപാഠം.
Other News in this section
ആടുവളര്‍ത്തലിലെ പുതുമകള്‍
എഴുപത്തിരണ്ടാം വയസ്സിലും ചുറുചുറുക്കോടെ ഇരുപത് വര്‍ഷം മുമ്പ് തുടങ്ങിയ ആടുവളര്‍ത്തലില്‍ പുതുമകള്‍ തേടുകയാണ് കോഴിക്കോട് ജില്ലയില്‍ നരിക്കുനിയിലെ പാലങ്ങാട് പൂളക്കാപറമ്പില്‍ വാസുദേവന്‍ നായര്‍. തന്റെ ഓരോ പ്രവൃത്തിയിലും പരമ്പരാഗത രീതിയിലുള്ള കര്‍ഷകരില്‍നിന്ന് വ്യത്യസ്തനാവാന്‍ ശ്രമിക്കുകയാണ് ഈ മുന്‍ നാവികസേനാ ഉദ്യോഗസ്ഥന്‍. ഇരുപത്തെട്ട് ആടുകളെ വളര്‍ത്താന്‍ ..

Latest news