LATEST NEWS
  Jun 16, 2013
എ.ഐ.സി.സി പുനഃസംഘടിപ്പിച്ചു
ന്യൂഡല്‍ഹി: കേന്ദ്രമന്ത്രിസഭാ പുനഃസംഘടനയുടെ മുന്നോടിയായി എ.ഐ.സി.സി പുനഃസംഘടിപ്പിച്ചു. പ്രവര്‍ത്തകസമിതിയില്‍ 21 പേരാണുള്ളത്. പന്ത്രണ്ട് ജനറല്‍ സെക്രട്ടറിമാരെയും 42 സ്വതന്ത്രചുമതലയുള്ള സെക്രട്ടറിമാരെയും തിരഞ്ഞെടുത്തു.

എ.കെ ആന്റണി പ്രവര്‍ത്തകസമിതിയില്‍ തുടരും. സോണിയ ഗാന്ധിയുടെ രാഷ്ട്രീയകാര്യ സെക്രട്ടറിയായി അഹമ്മദ് പട്ടേലും തുടരും. ദിഗ് വിജയ് സിങ്ങും അജയ് മാക്കനും സിപി ജോഷിയും പ്രവര്‍ത്തകസമിതിയിലുണ്ട്. രാഹുല്‍ ഗാന്ധി പോഷകസംഘടനകളുടെ മേല്‍നോട്ടം വഹിക്കും. അജയ് മാക്കനാണ് കമ്യൂണിക്കേഷന്‍ ചുമതല.

അംബികാ സോണി, ഷക്കീല്‍ അഹമ്മദ്, ഗുരുദാസ് കാമത്ത് എന്നിവര്‍ ജനറല്‍ സെക്രട്ടറിമാരിലുള്‍പ്പെടുന്നു. സോണിയ ഗാന്ധിയുടെ ഓഫീസിന്റെ മേല്‍നോട്ടമുള്ള ജനറല്‍ സെക്രട്ടറിയായിരിക്കും അംബികാ സോണി. കേരളത്തിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക്കാണ്. അദ്ദേഹത്തെ സഹായിക്കുന്ന സെക്രട്ടറിമാരുടെ സംഘത്തില്‍ വി.ഡി സതീശനെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ജനറല്‍ സെക്രട്ടറിമാരായിരുന്ന ഗുലാം നബി ആസാദ്, ബിരേന്ദര്‍ സിങ്ങ്, ഓസ്‌കാര്‍ ഫെര്‍ണാണ്ടസ്, വിലാസ് മുത്തംവര്‍ എന്നിവരെ ഒഴിവാക്കി.

Latest news