LATEST NEWS
  Jun 16, 2013
ജനതാദള്‍ യുണൈറ്റഡ് എന്‍ഡിഎ വിട്ടു


ന്യൂഡല്‍ഹി: മോഡി പ്രശ്‌നത്തില്‍ പിണങ്ങി പതിനേഴ് വര്‍ഷത്തെ സഖ്യം അവസാനിപ്പിച്ച് ജനതാദള്‍ യുണൈറ്റഡ് എന്‍ .ഡി.എ വിട്ടു. ബിഹാര്‍ മുഖ്യമന്ത്രി നിതീഷ്‌കുമാര്‍ ഗവര്‍ണര്‍ ഡി വൈ പാട്ടീലിനെ കണ്ട് ബിജെപിയുമായുള്ള സംസ്ഥാനത്തെ സഖ്യം അവസാനിപ്പിക്കുകയാണെന്ന് വ്യക്തമാക്കി. ഗവര്‍ണരുടെ വസതിയിലായിരുന്നു കൂടിക്കാഴ്ച നടന്നത്.

നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കുന്നതിന് അവസരം നല്‍കണമെന്ന് അദ്ദേഹം ഗവര്‍ണറോട് അഭ്യര്‍ഥിച്ചു. അതിനായി ഈ മാസം 19-ന് സഭ വിളിച്ചുചേര്‍ക്കും. ഗവര്‍ണറെ കണ്ടശേഷം വിളിച്ചുകൂട്ടിയ വാര്‍ത്താസമ്മേളനത്തില്‍ ഇക്കാര്യം ശരത് യാദവും നിതീഷ്‌കുമാറും ഔദ്യോഗികമായി പ്രഖ്യാപിച്ചു.

ശരത് യാദവ് എന്‍ .ഡി.എ കണ്‍വീനര്‍ സ്ഥാനവും രാജിവെച്ചു. ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിയെ പ്രധാനമന്ത്രി സ്ഥാനത്തേയ്ക്ക് കൊണ്ടുവരുന്നതില്‍ പ്രതിഷേധിച്ചാണ് സഖ്യം വിടാന്‍ ജനതാദള്‍ യുണൈറ്റഡ് തീരുമാനിച്ചത്. മോഡിയെ ഉയര്‍ത്തിക്കാണിക്കുന്നത് രാജ്യത്തിന് അപകടമാണെന്നുള്ള ജെ.ഡി.യു പ്രമേയം യോഗം അംഗീകരിക്കുകയും ചെയ്തു.

ജെ.ഡി.യു അധ്യക്ഷന്‍ ശരത് യാദവുമായും മറ്റ് നേതാക്കളുമായും നിതീഷ്‌കുമാര്‍ നടത്തിയ നീണ്ട ചര്‍ച്ചകളില്‍ വിട്ടുവീഴ്ച വേണ്ടെന്ന വികാരമാണ് പൊതുവായുണ്ടായത്. ഭാവി പ്രധാനമന്ത്രിയായി പാര്‍ട്ടി അവതരിപ്പിക്കുന്ന നരേന്ദ്രമോഡിയുടെ നിര്‍ദേശപ്രകാരം നിതീഷ്‌കുമാറുമായി അവസാനവട്ടചര്‍ച്ചയ്ക്കായി ബി.ജെ.പി. അധ്യക്ഷന്‍ രാജ്‌നാഥ്‌സിങ് രംഗത്തിറങ്ങിയിരുന്നു. എന്നാല്‍ അതിന് ഫലമുണ്ടായില്ല. തിരക്കിട്ട കൂടിയാലോചനകളും സഖ്യം നിലനിര്‍ത്താനുള്ള അവസാനവട്ട ശ്രമങ്ങളുമാണ് പട്‌നയില്‍ നടന്നത്.

നരേന്ദ്രമോഡിയായിരിക്കില്ല എന്‍ .ഡി.എ.യുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയെന്ന് ബി.ജെ.പി. പരസ്യമായി പ്രഖ്യാപിക്കണമെന്നായിരുന്നു നിതീഷ്‌കുമാറിന്റെ ആവശ്യം. എന്നാല്‍ , ബി.ജെ.പി. അതിന് തയ്യാറായില്ല. തുടര്‍ന്ന് രാവിലെ ചേര്‍ന്ന ജനതാദള്‍ യുണൈറ്റഡ് നിര്‍വാഹക സമിതിയോഗമാണ് പ്രമേയം അംഗീകരിച്ചുകൊണ്ട് സഖ്യംവിടാന്‍ തീരുമാനിച്ചത്.

Latest news