LATEST NEWS
  Jun 16, 2013
'മുഖ്യമന്ത്രി സ്വന്തം മൊബൈല്‍ ഉപയോഗിക്കാത്തത് അവിഹിതത്തിന്'
തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സ്വന്തം മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാതെ, പേഴ്‌സണല്‍ സ്റ്റാഫിന്റെ മൊബൈലുകള്‍ ഉപയോഗിക്കുന്നത് അവിഹിത ഇടപാടുകള്‍ക്ക് വേണ്ടിയാണെന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍ ആരോപിച്ചു.

സോളാര്‍ പാനല്‍ തട്ടിപ്പുമായി ബന്ധപ്പെട്ട ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി രാജിവച്ച് ജുഡീഷ്യല്‍ അന്വേഷണം നേരിടണമെന്ന് വി.എസ്.ആവശ്യപ്പെട്ടു. ഈ ആവശ്യം ഉന്നയിച്ച് ശക്തമായ പ്രക്ഷോഭം നടത്തുമെന്ന് അദ്ദേഹം പറഞ്ഞു.

യുഡിഎഫ് സര്‍ക്കാര്‍ തട്ടിപ്പു കമ്പനിയായി മാറിയിരിക്കുകയാണ്. തട്ടിപ്പ് കേസിലെ കൂട്ടുപ്രതിയാണ് ഉമ്മന്‍ചാണ്ടി. പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങളായ ജോപ്പനും ജിക്കുവും അതിന് കൂട്ടുനിന്നതായും പ്രതിപക്ഷനേതാവ് ആരോപിച്ചു. മുഖ്യമന്ത്രിയുടെ ലെറ്റര്‍പാഡിലാണ് തട്ടിപ്പിന് ശുപാര്‍ശക്കത്ത് നല്‍കിയത്.

മുഖ്യമന്ത്രി എന്തുകൊണ്ടാണ് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാത്തത്. അവിഹിത ഇടപാടുകള്‍ക്കുവേണ്ടിയാണ് പേഴ്‌സണല്‍ സ്റ്റാഫിന്റെ മൊബൈല്‍ ഉപയോഗിക്കുന്നത്. ആരോപണം വന്നാല്‍ പേഴ്‌സണല്‍ സ്റ്റാഫിന്റെ തലയില്‍ കെട്ടിവച്ചു രക്ഷപ്പെടാനാണിത് - വിഎസ് ആരോപിച്ചു. സരിത എസ്.നായരുമായുള്ള ബന്ധം എന്താണെന്ന് മുഖ്യമന്ത്രി തുറന്നു പറയണം.

പി.സി. ജോര്‍ജാണ് സോളാര്‍ തട്ടിപ്പിന്റെ കാര്യം തന്നെ അറിയിച്ചതെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞിരുന്നു. ഇതു കള്ളത്തരമാണ്. ക്രിമിനല്‍ പശ്ചാത്തലമുള്ള ആളാണെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ട് അവഗണിച്ചാണ് സലീം രാജിനെ മുഖ്യമന്ത്രി ഗണ്‍മാനാക്കിയതെന്നും വിഎസ് ആരോപിച്ചു.

മുഖ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫില്‍ അംഗമല്ല ഡല്‍ഹിയിലെ തോമസ് കുരുവിള. എന്നിട്ടും അയാള്‍ മുഖ്യമന്ത്രിക്കുവേണ്ടി കാര്യങ്ങള്‍ ചെയ്തുകൊടുക്കുന്നു. കോട്ടയത്തുനിന്ന് ദരിദ്രനായി ഡല്‍ഹിയിലേക്കു പോയ തോമസ് കുരുവിള ഇന്നു കോടീശ്വരനാണ്. അയാളുടെ വരുമാന സ്രോതസ്സ് അന്വേഷിക്കണമെന്നും പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടു.

സാധാരണക്കാര്‍ക്ക് മൂന്നു മണി മുതല്‍ അഞ്ചു മണി വരെയാണ് മുഖ്യമന്ത്രിയുടെ ഓഫീസില്‍ പ്രവേശനമുള്ളത്. എന്നാല്‍ സരിത നായര്‍ക്ക് ഏതു സമയവും മുഖ്യമന്ത്രിയുടെ ഓഫീസില്‍ കയറിച്ചെല്ലാന്‍ അനുവാദമുണ്ട്. ഡല്‍ഹി വിജ്ഞാന്‍ ഭവനില്‍വെച്ചു പ്പോലും ഉമ്മന്‍ചാണ്ടിയും സരിതയും കൂടിക്കാഴ്ച നടത്തി. മുഖ്യമന്ത്രിയുടെ ഓഫീസുമായുള്ള അവരുടെ അടുത്ത ബന്ധമാണ് ഇത് സൂചിപ്പിക്കുന്നതെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.

മുഖ്യമന്ത്രിയും മന്ത്രിമാരും കേന്ദ്രമന്ത്രിമാരും പ്രതിസ്ഥാനത്തുള്ള കേസില്‍ എഡിജിപി ഹേമചന്ദ്രനെ അന്വേഷണത്തിന് നിയോഗിച്ചത് ഉചിതമായില്ലെന്നും വി.എസ് ചൂണ്ടിക്കാട്ടി. കേസില്‍ ആരോപണ വിധേയനായ മുന്‍ മന്ത്രി കെ.ബി. ഗണേഷ് കുമാറിന്റെ ബന്ധുവാണ് ഇയാളെന്നും അന്വേഷണ ചുമതല മാറ്റിനല്‍കണമെന്നും വിഎസ് ആവശ്യപ്പെട്ടു.

Latest news