LATEST NEWS
  Jun 16, 2013
ബിജുവിന്റെ കൂടെയുണ്ടായിരുന്നത് ശാലുമേനോനും അമ്മയും
തൃശ്ശൂര്‍ : സോളാര്‍ പവര്‍ പ്ലാന്റുകളുടെ പേരില്‍ കോടികള്‍ തട്ടിയ കേസിലെ ഒന്നാം പ്രതി ബിജു രാധാകൃഷ്ണന്‍ തൃശ്ശൂരില്‍നിന്ന് രക്ഷപ്പെട്ട ദിവസം നടി ശാലുമേനോനും അമ്മയും ഒപ്പമുണ്ടായിരുന്നതായി പോലീസ്.

മകള്‍ നൃത്തപരിപാടിക്കായി തൃശ്ശൂരിലേയ്ക്ക് പോകുന്നവഴി ബിജു ഫോണില്‍ ബന്ധപ്പെടുകായിരുന്നെന്നാണ് ശാലുമേനോന്റെ അമ്മപറയുന്നു. തന്നെക്കൂടി കൂട്ടുമോയെന്ന് അഭ്യര്‍ത്ഥിച്ചതിനെതുടര്‍ന്നാണ് എറണാകുളത്തുനിന്ന് ബിജുവിനെ കാറില്‍ കയറ്റിയതെന്നും അവര്‍ പറഞ്ഞു. യാത്രാമദ്ധ്യേ ശാലവിന്റെ ഫോണാണ് ബിജു ഉപയോഗിച്ചത്.

അതിനിടെ, ശാലുമേനോന് ടീം സോളാറുമായി അടുത്ത ബന്ധമുണ്ടായിരുന്നതായി തട്ടിപ്പിന് ഇരയായവര്‍ തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണര്‍ ഓഫിസില്‍ മൊഴിനല്‍കിയിട്ടുണ്ട്. കമ്പനിയുടെ എക്‌സിക്യുട്ടിവ് ഡയറക്ടര്‍ എന്ന നിലയിലാണ് ബിജു രാധാകൃഷ്ണന്‍ ഇടപാടുകാര്‍ക്ക് ശാലുമേനോനെ പരിചയപ്പെടുത്തിയിരുന്നത്. കമ്പനിയിലേയ്ക്ക് ജീവനക്കാരെ റിക്രൂട്ട് ചെയ്തിരുന്നതും ശാലുമേനോനായിരുന്നുവെന്ന് മൊഴിനല്‍കിയിട്ടുണ്ട്.

കേസിലെ രണ്ടാംപ്രതിയായ സരിത എസ്. നായര്‍ അറസ്റ്റിലായ വിവരം ബിജു അറിയുന്നത് തൃശ്ശൂര്‍ കുറുപ്പം റോഡിലെ ഹോട്ടലില്‍വെച്ചാണ്. ഡോ. ബിജു എന്നപേരിലാണ് മുറിയെടുത്തിരുന്നത്. ക്രൈംബ്രാഞ്ച് സംഘം തേടിയെത്തുന്നതിന് നിമിഷങ്ങള്‍ക്കുമുമ്പാണ് ബിജു ഹോട്ടലില്‍നിന്ന് കോയമ്പത്തൂരിലേയ്ക്ക് കടന്നത്.

തിരുവനന്തപുരത്തുനിന്ന് ലഭിച്ച വിവരത്തെത്തുടര്‍ന്നാണ് ക്രൈംബ്രാഞ്ച് എസ്.പി. ഉണ്ണിരാജനും സംഘവും ജൂണ്‍ നാലിന് പുലര്‍ച്ചെ തൃശ്ശൂരിലെ ഹോട്ടലിലെത്തുന്നത്. ഹോട്ടലില്‍നിന്ന് ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഡോ. ബിജു രാധാകൃഷ്ണന്‍ എന്ന പേരില്‍ മുറിയെടുത്തത് പ്രതി തന്നെയാണെന്ന് പോലീസ് തിരിച്ചറിഞ്ഞു. ബിജുവിനൊപ്പം സീരിയല്‍ സിനിമാനടിയെയും തൃശ്ശൂരില്‍ കണ്ടതായി പോലീസിന് നേരത്തെ വിവരം ലഭിച്ചിരുന്നു.

Latest news