LATEST NEWS » INDIA
  Jun 16, 2013
കേന്ദ്രമന്ത്രി അജയ് മാക്കന്‍ രാജിവെച്ചു; നീക്കം തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട്‌
പ്രത്യേക ലേഖകന്‍
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍നിന്നുള്ള പ്രമുഖ കോണ്‍ഗ്രസ് നേതാവ് അജയ് മാക്കന്‍ കേന്ദ്രമന്ത്രിസഭയില്‍ നിന്ന് രാജിവെച്ചു. ഏതാനും മാസങ്ങള്‍ക്കകം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന ഡല്‍ഹിയില്‍ പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് രാജിയെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ പറഞ്ഞു.

അദ്ദേഹത്തെ ഡല്‍ഹി പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ അധ്യക്ഷനാക്കുമെന്നാണ് സൂചന. മുഖ്യമന്ത്രി ഷീലാദീക്ഷിതിനെതിരെ ഒരുവിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍ അതൃപ്തി പ്രകടിപ്പിച്ച് രംഗത്തിറങ്ങിയിട്ടുള്ളതും കെജ്‌രി വാളിന്റെ നേതൃത്വത്തില്‍ ആം ആദ്മി പാര്‍ട്ടി ശക്തമായി രംഗത്തുള്ളതും കണക്കിലെടുത്ത് കോണ്‍ഗ്രസ്സിന് പുതിയമുഖം നല്‍കുകയാണ് ലക്ഷ്യം.

ലോക്‌സഭയില്‍ ന്യൂഡല്‍ഹി മണ്ഡലത്തെ പ്രതിനിധാനം ചെയ്യുന്ന അജയ് മാക്കന്‍ കേന്ദ്ര നഗരവികസന-ദാരിദ്ര്യനിര്‍മാര്‍ജന വകുപ്പ് മന്ത്രിയാണ്. രണ്ടാംതവണയാണ് അദ്ദേഹം ന്യൂഡല്‍ഹി മണ്ഡലത്തില്‍നിന്ന് തിരഞ്ഞെടുക്കപ്പെട്ടത്. നേരത്തേ, മൂന്നുതവണ ഡല്‍ഹിയില്‍ എം.എല്‍.എ. ആയിട്ടുണ്ട്.

അജയ് മാക്കന് തുടര്‍ച്ചയായി മറ്റുചില മന്ത്രിമാരും കേന്ദ്രമന്ത്രിസഭയില്‍നിന്ന് രാജിവെച്ചേക്കുമെന്ന് അഭ്യൂഹമുണ്ട്. എ.ഐ.സി.സി.യിലും കേന്ദ്രമന്ത്രിസഭയിലും അഴിച്ചുപണി നടത്താന്‍ അത് അവസരമൊരുക്കും. അശ്വിനി കുമാര്‍, പവന്‍കുമാര്‍ ബന്‍സല്‍ എന്നീ രണ്ടുപേര്‍ രാജിവെച്ച ഒഴിവും നികത്താനുണ്ട്. ഡി.എം.കെ. മന്ത്രിമാര്‍ രാജിവെച്ചതിനുശേഷമുള്ള ഒഴിവുകളും നികത്തിയിട്ടില്ല. ഈ പശ്ചാത്തലത്തില്‍ ചെറിയൊരു മന്ത്രിസഭാ വികസനവും അതോടൊപ്പം എ.ഐ.സി.സി.യില്‍ ചില മാറ്റങ്ങളും വൈകാതെ ഉണ്ടാകും.

Latest news