LATEST NEWS » KERALA
  Jun 16, 2013
മലബാര്‍ സിമന്റ്‌സ്: ശശീന്ദ്രന്റേത് ആത്മഹത്യതന്നെയെന്ന് സി.ബി.ഐ.
കൊച്ചി: മലബാര്‍ സിമന്റ്‌സ് മുന്‍ കമ്പനി സെക്രട്ടറി വി.ശശീന്ദ്രന്റെ മരണം ആത്മഹത്യതന്നെയെന്ന് സി.ബി.ഐ. ശശീന്ദ്രന്റെയും മക്കളുടെയും ദുരൂഹമരണത്തില്‍ വിവാദ വ്യവസായി വി.എം.രാധാകൃഷ്ണനെ പ്രതിചേര്‍ത്തുള്ള കുറ്റപത്രത്തിലാണ് ഇക്കാര്യം പറയുന്നത്. ആത്മഹത്യാപ്രേരണാക്കുറ്റമാണ് രാധാകൃഷ്ണന്റെ പേരില്‍ ചുമത്തിയിട്ടുള്ളത്. ശശീന്ദ്രന്റെയും രണ്ട് മക്കളുടെയും മരണം കൊലപാതകമാണോ എന്ന് പരിശോധിക്കാന്‍ നേരത്തെ ജില്ലാക്കോടതി സി.ബി.ഐ.യോട് നിര്‍ദേശിച്ചിരുന്നു.

സി.ബി.ഐ. കുറ്റപത്രത്തില്‍ രാധാകൃഷ്ണന്‍ മാത്രമാണ് പ്രതിസ്ഥാനത്തുള്ളത്. കേസിലെ രണ്ടും മൂന്നും പ്രതികളായിരുന്ന സുന്ദരമൂര്‍ത്തിയെയും സൂര്യനാരായണനെയും മാപ്പുസാക്ഷിയാക്കിയാണ് സി.ബി.ഐ. അന്വേഷണം അവസാനിപ്പിച്ചിട്ടുള്ളത്. ശശീന്ദ്രന്റെ ശരീരത്തിലേറ്റ മുറിവുകള്‍ കൊലപാതകത്തിന്റെ സൂചനയല്ലെന്നാണ് സി.ബി.ഐ.യുടെ നിഗമനം. എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ സി.ബി.ഐ തിരുവനന്തപുരം യൂണിറ്റ് അഡീഷണല്‍ സൂപ്രണ്ട് നന്ദകുമാര്‍ നായരാണ് കുറ്റപത്രം നല്‍കിയത്.
മലബാര്‍ സിമന്റ്‌സ് കമ്പനിയുടെ ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ വിവാദവ്യവസായി വി.എം.രാധാകൃഷ്ണന്‍ ഇടപെട്ടുവെന്നാണ് സി.ബി.ഐ. കണ്ടെത്തിയിട്ടുള്ളത്. രാധാകൃഷ്ണന്‍ ശശീന്ദ്രനെ മാനസികമായി പീഡിപ്പിച്ചിരുന്നതായും പറയുന്നു. മാനസികപീഡനം സഹിക്കാനാവാതെ ശശീന്ദ്രന്‍ മക്കളെ കൊലപ്പെടുത്തിയശേഷം ആത്മഹത്യ ചെയ്യുകയായിരുന്നെന്നാണ് സി.ബി.ഐ. കണ്ടെത്തിയിട്ടുള്ളത്.

മലബാര്‍ സിമന്റ്‌സ് കമ്പനിയിലെ നിയമനം, ട്രാന്‍സ്ഫര്‍, സസ്‌പെന്‍ഷന്‍, പര്‍ച്ചേസ് എന്നിവയിലെല്ലാം രാധാകൃഷ്ണന്റെ ഇടപെടലുണ്ടായിരുന്നുവെന്നാണ് സി.ബി.ഐ. പറയുന്നത്. കമ്പനിയുടെ പ്രവര്‍ത്തനങ്ങളില്‍ രാധാകൃഷ്ണന്റെ അവിഹിത ഇടപെടലിനെക്കുറിച്ച് മുന്‍പുതന്നെ ശശീന്ദ്രന്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു. വ്യവസായമന്ത്രിക്കും മലബാര്‍ സിമന്റ്‌സ് വാളയാര്‍ ഡിവിഷനിലെ അധികൃതര്‍ക്കും പുറത്തുനിന്നുള്ള ഇടപെടല്‍ ചൂണ്ടിക്കാട്ടി കത്തയച്ചിരുന്നു.

ഇതേത്തുടര്‍ന്ന് രാധാകൃഷ്ണന്റെ നിര്‍ദേശപ്രകാരം ശശീന്ദ്രന് സ്ഥാപനത്തിനകത്തുനിന്നു തന്നെ വിഷമതകള്‍ നേരിട്ടു. മലബാര്‍ സിമന്റ്‌സിലെ അന്നത്തെ എം.ഡി. സുന്ദരമൂര്‍ത്തി ഒമ്പത് തവണ മെമ്മോ നല്‍കി. ഒടുവില്‍ കമ്പനിയില്‍നിന്ന് രാജിവെച്ചപ്പോഴും രാധാകൃഷ്ണന്റെ ഭീഷണി തുടര്‍ന്നുവെന്നാണ് സി.ബി.ഐ. പറയുന്നത്.

'നിന്നെ കേരളത്തിലൊരിടത്തും ജോലിചെയ്യാന്‍ അനുവദിക്കില്ല. കേസില്‍ കുടുക്കും. ഒടുവില്‍ നീയും നിന്റെ കുടുംബവും ആത്മഹത്യ ചെയ്യേണ്ടി വരും' എന്നൊക്കെയായിരുന്നു ഭീഷണിയെന്ന് സി.ബി.ഐ.യുടെ റിപ്പോര്‍ട്ടിലുണ്ട്.

2011 ജനവരി 24 നാണ് ശശീന്ദ്രനെയും മക്കളായ വിവേകിനെയും വ്യാസിനെയും കഞ്ചിക്കോട്ടെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. നേരത്തേ പോലീസിന്റെ റിപ്പോര്‍ട്ടില്‍ മലബാര്‍ സിമന്റ്‌സ് ഉദ്യോഗസ്ഥരായിരുന്ന സുന്ദരമൂര്‍ത്തിയും സൂര്യനാരായണനുമായിരുന്നു രണ്ടും മൂന്നും പ്രതികള്‍. രാധാകൃഷ്ണന്‍ നാലാം പ്രതിയായിരുന്നു. ആത്മഹത്യാപ്രേരണാക്കുറ്റമായിരുന്നു അവസാന മൂന്നുപേരുടെയും പേരില്‍ ഉണ്ടായിരുന്നത്. ശശീന്ദ്രനാണ് ഒന്നാം പ്രതിസ്ഥാനത്തുണ്ടായിരുന്നത്.

മക്കളെ കൊലപ്പെടുത്തിയെന്ന പേരിലായിരുന്നു അത്. ശശീന്ദ്രനെയും മാപ്പുസാക്ഷിയായ സുന്ദരമൂര്‍ത്തിയെയും സൂര്യനാരായണനെയും പ്രതിസ്ഥാനത്തുനിന്ന് ഒഴിവാക്കിയതായി സി.ബി.ഐ.കാണിക്കുന്നു.

Latest news