TOP STORIES TODAY
  Jun 16, 2013
ദുരൂഹതകളുടെ തോഴിയായി സരിത
കൊച്ചി: ടീം സോളാര്‍ പദ്ധതിയെന്ന പേരില്‍ കോടികളുടെ തട്ടിപ്പ് നടത്തി പിടിയിലായ സരിത എസ്.നായരുടെ പ്രവര്‍ത്തനമേഖലകളെ കുറിച്ചുള്ള ദുരൂഹതകള്‍ ഒഴിയുന്നില്ല. സരിതയുടെ പക്കല്‍ നിന്നു രഹസ്യക്യാമറ കണ്ടെടുത്തുവെന്നും ഇതില്‍ ഉന്നതരുമായുള്ള രംഗങ്ങള്‍ പതിഞ്ഞിട്ടുണ്ടെന്നുമാണ് പുതിയ അഭ്യൂഹങ്ങള്‍. ഇക്കാര്യം പോലീസ് നിഷേധിക്കുമ്പോഴും ചുരുളഴിയാത്ത രഹസ്യങ്ങള്‍ അവശേഷിക്കുകയാണ്.

ഇതിനിടെ ജയിലില്‍ കഴിയുന്ന സരിതയ്ക്കും ടീം സോളാര്‍ ജീവനക്കാര്‍ക്കുമെതിരെയുള്ള മൂന്ന് കേസുകളില്‍ കൂടി എറണാകുളം നോര്‍ത്ത് സ്‌റ്റേഷന്‍ അറസ്റ്റ് രേഖപ്പെടുത്തി. ഈ വര്‍ഷം തന്നെയാണ് മൂന്ന് കേസുകളും രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

സോളാര്‍ പാനല്‍ നല്‍കാമെന്ന ഉറപ്പില്‍ കൊച്ചി സ്വദേശി റെജിനാള്‍ഡ് ജോര്‍ജ്ജില്‍ നിന്ന് 95.86 ലക്ഷവും പാടിവട്ടം അറ്റ്‌ലസ് ജ്വല്ലറിയില്‍ നിന്ന് 23.5 ലക്ഷവും തട്ടിച്ചതിനാണ് സരിതയ്‌ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇരുകേസുകളിലും ടീം സോളാര്‍ എം.ഡി. ബിജു രാധാകൃഷ്ണനേയും പ്രതിചേര്‍ത്തിട്ടുണ്ട്. മൂവാറ്റുപുഴ സ്വദേശി വി.പി. ജോയിയുടെ പക്കല്‍ നിന്ന് ഒരു കോടി അറുപത് ലക്ഷം തട്ടിച്ച കേസില്‍ കമ്പനിയിലെ മറ്റ് ജീവനക്കാരായ അഭിലാഷ് നായര്‍, സന്തോഷ് തുടങ്ങിയവരേയും പ്രതിയാക്കി കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കേസ് റിപ്പോര്‍ട്ടുകള്‍ എ.ഡി.ജി.പി എ.ഹേമചന്ദ്രന് കൈമാറിയതായി നോര്‍ത്ത് പോലീസ് അറിയിച്ചു.

ഒളിവില്‍ പോയ മുഖ്യപ്രതി ബിജു രാധാകൃഷ്ണനായുള്ള തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. ഇയാളെ പിടികൂടാന്‍ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചു. ആറു ഡിവൈ.എസ്.പിമാര്‍ അടങ്ങുന്ന സംഘത്തിന്റെ മേല്‍നോട്ട ചുമതല എ.ഡി.ജി.പി എ.ഹേമചന്ദ്രനാണ്. ഇതോടെ സോളാര്‍ തട്ടിപ്പുകേസുകള്‍ മുഴുവന്‍ ഈ അന്വേഷണസംഘത്തിന്റെ പരിധിയില്‍ വരും. അന്വേഷണ പുരോഗതി വിലയിരുത്താന്‍ ഡി.ജി.പി കെ.എസ്. ബാലസുബ്രഹ്മണ്യന്റെ നേതൃത്വത്തില്‍ പോലീസ് ആസ്ഥാനത്തുചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനമുണ്ടായത്.

മുടിക്കല്‍ കുറ്റപ്പാലില്‍ വീട്ടില്‍ സജാദ് നല്‍കിയ പരാതിയിലാണ് പെരുമ്പാവൂര്‍ പോലീസ് സരിതയെ അറസ്റ്റ് ചെയ്തത്. മുമ്പ് പല തട്ടിപ്പുകേസുകളിലും ഇവര്‍ പ്രതിയാണെന്നതല്ലാതെ മറ്റുള്ള വിവരങ്ങളൊന്നും പോലീസ് ഇതുവരെ പുറത്തുവിട്ടിട്ടില്ല. അറസ്റ്റിനുശേഷം ഇവരുടെ തിരുവനന്തപുരത്തുള്ള താമസസ്ഥലത്തും എറണാകുളം സ്ഥാപനത്തിലും ഇരുവരുടേയും വീടുകളിലുമാണ് തെളിവെടുപ്പിനായി കൊണ്ടുപോയത്. ഇവിടെനിന്നൊന്നും ക്യാമറ പിടിച്ചെടുത്തിരുന്നില്ല. മാത്രമല്ല അങ്ങനെയൊരന്വേഷണം അന്ന് നടത്തേണ്ട ആവശ്യം വന്നിരുന്നില്ലെന്നുമാണ് പോലീസ് ഭാഷ്യം.

ടീം സോളാര്‍ റിന്യൂവബിള്‍ എനര്‍ജി സൊല്യൂഷന്‍സ് എന്ന സ്ഥാപനത്തിന്റെ എം.ഡിയും സരിതയുടെ കൂട്ടാളിയുമായ ബിജു രാധാകൃഷ്ണന്‍ എന്ന ആര്‍.ബി. നായരുമായാണ് താന്‍ സാമ്പത്തിക നടപടികള്‍ നടത്തിയിരുന്നതെന്ന് തട്ടിപ്പിനിരയായ സജാദ് പറയുന്നു.

മന്ത്രി തലത്തിലുള്ള ബന്ധവും മുഖ്യമന്ത്രിയുടെ ശുപാര്‍ശക്കത്തും ഉത്തമവിശ്വാസത്തില്‍ എടുത്തുകാണിച്ചാണ് ഇയാളുടെ തട്ടിപ്പ്. എമര്‍ജിംഗ് കേരള പദ്ധതിയുമായി സഹകരിക്കണമെന്നതായിരുന്നു മുഖ്യമന്ത്രിയുടെ കത്തിലുണ്ടായിരുന്നത്. ഇത് കാണിച്ചുതന്നതല്ലാതെ കൈയില്‍ തന്നില്ലെന്നുമാണ് സജാദ് പറയുന്നത്.
Other News in this section
ആര്‍ക്കുമുണ്ടാവരുത്, ഈ ഗതി
പാലക്കാട്: കുന്നത്തൂര്‍മേട് സ്വദേശികള്‍ക്ക് കാട് തെളിക്കാന്‍ തോന്നിയത് മീനാക്ഷിയമ്മയുടെ ആയുസ്സ് നീട്ടിക്കിട്ടാനുള്ള നിയോഗമായി. ഇല്ലെങ്കില്‍ ആരുമറിയാതെ, ആരുമില്ലാത്ത മീനാക്ഷിയമ്മ കാടിനകത്ത് പാലക്കാടന്‍ ചൂടില്‍ വെന്തുരുകി അവസാനിക്കുമായിരുന്നു. കാടുപിടിച്ച് കിടന്നിരുന്ന സ്ഥലത്ത് 90ന്റെ അവശതയും രോഗത്തിന്റെ ദൈന്യതയുമായി കിടന്ന മീനാക്ഷിയമ്മയെ നാട്ടുകാര്‍ കണ്ടത് ..

Latest news

Ad