LATEST NEWS » KERALA
  Jun 16, 2013
അട്ടപ്പാടിചുരത്തില്‍ കൊക്കയിലേക്കുമറിഞ്ഞ കാര്‍ കത്തി; അഭിഭാഷകന്‍ രക്ഷപ്പെട്ടു
മണ്ണാര്‍ക്കാട്: അട്ടപ്പാടിചുരത്തില്‍ അമ്പതടിയോളമുള്ള കൊക്കയിലേക്കുമറിഞ്ഞ കാറിന് തീപിടിച്ചു. കാറോടിച്ചിരുന്ന അഭിഭാഷകന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. കാര്‍ പൂര്‍ണമായും കത്തിനശിച്ചു.

ആനമൂളിക്കുടത്ത് പാലവളവുകഴിഞ്ഞ് ഒന്നാംകുറുക്ക് എന്നറിയപ്പെടുന്ന രണ്ടാംഹെയര്‍പിന്‍ വളവില്‍ വെള്ളിയാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം.

അഗളിക്കടുത്ത് ഭൂതിവഴിയില്‍നിന്ന് പാലക്കാട് ചിറ്റൂരിലേക്ക് കാറോടിച്ചുവന്ന ചിറ്റൂര്‍ കൊശത്തറ മാമ്പോഴില്‍വീട്ടില്‍ അഡ്വ. എസ്. രാധാകൃഷ്ണനാണ് (45) വലതുകണ്ണിന്റെ ഭാഗത്ത് ചെറിയൊരു മുറിവോടെ രക്ഷപ്പെട്ടത്. ഇയാളെ താലൂക്കാസ്പത്രിയില്‍ പ്രവേശിപ്പിച്ചു.

വെള്ളിയാഴ്ചരാത്രിയില്‍ ശക്തമായ മഴയും കോടയും നിറഞ്ഞ അന്തരീക്ഷത്തില്‍ ചുരത്തില്‍ തനിച്ച് കാറോടിച്ചുവന്ന രാധാകൃഷ്ണന്റെ കാര്‍ സംരക്ഷണ ഭിത്തിയില്ലാത്ത ഈ വളവില്‍ നേരെ കൊക്കയിലേക്ക് കൂപ്പുകുത്തുകയായിരുന്നു. കാറിന്റെ ചില്ല് പൊട്ടിയതിലൂടെയാണ് രാധാകൃഷ്ണന്‍ രക്ഷപ്പെട്ടത്. കന്നുകാലികളെ കയറ്റിപ്പോവുകയായിരുന്ന ലോറിക്കാരാണ് ചുരത്തില്‍ തീ ഉയരുന്നത് കണ്ടത്. രാധാകൃഷ്ണന്‍ കൊക്കയുടെ പാതിവഴിയിലുള്ള ഒരു പാറക്കെട്ടില്‍ നില്‍ക്കയായിരുന്നു. വനംവകുപ്പിന്റെ ചെക്‌പോസ്റ്റധികൃതരെ ഇവരാണ് വിവരമറിയിച്ചത്. അഗ്‌നിശമനസേനാവിഭാഗം അസിസ്റ്റന്‍റ് സ്റ്റേഷന്‍ ഓഫീസര്‍ സിഒ. ജോയിയുടെ നേതൃത്വത്തിലുള്ള സംഘമെത്തിയാണ് കയര്‍കെട്ടി കൊക്കയിലിറങ്ങി തീയണച്ചത്. കാറിലുണ്ടായിരുന്ന 20,000 രൂപ, മൊബൈല്‍ ഫോണ്‍, എ.ടി.എം. കാര്‍ഡ്, പാന്‍കാര്‍ഡ്, കേസ് ഫയലുകള്‍ തുടങ്ങിയവ അഗ്‌നിക്കിരയായി. സീറ്റ്‌ബെല്‍റ്റ് ധരിക്കാത്തതാണ് തന്റെ ജീവന്‍ രക്ഷപ്പെടാന്‍ ഇടായാക്കിയതെന്ന് രാധാകൃഷ്ണന്‍ പറഞ്ഞു.

Latest news