LATEST NEWS » KERALA
  Jun 16, 2013
മലബാര്‍ സിമന്‍റ്‌സ് ചാക്ക് കേസ് അഞ്ച് വര്‍ഷം കഴിഞ്ഞിട്ടും നാല് പ്രതികളെ ചോദ്യംചെയ്യാനായില്ല
പാലക്കാട്: മലബാര്‍ സിമന്‍റ്‌സിലെ ചാക്ക് അഴിമതിക്കേസ് വിജിലന്‍സ് രജിസ്റ്റര്‍ചെയ്ത് അഞ്ചുവര്‍ഷമായെങ്കിലും ഇനിയും നാല് പ്രതികളെ ചോദ്യംചെയ്യാനായില്ല. നാല് കോടിയുടെ അഴിമതിക്കേസില്‍ മൊത്തം എട്ട് പ്രതികളാണുള്ളത്.

2004-'07 കാലത്ത് മലബാര്‍ സിമന്‍റ്‌സിലേക്ക് പ്ലാസ്റ്റിക്ചാക്ക് വാങ്ങിയതില്‍ വന്‍ അഴിമതി നടന്നെന്ന ആരോപണത്തില്‍ 2008ലാണ് വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്തത്. മുംബൈയിലെ 'ഋഷി പാക്കേഴ്‌സ്' എന്ന കമ്പനിയാണ് കരാര്‍പ്രകാരം ചാക്കുകള്‍ വിതരണം ചെയ്തത്. അമിതവില ഈടാക്കിയതുവഴി ചാക്ക് ഒന്നിന് 2 രൂപ 30 പൈസവീതം കമ്പനിക്ക് നഷ്ടമുണ്ടായതായി പ്രാഥമികാന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

മലബാര്‍ സിമന്‍റ്‌സ് മുന്‍ കമ്പനിസെക്രട്ടറി ശശീന്ദ്രന്റെ മരണത്തില്‍ സി.ബി.ഐ. അറസ്റ്റുചെയ്ത വി.എം. രാധാകൃഷ്ണന്റെ ഉടമസ്ഥതയിലുള്ള കമ്പനിയാണ് ചാക്ക് കരാര്‍ ഋഷി പാക്കേഴ്‌സിന് വന്‍ലാഭത്തിന് വാങ്ങിക്കൊടുത്തതെന്ന് കണ്ടെത്തിയിരുന്നു. പയനിയര്‍ എന്റെര്‍പ്രൈസസ് എന്ന പേരില്‍ കോയമ്പത്തൂരില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയില്‍ വി.എം. രാധാകൃഷ്ണന്റെ മകന്‍ നിധിന്‍ രാധാകൃഷ്ണനും പങ്കുണ്ട്.

ചാക്കുവാങ്ങല്‍ കരാര്‍ നല്‍കുന്ന സമയത്ത് മലബാര്‍ സിമന്‍റ്‌സ് മാനേജിങ് ഡയറക്ടറായിരുന്ന എസ്.എസ്. മോനി, ജനറല്‍ മാനേജര്‍ മുരളീധരന്‍നായര്‍, വി.എം. രാധാകൃഷ്ണന്‍, നിധിന്‍ രാധാകൃഷ്ണന്‍, ഋഷി പാക്കേഴ്‌സ് മാനേജിങ് ഡയറക്ടര്‍ ഹര്‍ഷദ് വി. പട്ടേല്‍, ഡെപ്യൂട്ടി ജനറല്‍ മാനേജര്‍മാരായ ശ്രീധര്‍, അനന്തകുമാര്‍, പയനിയര്‍ കമ്പനി ജീവനക്കാരന്‍ വടിവേലു എന്നിവരാണ് പ്രതിപ്പട്ടികയിലുള്ളത്. ഇവരില്‍ അവസാനത്തെ നാലുപേരെ വിജിലന്‍സിന് ഇനിയും ചോദ്യംചെയ്യാനായില്ല.

പ്രതികളില്‍ ഹര്‍ഷദ് വി. പട്ടേല്‍ മുംബൈയിലാണ്. ശ്രീധര്‍ ദുബായിലും അനന്തകുമാര്‍ ഡല്‍ഹിയിലും വടിവേലു തമിഴ്‌നാട്ടിലുമാണ്. പ്രതികളുടെ നിലവിലെ മേല്‍വിലാസം കണ്ടെത്തല്‍ ഏറെ ശ്രമകരമാണ്. പ്രതികളോട് ചോദ്യംചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട് നിരവധിതവണ കത്തയച്ചെങ്കിലും സഹകരണം ഉണ്ടായില്ല.

ചോദ്യംചെയ്യാനുള്ള പ്രതികള്‍ നാലുപേരും കേരളത്തിന് പുറത്തായതിനാല്‍ അവരെ കസ്റ്റഡിയിലെടുക്കുന്നതിന് വിജിലന്‍സിന് സാങ്കേതികതടസ്സമുണ്ട്. ഇതിന് സര്‍ക്കാരിന്റെ പ്രത്യേക അനുമതിയും വേണം.

കേസന്വേഷണച്ചുമതല ഇപ്പോള്‍ വിജിലന്‍സ് ഡിവൈ.എസ്.പി. എം.കെ. ഗോപാലകൃഷ്ണനാണ്. ആദ്യം അന്വേഷണം നടത്തിയ ഡിവൈ.എസ്.പി. സഫിയുള്ള സെയ്തിനെ അന്വേഷണത്തിനിടെ വിജിലന്‍സില്‍നിന്ന് പോലീസിലേക്ക് മാറ്റിയത് വിവാദമായിരുന്നു. പിന്നീട് അന്വേഷണം നടത്തിയ കെ. സതീശനെ അന്വേഷണത്തിന്റെ അന്തിമഘട്ടത്തില്‍ മലപ്പുറത്തേക്ക് മാറ്റി.

മലബാര്‍ സിമന്‍റ്‌സിലെ ഏറ്റവും വലിയ അഴിമതിക്കേസുകളിലൊന്നാണ് ചാക്ക് കരാര്‍. കേസില്‍ എല്ലാ പ്രതികളെയും ചോദ്യംചെയ്താല്‍ മാത്രമേ വിജിലന്‍സിന് കുറ്റപത്രം സമര്‍പ്പിക്കാനാവൂ.

ഈ കേസിന്റെ സമയത്ത് രജിസ്റ്റര്‍ചെയ്ത ചുണ്ണാമ്പുകല്ല് വാങ്ങലിലെ അഴിമതി, ഫൈ്‌ളആഷ് വാങ്ങലിലെ അഴിമതി, ഫൈ്‌ളആഷ് കടത്തുകൂലിയിലെ അഴിമതി, ലൈന്‍പ്ലേറ്റ് ഇടപാടിലെ അഴിമതി എന്നീ കേസുകളില്‍ വിജിലന്‍സ് കുറ്റപത്രം സമര്‍പ്പിച്ചുകഴിഞ്ഞു. ഇവയുടെ വിചാരണ തൃശ്ശൂരിലെ വിജിലന്‍സ് കോടതിയില്‍ നടന്നുവരുന്നു.

ചാക്ക് കേസില്‍ ഒരു പ്രതിയെങ്കിലും ചോദ്യം ചെയ്യപ്പെടാതെ അവശേഷിച്ചാല്‍ കുറ്റപത്രം കോടതിയില്‍ സമര്‍പ്പിക്കുന്നത് അസാധ്യമാകും.

Latest news