LATEST NEWS » KERALA
  Jun 16, 2013
സപ്ലൈകോയില്‍ കൂട്ടപ്പിരിച്ചുവിടല്‍; മരുന്നുവില്‌പന പ്രതിസന്ധിയില്‍
ആലപ്പുഴ: സപ്ലൈകോ അലോപ്പതി മരുന്നു വില്പനശാലകളിലെ ഫാര്‍മസിസ്റ്റുകളെ കൂട്ടത്തോടെ പിരിച്ചുവിടുന്നു. അഞ്ചും പത്തും വര്‍ഷമായി ജോലിചെയ്യുന്നവരുടെ കരാര്‍ ഇക്കുറി പുതുക്കിയില്ല. എംപ്ലോയ്‌മെന്‍റ് എക്‌സ്‌ചേഞ്ച് വഴി നിയമനം നടത്തുന്നതിനായാണ് ഇപ്പോഴുള്ളവരെ ഒഴിവാക്കുന്നതെന്ന് അധികൃതര്‍ പറയുന്നു.

കരാര്‍ പുതുക്കാത്തതിനെത്തുടര്‍ന്ന് ഫാര്‍മസിസ്റ്റുകള്‍ ഒഴിഞ്ഞുതുടങ്ങിയതോടെ മരുന്നുവില്പന പ്രതിസന്ധിയിലായിരിക്കുകയാണ്. സംസ്ഥാനത്ത് നൂറ് സപ്ലൈകോ മെഡിക്കല്‍ സ്റ്റോറുകളുണ്ട്. ചിലത് 24 മണിക്കൂറും ബാക്കിയുള്ളവ രാവിലെ 9.30 മുതല്‍ വൈകിട്ട് 7.30 വരെയും പ്രവര്‍ത്തിക്കുന്നു. ഇവിടെയൊക്കെ കരാര്‍ അടിസ്ഥാനത്തിലുള്ള ഫാര്‍മസിസ്റ്റുകളാണ് ജോലിചെയ്യുന്നത്.

ആലപ്പുഴ, എറണാകുളം ജില്ലകള്‍ ഉള്‍പ്പെട്ട എറണാകുളം മേഖലയില്‍ മാത്രം കഴിഞ്ഞമാസം ഒരുകോടിയിലധികം രൂപയുടെ മരുന്ന് വിറ്റു. സംസ്ഥാനത്തെ അഞ്ച് മേഖലകളിലായി 15 കോടിയിലധികം രൂപയുടെ മരുന്നിന്റെ വില്പന കഴിഞ്ഞമാസം നടന്നതായി കണക്കാക്കപ്പെടുന്നു. സപ്ലൈകോ മെഡിക്കല്‍ സ്റ്റോറുകള്‍ ലാഭകരമെന്നതിന്റെ അടിസ്ഥാനത്തില്‍ 20 മാവേലി മെഡിക്കല്‍ സ്റ്റോറുകള്‍കൂടി തുറക്കാനിരിക്കേയാണ് നിലവിലുള്ള ജീവനക്കാരെ ഒഴിവാക്കുന്നത്.

എംപ്ലോയ്‌മെന്‍റില്‍നിന്ന് മൂന്നുമാസത്തേക്കാണ് നിയമനം. ഇതുസംബന്ധിച്ച് എംപ്ലോയ്‌മെന്‍റ് എക്‌സ്‌ചേഞ്ചുകള്‍ക്ക് അറിയിപ്പുനല്കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്നാണ് അധികൃതര്‍ അറിയിച്ചിട്ടുള്ളത്. നടപടിക്രമം പൂര്‍ത്തിയാക്കി സര്‍ക്കാര്‍ നിയമനം നടത്തുമ്പോഴേക്കും മിക്ക കടകളും വില്പനയില്ലാത്ത അവസ്ഥയിലാകുമെന്ന് ജീവനക്കാര്‍ ആശങ്കപ്പെടുന്നു.

സര്‍ക്കാറിന് വന്‍ലാഭവും സാധാരണക്കാര്‍ക്ക് ഏറെ ആശ്വാസകരവുമായ സപ്ലൈകോ മെഡിക്കല്‍ ഷോപ്പുകളില്‍ പി.എസ്.സി.വഴി സ്ഥിരനിയമനം നടത്തണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്.

Latest news