LATEST NEWS » INDIA
  Jun 16, 2013
ഐ.പി.എല്‍ ഒത്തുകളിക്കേസ് വ്യക്തതയില്ലാത്ത കഥയെന്ന് കോടതി
ഷൈന്‍ മോഹന്‍
കോടതികള്‍ ജാഗ്രതപാലിച്ചില്ലെങ്കില്‍ 'മോക്ക' ദുരുപയോഗം ചെയേ്തക്കും


ന്യൂഡല്‍ഹി: ഐ.പി.എല്‍. ഒത്തുകളിക്കേസില്‍ വ്യക്തതയില്ലാത്ത 'കഥ'യല്ലാതെ തെളിവുകളൊന്നും പ്രോസിക്യൂഷന്‍ ഹാജരാക്കിയിട്ടില്ലെന്ന് ഡല്‍ഹി അഡീഷണല്‍ സെഷന്‍സ് കോടതി. കോടതി നിരീക്ഷിച്ചില്ലെങ്കില്‍ 'മോക്ക' (മഹാരാഷ്ട്ര സംഘടിത കുറ്റകൃത്യ നിയന്ത്രണ നിയമം) ദുരുപയോഗം ചെയ്യാന്‍ സാധ്യതയുണ്ട്. ഒത്തുകളിയും വാതുവെപ്പും നേരിടാന്‍ ലളിതവും വ്യക്തവുമായ നിയമം ആവശ്യമാണെന്നും കോടതി അഭിപ്രായപ്പെട്ടു.

ഐ.പി.എല്‍. ഒത്തുകളിക്കേസ് കൈകാര്യം ചെയ്യുന്ന ഡല്‍ഹിയിലെ അഡീഷണല്‍ സെഷന്‍സ് ജഡ്ജി വിനയ് കുമാര്‍ ഖന്നയാണ് ഇപ്പോഴത്തെ നിയമങ്ങളുടെ അപര്യാപ്തത ചൂണ്ടിക്കാട്ടിയത്. കളിക്കാരുടെയും ടീമിലെ ഉദ്യോഗസ്ഥരുടെയും ഒത്തുകളിയും ഓണ്‍ലൈന്‍ വാതുവെപ്പും ചൂതാട്ടവും കൈകാര്യംചെയ്യാന്‍ ലളിതവും അവ്യക്തതയില്ലാത്തതുമായ നിയമം ആവശ്യമാണെന്ന് ജഡ്ജി അഭിപ്രായപ്പെട്ടു.

ഒത്തുകളിക്കേസില്‍ അറസ്റ്റിലായ ശ്രീശാന്ത് ഉള്‍പ്പെടെയുള്ളവര്‍ക്ക് ജാമ്യം അനുവദിച്ചുകൊണ്ടുള്ള ഉത്തരവിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. വെള്ളിയാഴ്ചയാണ് ഉത്തരവിന്റെ പൂര്‍ണരൂപം പുറത്തുവിട്ടത്.

ഇന്‍റര്‍നെറ്റും മൊബൈലും ഉള്‍പ്പെടെയുള്ള അതിവേഗ ആശയവിനിമയ സംവിധാനങ്ങള്‍ വന്നതോടെ അന്താരാഷ്ട്ര അതിര്‍ത്തികള്‍ ഇല്ലാതായിരിക്കുന്നു. വികസിച്ചുവരുന്ന ഇത്തരം പുതിയ യാഥാര്‍ഥ്യങ്ങളെ അംഗീകരിക്കുന്നതോടൊപ്പം പ്രതികരിക്കുകയും ചെയ്യുന്നതാവണം നിയമമെന്നും ജഡ്ജി പറഞ്ഞു.

ഒത്തുകളിക്കേസില്‍ കളിക്കാര്‍ ഉള്‍പ്പെടെയുള്ള പ്രതികള്‍ക്കെതിരെ മോക്ക ചുമത്തിയതിനെ രൂക്ഷമായ ഭാഷയിലാണ് കോടതി ഉത്തരവില്‍ വിമര്‍ശിച്ചത്. പ്രതികള്‍ക്കെതിരെ മോക്ക ചുമത്താന്‍ ഡല്‍ഹി പോലീസ് സ്‌പെഷല്‍ സെല്ലിലെ ജോയന്‍റ് കമ്മീഷണര്‍ ഡോ. എം.എം. ഒബ്‌റോയ് അനുമതി നല്‍കിയത് ഈ മാസം മൂന്നിനാണ്. എ.സി.പി.യുടെ റാങ്കിലുള്ള ഉദ്യോഗസ്ഥന്‍ മോക്ക ചുമത്തുംമുമ്പ് നന്നായി ചിന്തിക്കണം. മോക്ക ചുമത്താന്‍ അനുമതി നല്‍കുന്നത് 'വെറുമൊരു ചടങ്ങ്' മാത്രമാകരുതെന്നും കോടതി വിമര്‍ശിച്ചു.

മോക്ക പോലുള്ള ശക്തമായ നിയമങ്ങളെ പ്രോസിക്യൂഷനും അന്വേഷണ ഏജന്‍സികളും ദുരുപയോഗം ചെയ്യാനുള്ള സാധ്യതയുണ്ട്. അതിനാല്‍ ജാമ്യാപേക്ഷ പരിഗണിക്കുന്ന കോടതി ഇതിനെതിരെ സംരക്ഷകന്റെ ചുമതലയോടെ പ്രവര്‍ത്തിക്കേണ്ടിവരും.

വിചാരണയ്ക്കിടെ കോടതി പലചോദ്യങ്ങളും ചോദിച്ചു. ലഭ്യമായ കേസ് ഡയറിയും തെളിവുകളും പരിശോധിച്ചു. എന്നാല്‍, പ്രോസിക്യൂഷന്റെ കഥയല്ലാതെ കൃത്യമായ തെളിവുകള്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.

പ്രതികള്‍ക്ക് സംഘടിത കുറ്റകൃത്യ കൂട്ടായ്മയില്‍ പങ്കുണ്ടെന്ന് തെളിയിക്കുന്ന തൃപ്തികരമായ രേഖകളൊന്നും പ്രോസിക്യൂഷന് ഹാജരാക്കാന്‍ കഴിഞ്ഞില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. അധോലോകവുമായോ മറ്റേതെങ്കിലും സംഘടിത കൂട്ടായ്മയുമായോ പ്രതികള്‍ക്കാര്‍ക്കെങ്കിലും ബന്ധമുണ്ടെന്ന് തെളിയിക്കാനും കഴിഞ്ഞിട്ടില്ല.

പ്രതികള്‍ക്കെതിരെ മോക്ക ചുമത്താനാവില്ലെന്നതിന് ഈ നിയമത്തിലെത്തന്നെ വകുപ്പുകളാണ് കോടതി ചൂണ്ടിക്കാട്ടിയത്. മോക്കയുടെ 2-ഡി (തുടര്‍ച്ചയായ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍), 2-ഇ (സംഘടിത കുറ്റകൃത്യം), 2-എഫ് (സംഘടിത കുറ്റകൃത്യ കൂട്ടായ്മ) എന്നീ വകുപ്പുകളില്‍ പറയുന്ന മാനദണ്ഡങ്ങള്‍ പാലിക്കുന്നതല്ല പ്രോസിക്യൂഷന്‍ ചൂണ്ടിക്കാണിക്കുന്ന കാരണങ്ങളെന്നും കോടതി പറഞ്ഞു.


Latest news