LATEST NEWS » INDIA
  Jun 16, 2013
ബേലൂരും ഹലീബീഡും ലോക പൈതൃക പട്ടികയില്‍ സ്ഥാനം പിടിച്ചേക്കും
മൈസൂര്‍: കര്‍ണാടകത്തിലെ ഹൊയ്‌സാല രാജാക്കന്മാരുടെ പ്രതാപം വിളിച്ചറിയിക്കുന്ന ബേലൂരിലെയും ഹലീബീഡിലെയും ക്ഷേത്രസമുച്ചയങ്ങള്‍ യുനസ്‌കോയുടെ ലോക പൈതൃക പട്ടികയില്‍ സ്ഥാനം പിടിക്കാന്‍ സാധ്യത. ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ ഈ വര്‍ഷം ബേലൂരിലെ തെന്നകേശവ, ഹലീബീഡിലെ ഹൊയ്‌സാലേശ്വര എന്നീ ക്ഷേത്രങ്ങളുടെ പേരുകളാണ് 'യുനെസ്‌കോ' യ്ക്ക് അയച്ചു കൊടുത്തിട്ടുള്ളത്. ഇതിന്റെ അടിസ്ഥാനത്തില്‍ ദക്ഷിണേന്ത്യയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രം കൂടിയായ ഇവിടം 2015-16 ഓടെ ലോകപൈതൃക പട്ടികയില്‍ ഇടം നേടുമെന്നാണ് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയിലെ അധികൃതര്‍ നല്കുന്ന വിവരം. നിലവില്‍ രാജ്യത്തെ 29 കേന്ദ്രങ്ങളെ യുനസ്‌കോ ലോക പൈതൃക കേന്ദ്രങ്ങളായി അംഗീകരിച്ചിട്ടുണ്ട്.

12-ാം നൂറ്റാണ്ടില്‍ ഹൊയ്‌സാല രാജാവായിരുന്ന വിഷ്ണുവര്‍ധനാണ് ഇരു ക്ഷേത്രങ്ങളും നിര്‍മിച്ചത്.

ശില്പകലയുടെ മകുടോദാഹരണങ്ങളായി കരുതിപ്പോരുന്ന ഇരു ക്ഷേത്രങ്ങളുടെയും ഓരോ മുക്കുംമൂലയും കൊത്തുപണികളാല്‍ നിറഞ്ഞതാണ്. യാഗചി നദിക്ക് സമീപം സ്ഥിതി ചെയ്യുന്ന ചെന്നകേശവ ക്ഷേത്രത്തിന് വിജയനാരായണ ക്ഷേത്രമെന്നുകൂടി പേരുണ്ട്. ഇവിടെ നിന്ന് 118 ശിലാഫലകങ്ങള്‍ അടുത്തിടെ പുരാവസ്തു വകുപ്പ് കണ്ടെടുത്തിരുന്നു. ശിവ ഭക്തരായിരുന്നു ഹൊയ്‌സാലേശ്വര രാജാക്കന്മാരെന്ന് തെളിയിക്കുന്നതാണ് ഹൊയ്‌സാലേശ്വര ക്ഷേത്രത്തിന്റെ നിര്‍മാണം. ശിവഭഗവാന്റെയും പാര്‍വതിയുടെയും വിവിധ രൂപത്തിലുള്ള ഒറ്റക്കല്ലില്‍ തീര്‍ത്ത ശില്പങ്ങള്‍ ഇവിടെ കാണാം. ശിവന്റെ നാമത്തിലുള്ള ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ക്ഷേത്രങ്ങളിലൊന്ന് കൂടിയാണിത്.

ഒരു വര്‍ഷം ഒരു കേന്ദ്രത്തെ മാത്രമേ നിര്‍ദേശിക്കാവൂ എന്ന യുനെസ്‌കോയുടെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ഹൊയ്‌സാല രാജവംശത്തിന്റെ തിരുശേഷിപ്പുകളെന്ന നിലയില്‍ ഇരു ക്ഷേത്രങ്ങളുടെയും പേര് ഒരുമിച്ച് ഉള്‍പ്പെടുത്തിയത്. കേരളത്തിലെയും രാജസ്ഥാനിലെയും നിരവധി കേന്ദ്രങ്ങളെ പിന്തള്ളിയാണ് ഇവ പട്ടികയില്‍ പരിഗണിക്കപ്പെട്ടത്. നേരത്തേ വിജയനഗര രാജാക്കന്മാരുടെ തലസ്ഥാനമായിരുന്ന ഹംപിയും ചാലൂക്യ ക്ഷേത്രകലയുടെ മകുടോദാഹരണങ്ങളായ പട്ടടക്കല്‍ ക്ഷേത്ര സമുച്ചയവും മാത്രമാണ് കര്‍ണാടകത്തില്‍ നിന്ന് ലോക പൈതൃക പദവിയിലെത്തിയിട്ടുള്ളത്.

Latest news