LATEST NEWS » WORLD
  Jun 16, 2013
ഹസ്സന്‍ റൂഹാനി ഇറാന്‍ പ്രസിഡന്‍റ് പദവിയിലേക്ക്
യാഥാസ്ഥിതികര്‍ക്ക് തിരിച്ചടി

ടെഹ്‌റാന്‍ : ഇറാനില്‍ പ്രസിഡന്‍റ് സ്ഥാനത്തേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ മിതവാദി പുരോഹിതന്‍ ഹസ്സന്‍ റൂഹാനി വിജയത്തിലേക്ക്. പരമോന്നത നേതാവ് ആയത്തുള്ള ഖമേനിയുടെ ആശിസ്സുകളോടെ മത്സരരംഗത്തുണ്ടായിരുന്ന യാഥാസ്ഥിതിക സ്ഥാനാര്‍ഥികളെ ആദ്യഘട്ടത്തില്‍തന്നെ ബഹുദൂരം പിന്തള്ളിയാണ് അദ്ദേഹം വിജയത്തിലേക്കടുക്കുന്നത്.

89 ശതമാനം പോളിങ് സ്റ്റേഷനുകളിലെ വോട്ടുകള്‍ എണ്ണിക്കഴിഞ്ഞപ്പോള്‍ വിജയിക്കാനുള്ള 51 ശതമാനത്തിനടുത്ത് വോട്ടുകള്‍ അദ്ദേഹം നേടി. ഇതോടെ രണ്ടാംഘട്ട തിരഞ്ഞെടുപ്പില്ലാതെതന്നെ പ്രസിഡന്‍റ് തിരഞ്ഞെടുപ്പ് പൂര്‍ത്തിയാകും. ആദ്യഘട്ടത്തില്‍ 51 ശതമാനത്തിന്റെയെങ്കിലും പിന്തുണ നേടാന്‍ ഏതെങ്കിലും സ്ഥാനാര്‍ഥിക്ക് കഴിഞ്ഞില്ലെങ്കില്‍ ഈ മാസം 21-ന് രണ്ടാംഘട്ട തിരഞ്ഞെടുപ്പ് നടക്കുമായിരുന്നു. മാറ്റത്തിനുവേണ്ടിയുള്ള ഇറാന്‍ ജനതയുടെ കടുത്ത അഭിവാഞ്ഛയുടെ സൂചനയായി 80 ശതമാനത്തിലേറെപ്പേരാണ് ആദ്യ ഘട്ടത്തില്‍ വോട്ട് ചെയ്തത്.

മുന്‍ ടെഹ്‌റാന്‍ മേയര്‍ മുഹമ്മദ് ബാഗര്‍ ഘലിബാഫ് ആണ് അദ്ദേഹത്തിന്റെ എതിരാളികളില്‍ ഏറ്റവും കൂടുതല്‍ വോട്ട് നേടിയത് (15.6 ശതമാനം). ആണവ ചര്‍ച്ചകളില്‍ ഇറാന്റെ ഇപ്പോഴത്തെ പ്രതിനിധി സയീദ് ജലീലി (11.4 ശതമാനം), റവലൂഷണറി ഗാര്‍ഡിന്റെ മുന്‍ കമാന്‍ഡര്‍ മൊഹ്‌സന്‍ രെസായി (11.3 ശതമാനം), മുന്‍ വിദേശ മന്ത്രി അലി അക്ബര്‍ വെലയാതി, മുഹമ്മദ് ഗര്‍സായി (ഇരുവര്‍ക്കും 10 ശതമാനത്തില്‍ താഴെ) എന്നിവരാണ് മത്സരരംഗത്തുണ്ടായിരുന്നത്.

രണ്ട് വട്ടം പ്രസിഡന്‍റായിരുന്ന മഹമ്മൂദ് അഹമ്മദി നെജാദിന്റെ പിന്‍ഗാമിയായാണ് 64-കാരനായ റൂഹാനി അധികാരത്തിലെത്തുന്നത്. ആണവ ചര്‍ച്ചകളില്‍ മുമ്പ് ഇറാന്റെ പ്രതിനിധിയായിരുന്നു. ഡെപ്യൂട്ടി സ്പീക്കര്‍, പരമോന്നത ദേശീയ സുരക്ഷാ കൗണ്‍സിലില്‍ പരമോന്നത നേതാവ് ഖമേനിയുടെ പ്രതിനിധി, പരമോന്നത നേതാവിനെ ഉപദേശിക്കുന്ന സ്ട്രാറ്റജിക് റിസേര്‍ച്ച് കൗണ്‍സിലിന്റെ തലവന്‍ എന്നീ നിലകളില്‍ അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.

രാജ്യത്തിന്റെ അഭിമാനം വീണ്ടെടുക്കുമെന്ന വാഗ്ദാനവുമായി എത്തിയ അദ്ദേഹത്തിന്റെ പ്രചാരണ യോഗങ്ങളില്‍ ആളുകള്‍ തടിച്ചുകൂടിയിരുന്നു. പരിഷ്‌കരണം, രാഷ്ട്രീയത്തടവുകാരെ വിട്ടയയ്ക്കല്‍, പൗരസ്വാതന്ത്ര്യം തുടങ്ങിയ കാര്യങ്ങളിലെ അദ്ദേഹത്തിന്റെ നിലപാടും ഇറാന്‍ ജനതയെ ആകര്‍ഷിച്ചെന്നാണ് ഫലം വ്യക്തമാക്കുന്നത്.

അറബിക്, പേര്‍ഷ്യന്‍ ഭാഷകള്‍ക്ക് പുറമെ ഇംഗ്ലീഷ്, ജര്‍മന്‍, ഫ്രഞ്ച്, റഷ്യന്‍ ഭാഷകളില്‍ പ്രാവീണ്യമുണ്ട് റൂഹാനിക്ക്. ഗ്ലാസ്‌ഗോ കാലിഡോണിയന്‍ സര്‍വകലാശാലയില്‍ നിന്ന് നിയമത്തില്‍ ഡോക്ടറേറ്റ് നേടിയിട്ടുണ്ട്.

Latest news