LATEST NEWS » WORLD
  Jun 16, 2013
ജിന്നയുടെ വേനല്‍ക്കാലവസതിക്കുനേരേ തീവ്രവാദി ആക്രമണം
ഇസ്‌ലാമാബാദ് : പാകിസ്താന്‍ രാഷ്ട്രപിതാവ് മുഹമ്മദലി ജിന്നയുടെ വേനല്‍ക്കാല വസതിക്കുനേരേ തീവ്രവാദി ആക്രമണം. തെക്കുപടിഞ്ഞാറന്‍ ബലൂചിസ്താനിലെ 121 വര്‍ഷം പഴക്കമുള്ള 'ഖ്വയ്ദ് ഇ അസം' എന്ന വീടിനുനേരേയാണ് ആക്രമണമുണ്ടായത്. തീവ്രവാദികളുമായുള്ള ഏറ്റുമുട്ടലില്‍ പോലീസുകാരന്‍ കൊല്ലപ്പെട്ടു. സ്‌ഫോടനത്തിലും വെടിവെപ്പിലും വീടിന് കാര്യമായ കേടുപാടും സംഭവിച്ചു.

ശനിയാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെയായിരുന്നു ആക്രമണം. വെടിവെപ്പും സ്‌ഫോടനങ്ങളും നാലുമണിക്കൂറോളം നീണ്ടു. വീടിന്റെ, തടികൊണ്ട് നിര്‍മിച്ച ഭാഗങ്ങള്‍ക്കും ഉപകരണങ്ങള്‍ക്കുമാണ് കേടുപറ്റിയത്. നാല് ബോംബ് സ്‌ഫോടനങ്ങള്‍ ഉണ്ടായതായും ആറ് ബോംബുകള്‍ കണ്ടെടുത്ത് നിര്‍വീര്യമാക്കിയതായും പോലീസ് പറഞ്ഞു. 1892-ല്‍ നിര്‍മിച്ച ഈ വീട് ബ്രിട്ടീഷ് ഗവര്‍ണര്‍മാരുടെയും മറ്റും വേനല്‍ക്കാല വസതിയായിട്ടായിരുന്നു ആദ്യം ഉപയോഗിച്ചിരുന്നത്. ജിന്ന അവസാനകാലം ചെലവഴിച്ച ഈ വീട് പാകിസ്താനിലെ ദേശീയ സ്മാരകങ്ങളിലൊന്നാണ്.

Latest news