TOP STORIES TODAY
  Jun 16, 2013
'ദൈവം തന്ന സമ്മാനത്തിന്' ഉയിരു പകര്‍ന്ന് ജെയിംസ്
ജിജോ സിറിയക്‌
കൊച്ചി: വിധിയുടെ അന്ത്യപ്രഹരത്തിന് വിട്ടുകൊടുക്കാതെ മകനെ നെഞ്ചോടു ചേര്‍ത്ത് പിടിച്ചിരിക്കുകയാണ് ഈ പിതാവ്. ജനിച്ച ദിവസം തന്നെ അമ്മ മരിച്ച മൂന്നു വയസ്സുകാരന്‍ സാമുവലിന് ജീവന്‍ നല്‍കുന്നത് ആ സ്‌നേഹച്ചൂടാണ്. ദുരിതം ചോര്‍ന്നിറങ്ങുന്ന വീട്ടില്‍ ജെയിംസ് നഷ്ടധൈര്യനാകുന്നില്ല. കിടന്ന കിടപ്പില്‍ നിന്ന് പുഞ്ചിരിയോടെ മകന്‍ എഴുന്നേറ്റ്, തന്നെ 'അപ്പച്ചാ' എന്നു വിളിക്കുന്നത് പലപ്പോഴും അയാള്‍ സ്വപ്നം കാണാറുണ്ട്.

പള്ളുരുത്തി കച്ചേരിപ്പടി ഗവ. ആസ്പത്രി റോഡിനു സമീപത്തെ ഓടിട്ട കുഞ്ഞുവീട്ടില്‍ ഒരു മാലാഖക്കുഞ്ഞിനെപ്പോലെ സാമുവല്‍ കിടപ്പുണ്ട്. തന്റെ മുന്തിരിക്കണ്ണിലൂടെ അവന്‍ ലോകം കാണുന്നു. പക്ഷേ നടക്കില്ല, സംസാരിക്കില്ല, വായിലൂടെ ഭക്ഷണം കഴിക്കാനാവില്ല. വയര്‍ തുളച്ചിട്ട കുഴലിലൂടെയാണ് ദ്രവരൂപത്തില്‍ ഭക്ഷണം നല്‍കുന്നത്. തൊണ്ടയില്‍ കഫം കെട്ടിയതിന്റെ കുറുകലുകള്‍. വേദന കൊണ്ടാവണം ഇടയ്ക്ക് ആ കുഞ്ഞിക്കണ്ണുകള്‍ നിറയും... കരച്ചില്‍ പുറത്തേക്ക് വരില്ല.

ജൂണ്‍ 25ന് സാമുവലിന്റെ മൂന്നാം പിറന്നാളാണ്, അമ്മ ദീപയുടെ മൂന്നാം ചരമവാര്‍ഷികവും.പശ്ചിമകൊച്ചിയിലെ സ്വകാര്യ ആസ്പത്രിയില്‍ പ്രസവത്തിനായി പ്രവേശിപ്പിച്ച ദീപ രക്തസമ്മര്‍ദ്ദം കൂടിയാണ് മരിച്ചത്. ഓപ്പറേഷനിലൂടെ പുറത്തെടുത്ത കുഞ്ഞിന്റെ മസ്തിഷ്‌കത്തിനു തകരാര്‍ സംഭവിച്ചിരുന്നു. അമ്മയുടെ വയറ്റില്‍ പ്രാണവായു കിട്ടാതെ പെട്ടുപോയതിനാലാണ് കുഞ്ഞുസാമുവലിന് ചലനങ്ങള്‍ നഷ്ടമായത്.

2008 ഡിസംബര്‍ 29നായിരുന്നു തൈവളപ്പില്‍ ജെയിംസ് എഴുപുന്ന ചാണയില്‍ വീട്ടില്‍ ദീപയെ വിവാഹം കഴിച്ചത്. മരിക്കുമ്പോള്‍ ദീപയ്ക്ക് 22 വയസ്സായിരുന്നു.

എങ്ങനെയും മകനെ സാധാരണ ജീവിതത്തിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങളാണ് പിന്നീട്. ദരിദ്ര കുടുംബത്തിലെ ഒരു ടൈല്‍ പണിക്കാരന് സ്വപ്നം കാണാവുന്നതിനപ്പുറം തുക മകനായി വിവിധ ആസ്പത്രികളില്‍ ചെലവഴിച്ചു.

ഇപ്പോള്‍ അമൃത ആസ്പത്രിയിലാണ് ചികിത്സ. ഇതിനോടകം 10 ലക്ഷത്തിലധികം രൂപ കുഞ്ഞിന്റെ ചികിത്സയ്ക്ക് ചെലവിട്ടു.

തന്റെ അമ്മ ട്രീസയ്ക്ക് തീരെ അവശതയായതിനാല്‍ എഴുപുന്നയിലെ ഭാര്യവീട്ടിലാണ് ജെയിംസ് മകനെ വളര്‍ത്തിയിരുന്നത്.

എന്നും ജെയിംസ് പള്ളുരുത്തിയില്‍ നിന്ന് എഴുപുന്നയിലെത്തും. മകനെ ശുശ്രൂഷിക്കും. പനിയും ന്യുമോണിയയും പതിവായതിനാല്‍ പകുതി ദിവസവും പണിക്ക് പോകാനായില്ല.

ഭാര്യയുടെ അമ്മ രോഗം മൂലം അവശയായതോടെ ജെയിംസ് സാമുവലിനെ വീട്ടിലേക്ക് കൊണ്ടുവന്നു. അവിടെ സ്വന്തം അമ്മ ട്രീസ മസ്തിഷ്‌കാഘാതം മൂലം ഒരു വശം തളര്‍ന്നു കിടപ്പാണ്. അപ്പന്‍ നേരത്തേ മരിച്ചു. തുടര്‍ന്ന് നാലുമാസം മുമ്പ് ജെയിംസ് വീണ്ടും വിവാഹം കഴിച്ചു. കണ്ണമാലി സ്വദേശിനി സനിലയാണ് ഭാര്യ. ഇവരുടെ ആദ്യ വിവാഹത്തില്‍ പിറന്ന ഏഴുവയസ്സുകാരി കെസിയും ഇവര്‍ക്കൊപ്പമുണ്ട്. മകള്‍ പിറന്ന് 16-ാം നാളിലാണ് സനിലയുടെ ഭര്‍ത്താവ് സിബി ബൈക്ക് അപകടത്തില്‍ മരിച്ചത്.

സനില വന്നതോടെ ജെയിംസിന് മുടങ്ങാതെ പണിക്കു പോകാമെന്നായി. രണ്ടു മണിക്കൂര്‍ ഇടവിട്ട് സാമുവലിന് ഭക്ഷണം നല്‍കണം. ശരീരം തുടയ്ക്കണം. മലിനവസ്ത്രങ്ങള്‍ നീക്കണം. കഫം കെട്ടി ശ്വാസം മുട്ടുന്ന കുഞ്ഞിന് നെഞ്ച് തടവിക്കൊടുക്കണം.

അസൗകര്യങ്ങള്‍ നിറഞ്ഞ ചെറിയ തറവാട്ടുവീട്ടില്‍ അനുജന്‍ ടോമിക്കും കുടുംബത്തിനുമൊപ്പമാണ് ഇവരുടെ താമസം. വീതം കിട്ടിയ രണ്ടു സെന്റില്‍ ഒരു കൂരവെയ്ക്കണം. സാമുവലിന് നല്ല ചികിത്സ നല്‍കണം... ഇതിനപ്പുറം ജെയിംസിന് സ്വപ്നങ്ങളില്ല...

ജെയിംസിന്റെ മൊബൈല്‍ നമ്പര്‍ : 9895788655
Other News in this section
ടാക്‌സിഡ്രൈവറുടെ മകന്‍ സിവില്‍ സര്‍വീസിലേക്ക്‌
നെടുമങ്ങാട്: തിരുവനന്തപുരം വിമാനത്താവളത്തിലെ ടാക്‌സിഡ്രൈവറായ അബ്ദുള്‍വാഹിദിന്റെ മകന് സിവില്‍ സര്‍വീസ് പരീക്ഷയില്‍ മികച്ചവിജയം. നെടുമങ്ങാട് സ്വദേശി എ.സജു വാഹിദാണ് യു.പി.എസ്.സി. നടത്തിയ സിവില്‍ സര്‍വീസ് പരീക്ഷയില്‍ 429ാം റാങ്ക് നേടി നാടിന് അഭിമാനമായത്. നെടുമങ്ങാട് താലൂക്ക് പരിധിയില്‍ നിന്ന് ആദ്യമായി സിവില്‍ സര്‍വീസ് പരീക്ഷ വിജയിച്ച സജു വാഹിദിനുള്ള അഭിനന്ദനങ്ങളുമായി ..

Latest news

- -

 

 

 

 

 

 

 

 

 

- -