LATEST NEWS » KERALA
  Jun 16, 2013
സര്‍ക്കാര്‍ പ്രതിരോധത്തില്‍ ; പ്രതിപക്ഷം പ്രക്ഷോഭത്തിന്‌
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് നാള്‍ക്കുനാള്‍ പുറത്തുവരുന്ന പുതിയ വെളിപ്പെടുത്തലുകള്‍ സര്‍ക്കാറിനെ വിഷമവൃത്തത്തിലാക്കി. യു.ഡി.എഫ്. ഘടകകക്ഷികളിലെയും കോണ്‍ഗ്രസ്സിലെയും ചില ഉന്നതര്‍ക്കെതിരായ പരാമര്‍ശങ്ങളും ശനിയാഴ്ച പുറത്തുവന്നിട്ടുണ്ട്.

ഈ സാഹചര്യം മുതലെടുത്ത് വന്‍ പ്രക്ഷോഭം തുടങ്ങാന്‍ പ്രതിപക്ഷം ലക്ഷ്യമിടുന്നു. തിങ്കളാഴ്ച ചേരുന്ന എല്‍.ഡി.എഫ്. യോഗം സമരപരിപാടികള്‍ ആസൂത്രണം ചെയ്യും.

വിവാദം നിയമസഭയിലും പുറത്തും കത്തിനില്‍ക്കവെ സരിത എസ്. നായരുടെ ഭര്‍ത്താവ് ബിജു രാധാകൃഷ്ണന്‍ ഒളിവില്‍ നിന്ന് മാധ്യമങ്ങള്‍ക്ക് നല്‍കിയ ടെലിഫോണ്‍ സംഭാഷണത്തില്‍ പല നേതാക്കള്‍ക്കെതിരെയും ആരോപണങ്ങള്‍ ഉന്നയിച്ചിരിക്കുകയാണ്. സരിതയ്ക്ക് ഗണേഷ്‌കുമാറുമായി അടുത്ത ബന്ധമുണ്ടെന്നും തന്റെ കുടുംബം തകര്‍ത്തത് ഗണേഷാണെന്നും ബിജു രാധാകൃഷ്ണന്‍ ആരോപിക്കുന്നു. എം.ഐ. ഷാനവാസ് എം.പിയുമായി ഇക്കാര്യം സംസാരിച്ചിരുന്നുവെന്നും അദ്ദേഹം മുഖാന്തരം താന്‍ മുഖ്യമന്ത്രിയെ കണ്ടെന്നും ബിജു രാധാകൃഷ്ണന്‍ ആരോപിച്ചിട്ടുണ്ട്. കേന്ദ്രമന്ത്രി കെ.സി. വേണുഗോപാലിനെതിരെയും ബിജു ആരോപണം ഉന്നയിച്ചു.

ഇതിനിടെ താന്‍ നിരപരാധിയാണെന്ന് വ്യക്തമാക്കിക്കൊണ്ട് ഗണേഷ് കുമാറും അച്ഛന്‍ ആര്‍. ബാലകൃഷ്ണപിള്ളയും സംയുക്ത പത്രസമ്മേളനം നടത്തി. ഗണേഷ് വീണ്ടും മന്ത്രിയാകരുതെന്ന് ആഗ്രഹിക്കുന്ന ചിലരാണ് ഇത്തരം ആരോപണങ്ങള്‍ക്ക് പിന്നിലെന്ന് ബാലകൃഷ്ണപിള്ള ആരോപിച്ചിട്ടുണ്ട്. പ്രശ്‌നങ്ങള്‍ വഷളാക്കിയതിന് പിന്നില്‍ ചീഫ് വിപ്പ് പി.സി. ജോര്‍ജുമുണ്ടാകാമെന്നും പിള്ളയും ഗണേഷ് കുമാറും വ്യക്തമാക്കുകയും ചെയ്തു.

എന്നാല്‍, കേരള രാഷ്ട്രീയത്തിലെ ഏറ്റവും വൃത്തികെട്ടവനാണ് ഗണേഷ് കുമാറെന്നാണ് ജോര്‍ജിന്റെ മറുപടി. ഇതിനുപിന്നാലെ സരിത നായരുടെ മറ്റ് രണ്ട് സംരംഭങ്ങള്‍ മറ്റ് രണ്ട് മന്ത്രിമാര്‍ ഉദ്ഘാടനം ചെയ്തുവെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്.

കുടിവെള്ള സ്വകാര്യവത്കരണം, പ്ലസ് ടു അനുവദിക്കല്‍ തുടങ്ങിയ പ്രശ്‌നങ്ങളില്‍ യു.ഡി.എഫിലെ ഘടകകക്ഷികള്‍ ഭരിക്കുന്ന വകുപ്പുകള്‍ക്കെതിരെ ഈയാഴ്ച പ്രക്ഷോഭം തുടങ്ങാനിരിക്കുകയായിരുന്നു പ്രതിപക്ഷം. ഇതിനിടെ കിട്ടിയതാണ് പുതിയ പ്രശ്‌നം.

Latest news