TOP STORIES TODAY
  Jun 15, 2013
നവജാത ശിശുവിനും നവദമ്പതിമാര്‍ക്കും വൃക്ഷതൈ സമ്മാനം
ബാബു രാഘവന്‍


പഴുവില്‍ : മാമോദീസ കര്‍മ്മത്തിന് എത്തുന്ന നവജാത ശിശുവിനും വിവാഹം കഴിഞ്ഞ നവദമ്പതിമാര്‍ക്കും വൃക്ഷതൈ വാങ്ങിയേ പഴുവില്‍ സെന്റ് ആന്റണീസ് ദേവാലയത്തില്‍ നിന്ന് ഇറങ്ങാന്‍ കഴിയു. ചടങ്ങുകള്‍ കഴിഞ്ഞാല്‍ ഇത് വലിച്ചെറിയാമെന്ന് കരുതേണ്ട. കുഞ്ഞിനൊപ്പവും ദാമ്പത്യത്തോടൊപ്പവും വൃക്ഷതൈ പരിപാലിക്കുമെന്ന പ്രതിജ്ഞ എടുപ്പിച്ചാണ്് വികാരി ഫാ. ആന്റണി ആലുക്ക ഇവരെ പറഞ്ഞ് വിടുന്നത്.

പ്രകൃതിയെ സ്‌നേഹിക്കുന്നതിനും സംരക്ഷിക്കുന്നതിനുമാണ് പഴുവില്‍ സെന്റ് ആന്റണീസ് ഫെറോന പള്ളിയില്‍ പുതിയ സംരംഭം. വൃക്ഷതൈ സമ്മാനം നല്‍കിയാണ് ഇടവകയിലെ അംഗങ്ങളെ പ്രകൃതിയോട് അടുപ്പിക്കുന്നത്. തൃശ്ശൂര്‍ അതിരൂപതയില്‍ ആദ്യമായാണ് പരിസ്ഥിതിയെ സ്‌നേഹിക്കുന്നതിന് വേറിട്ട രീതിയില്‍ പദ്ധതി നടപ്പിലാക്കുന്നത്. വികാരി ഫാ.ആന്റണി ആലുക്കയാണ് പുതിയ ആശയം മുന്നോട്ട് വെച്ചത്.

മാമോദീസ കര്‍മ്മങ്ങള്‍ കഴിഞ്ഞ് പള്ളിയില്‍ നിന്ന് ഇറങ്ങുന്നതിന് മുമ്പ് കുഞ്ഞിന്റെ കൈയില്‍ മഹാഗണിയുടെ തൈ നല്‍കും. കുഞ്ഞിന്റെ രക്ഷിതാക്കള്‍ തൈ ഏറ്റുവാങ്ങുമ്പോള്‍ രക്ഷിതാക്കളോട് കുഞ്ഞിനെ പോലെ തൈ വളര്‍ത്താമെന്ന് പ്രതിജ്ഞയെടുപ്പിക്കും. ശിശു വളരുന്നതിനൊപ്പം വൃക്ഷവും വളരട്ടെ എന്നാണ് സന്ദേശം. വിവാഹ ആശിര്‍വാദം കഴിഞ്ഞാല്‍ ദമ്പതിമാര്‍ക്കും വൃക്ഷതൈ നല്‍കും. പുതിയ കുടുംബത്തോടൊപ്പം മരവും തളിര്‍ക്കട്ടെ എന്ന സന്ദേശത്തോടെയാണിത്. നവദമ്പതിമാരും മരം വളര്‍ത്തുമെന്ന പ്രതിജ്ഞയോടെയാണ് കര്‍മ്മങ്ങള്‍ക്ക് ശേഷം പുറത്തിറങ്ങുക.

കഴിഞ്ഞ ഞായറാഴ്ചയാണ് വിവാഹ സമ്മാനമായി വൃക്ഷതൈ നല്‍കാന്‍ തുടങ്ങിയത്. പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി വികാരി ഫാ.ആന്റണി ആലുക്ക പുതിയ ആശയം മുന്നോട്ട് വെച്ചപ്പോള്‍ ഇടവക അംഗങ്ങള്‍ ആവേശത്തോടെയാണ് എതിരേറ്റു. സമ്മാനമായി നല്‍കാന്‍ പള്ളിയില്‍ ഒട്ടേറെ മഹാഗണി തൈകള്‍ തയ്യാറാക്കിയിട്ടുണ്ട്. ദീര്‍ഘകാലം പദ്ധതിയുമായി മുന്നോട്ട് പോകാനാണ് ഇടവകയുടെ തീരുമാനം. ഇതിന് മുടക്കം വരാതിരിക്കാന്‍ പള്ളിയുടെ നിയമാവലിയില്‍ പുതിയ തീരുമാനം എഴുതി ചേര്‍ത്തു. സഹവികാരി ഫാ.ഷാജന്‍ ചീരമ്പന്‍, കൈകാരന്മാരായ ടിന്റോ കൂള, സ്റ്റാന്‍ലി ജോസഫ്, കെ.പി.ആന്റണി തുടങ്ങിയവരാണ് പദ്ധതിയെ മുന്നോട്ട് നയിക്കുന്നത്.


Other News in this section
എന്റെ മൊബൈല്‍ എന്റെ ക്‌ളിക്ക്‌
കോളേജ് വിദ്യാര്‍ഥികള്‍ക്ക് മൊബൈല്‍ ഫോണ്‍ ക്യാമറയുടെ ശക്തി ലോകത്തെ അറിയിക്കാന്‍ ഒരവസരം. കേരളത്തിലെ കോളേജ് വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിക്കുന്ന വ്യത്യസ്തമായ മൊബൈല്‍ ഫോട്ടോഗ്രാഫി മത്സരമാണ് മാതൃഭൂമിയുടെ ക്ലബ്ബ് എഫ്.എമ്മും വോഡഫോണും ചേര്‍ന്നൊരുക്കുന്ന 'എന്റെ മൊബൈല്‍, എന്റെ ക്‌ളിക്ക് '. യുവതലമുറയ്ക്ക് മൊബൈല്‍ ഫോണ്‍ ക്യാമറയുടെ ഉത്തരവാദിത്വപരമായ ഉപയോഗത്തെക്കുറിച്ച് ..
ഗുരുവായൂര്‍ ടെമ്പിള്‍ പോലീസ് സ്റ്റേഷന് ഇനി ചുമര്‍ച്ചിത്രങ്ങളുടെ ചന്തം
യാത്രയ്ക്കിടയില്‍ കെ.എസ്.ആര്‍.ടി.സി. ഡ്രൈവര്‍ക്കൊരു യാത്രയയപ്പ്‌
കാരുണ്യത്തിന്റെ കൂട്ടായ്മയില്‍ ഭാസ്‌കരന് സ്‌നേഹവീടുയര്‍ന്നു
ചെങ്ങാലിക്കോടന്‍ നേന്ത്രക്കായ ഭൗമസൂചിക പരിഗണനയില്‍
പെണ്‍കുട്ടികളുടെ എണ്ണത്തില്‍ വന്‍ കുറവ്; ഹിമാചല്‍ സര്‍ക്കാറിന് നോട്ടീസ്‌

Latest news