LATEST NEWS
  Jun 06, 2013
അട്ടപ്പാടിക്ക് സമഗ്രപാക്കേജ്, പ്രത്യേക ദൗത്യസംഘം
അഗളി : ശിശുമരണങ്ങള്‍ അടക്കം അട്ടപ്പാടിയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കേന്ദ്രം സമഗ്രപാക്കേജ് പ്രഖ്യാപിച്ചു. സമഗ്രപാക്കേജ് നടപ്പാക്കാനുള്ള പ്രവര്‍ത്തനം ഏകോപിപ്പിക്കാന്‍ പ്രത്യേകദൗത്യസംഘം രൂപീകരിക്കും. കേന്ദ്ര ഗ്രാമവികസന മന്ത്രാലയം സെക്രട്ടറി വിജയാനന്ദിനായിരിക്കും ദൗത്യസംഘത്തിന്റെ നേതൃത്വം.

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും സംസ്ഥാന മന്ത്രിമാരും ഉള്‍പ്പെട്ട സംഘത്തിനൊപ്പം അട്ടപ്പാടി സന്ദര്‍ശിച്ച് പ്രശ്‌നങ്ങള്‍ വിലയിരുത്തിയ കേന്ദ്ര ഗ്രാമവികസന മന്ത്രി ജയറാം രമേശാണ് സമഗ്രപാക്കേജ് പ്രഖ്യാപിച്ചത്. അട്ടപ്പാടിയുടെ സമഗ്രവികസനം ലക്ഷ്യമാക്കിയാണ് പാക്കേജ് പ്രഖ്യാപിക്കുന്നതെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. അഗളിയില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കൊപ്പം നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.

അട്ടപ്പാടിയില്‍ ആദിവാസികളുടെ ഭൂമി അന്യാധീനപ്പെട്ടതാണ് അവിടുത്തെ പ്രശ്‌നങ്ങള്‍ക്ക് കാരണമെന്ന് ജയറാം രമേശ് പറഞ്ഞു. അന്യാധീനപ്പെട്ട ഭൂമി ആദിവാസികള്‍ക്ക് വീണ്ടെടുത്ത് നല്‍കാനുള്ള ഇച്ഛാശക്തി സംസ്ഥാനസര്‍ക്കാര്‍ കാട്ടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

കുടുംബശ്രീ പദ്ധതികള്‍ നടപ്പിലാക്കാന്‍ 50 കോടി കേന്ദ്രസഹായം, കാര്‍ഷിക മേഖലയ്ക്ക് സഹായമായി മഹിളാകിസാന്‍ കാര്‍ഷികപദ്ധതി, തൊഴിലുറപ്പ് പദ്ധതി നടപ്പാക്കുക വഴി കൂടുതല്‍ പേര്‍ക്ക് മെച്ചപ്പെട്ട വരുമാനമാര്‍ഗ്ഗം, സമ്പൂര്‍ണ മദ്യനിരോധനത്തിനായി ബോധവത്ക്കരണ ക്ലാസുകള്‍ തുടങ്ങിയവയൊക്കെ കേന്ദ്രമന്ത്രി പ്രഖ്യാപിച്ച സമഗ്രപാക്കേജിന്റെ ഭാഗമാണ്.

500 യൂവതീയുവാക്കളെ തിരഞ്ഞെടുത്ത് പ്രത്യേകം പരിശീലനം നല്‍കിയ ശേഷം അട്ടപ്പാടിയ്ക്ക് പുറത്തുള്ള കമ്പനികളില്‍ ജോലി നേടിക്കൊടുക്കും. ഇതിനുള്ള ചെലവ് കേന്ദ്രസര്‍ക്കാര്‍ വഹിക്കും. വീടില്ലാത്ത കുടുംബങ്ങള്‍ക്ക് വീട് വെച്ചുനല്‍കുന്നതിനായി ഇന്ദിരാ അവാസ്‌യോജന പദ്ധതിയ്ക്ക് കീഴില്‍ 12 കോടി രൂപ അനുവദിക്കും-കേന്ദ്രമന്ത്രി അറിയിച്ചു.

250 ലധികം പേര്‍ താമസിക്കുന്ന പ്രദേശങ്ങളിലേക്ക് റോഡ് ഇല്ലെങ്കില്‍ നിര്‍മിച്ചു നല്‍കാന്‍ പ്രത്യേക ഫണ്ട് അനുവദിക്കും. അട്ടപ്പാടിയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി രൂപീകരിക്കപ്പെട്ട സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സിന്റെ പ്രവര്‍ത്തനങ്ങള്‍ കേന്ദ്രതലത്തില്‍ ഏകോപിപ്പിക്കുമെന്നും ജയറാം രമേശ് പറഞ്ഞു.

മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ രാവിലെ ഒമ്പതരയോടെ പാലൂരിലെത്തിയ സംഘം ജനങ്ങളോട് പ്രശ്‌നങ്ങള്‍ നേരിട്ട് ചോദിച്ചറിഞ്ഞു. വ്യാജമദ്യത്തിന്റെ ഒഴുക്ക് തടയുക, ആത്യാവശ്യം സൗകര്യങ്ങളുള്ള ആസ്പത്രി സൗകര്യമൊരുക്കുക,. പോഷാകാഹര കുറവ് നികത്തുക എന്നീ ആവശ്യങ്ങളാണ് ജനങ്ങള്‍ മുന്നോട്ട് വെച്ചത്.

പാലൂരിന് ശേഷം സംഘം നെല്ലിപ്പതി ഊരും അഗളിയും സംഘം സന്ദര്‍ശിച്ചു. സംഘത്തില്‍ അഞ്ച് സംസ്ഥാന മന്ത്രിമാരും ഉണ്ടായിരുന്നു.

Latest news