OBITUARY
  Jun 06, 2013
ബാലന്‍ പണ്ഡിറ്റ് അന്തരിച്ചു
വരാപ്പുഴ: കേരള ക്രിക്കറ്റിന്റെ കുലപതി ബാലന്‍ പണ്ഡിറ്റ് (87) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആസ്പത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. രഞ്ജിട്രോഫിയില്‍ കേരളത്തിനുവേണ്ടി ഇരട്ടസെഞ്ചുറി നേടിയിട്ടുള്ള ബാലന്‍ പണ്ഡിറ്റ് മികച്ച ഓപ്പണിങ് ബാറ്റ്‌സ്മാനും വിക്കറ്റ് കീപ്പറുമായിരുന്നു.

1926 ല്‍ കര്‍ണാടകയിലെ ഉഡുപ്പിയിലാണ് ജനിച്ചത്. വിദ്യാര്‍ത്ഥിയായിരിക്കെ ക്രിക്കറ്റിലെത്തി. ഒട്ടേറെ പ്രതിഭകള്‍ കളിച്ചുവളര്‍ന്ന മുംബൈയിലെ യൂണിയന്‍ സ്‌പോര്‍ട്‌സ് ക്ലബ്ബില്‍ നിന്നാണ് ബാലന്‍ പണ്ഡിറ്റിന്റെയും തുടക്കം. അക്കാലത്ത് ഇന്ത്യയിലെ പ്രമുഖ കളിക്കാരെല്ലാം പങ്കെടുത്തിരുന്ന കംഗാ ലീഗ് മത്സരത്തില്‍ മാട്ടുംഗ ജിംഖാന ടീമിനുവേണ്ടി കളിക്കാനായത് ബാലന്‍ പണ്ഡിറ്റിന്റെ ജീവിതത്തിലെ വഴിത്തിരിവായി.

കേരള ടീമിന്റെ ക്യാപ്റ്റന്‍, കേരള ക്രിക്കറ്റ് അസോസിയേഷന്റെ ഭാരവാഹി, രഞ്ജി ടീം സെലക്ഷന്‍ കമ്മിറ്റിയംഗം, ദേശീയ സെലക്ഷന്‍ ബോര്‍ഡ് അംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. ക്രിക്കറ്റിലെ മുന്‍നിര താരങ്ങള്‍ ഉള്‍പ്പെടെയുള്ളവരുമായി ഏറെ സൗഹൃദബന്ധം പുലര്‍ത്തിയിരുന്ന ബാലന്‍ പണ്ഡിറ്റ് 1967 മുതല്‍ എഫ്.എ.സി.ടി.യില്‍ ഉദ്യോഗസ്ഥനായിരുന്നു. 1979 ല്‍ വിരമിച്ചു.

തുടര്‍ന്നും ക്രിക്കറ്റ് അസോസിയേഷന്റെ പ്രവര്‍ത്തനങ്ങളില്‍ സജീവ സാന്നിധ്യമായിരുന്നു. ഭാര്യ ലീല പണ്ഡിറ്റിനൊപ്പം നോര്‍ത്ത് പറവൂര്‍ വള്ളുവള്ളിയിലെ വസതിയിലാണ് താമസിച്ചിരുന്നത്. മക്കള്‍: ക്ഷമ, സഞ്ജയ് ബാലന്‍, രഞ്ജിത് ബാലന്‍. മരുമക്കള്‍: പ്രിയ, കല, കേണല്‍ ഗൗതം. ശവസംസ്‌കാരം വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടിന് വീട്ടുവളപ്പില്‍.
Other News in this section
മുണ്ടേരിക്കടവില്‍ ഒഴുക്കില്‍പ്പെട്ട് രണ്ട് യുവാക്കള്‍ മരിച്ചു
ചക്കരക്കല്‍(കണ്ണൂര്‍): മുണ്ടേരിക്കടവില്‍ പുഴയില്‍ മീന്‍പിടിക്കാനിറങ്ങിയ രണ്ട് യുവാക്കള്‍ ഒഴുക്കില്‍പ്പെട്ട് മരിച്ചു.ചേലേരി ദാലില്‍ പള്ളിക്ക് സമീപം കോവുമ്മല്‍ മുഹമ്മദ് ഹാജിയുടെ മകന്‍ മുത്തലിബ്(28), മൊട്ടക്കല്‍ ഹൗസില്‍ ഇബ്രാഹിമിന്റെ മകന്‍ യു.കെ.ഇസ്മയില്‍(26) എന്നിവരാണ് മരിച്ചത്. ശനിയാഴ്ച വൈകിട്ട് മൂന്നിനാണ് സംഭവം. ഇരുവരും മുണ്ടേരിക്കടവ് പാലത്തിന് സമീപത്ത് പുഴയില്‍ ..

Latest news