LATEST NEWS » KERALA
  Jun 06, 2013
രമേശ് മന്ത്രിയാകില്ല
തിരുവനന്തപുരം: ആഭ്യന്തര വകുപ്പിന്റെ കാര്യത്തില്‍ ഇരു ഗ്രൂപ്പും വിട്ടുവീഴ്ചയ്ക്കില്ല. രമേശ് മന്ത്രിസഭയിലേക്കും വരുന്നില്ല. ആഭ്യന്തര വകുപ്പ് വിട്ടുനല്‍കാനാകില്ലെന്ന എ ഗ്രൂപ്പിന്റെ നിലപാട് മുഖ്യമന്ത്രി അസന്ദിഗ്ധമായി വ്യക്തമാക്കി.

ആഭ്യന്തരമില്ലാതെ രമേശ് മന്ത്രിസഭയില്‍ ചേരേണ്ടെന്ന നിലപാട് ഐ ഗ്രൂപ്പുമെടുത്തു. ഇതേത്തുടര്‍ന്നാണ് ഏറെ വിവാദം സൃഷ്ടിച്ച മന്ത്രിസഭാപുനസ്സംഘടന തത്കാലം വഴിമുട്ടിയത്.

രമേശ് കെ. പി. സി. സി. പ്രസിഡന്റായി തുടരാനാണ് തീരുമാനം. പാര്‍ലമെന്റ് തിരഞ്ഞെടുപ്പുവരെ ഈ സ്ഥിതി തുടരാനാണ് സാധ്യത. മന്ത്രിസഭാ പുനസ്സംഘടന ഇത്രയും വിവാദമായതോടെ തത്കാലം ഒഴിവുള്ള മന്ത്രിസ്ഥാനം നികത്തില്ല. വരുംദിവസം താന്‍ മന്ത്രിസഭയിലേക്കില്ലെന്ന നിലപാട് രമേശ് പത്രസമ്മേളനത്തില്‍ അറിയിക്കും. പാര്‍ട്ടി പരിപാടികള്‍ കൂടുതല്‍ സജീവമാക്കാനായി കെ. പി. സി. സി. എക്‌സിക്യൂട്ടീവും ഉടന്‍ വിളിച്ചുചേര്‍ക്കും.

മധ്യസ്ഥന്‍ മുഖേന നടത്തിയ ചര്‍ച്ചയില്‍ തന്നെ ആഭ്യന്തരം വിട്ടുനല്‍കാനാകില്ലെന്ന നിലപാട് മുഖ്യമന്ത്രി രമേശിനെ അറിയിച്ചിരുന്നു. യു. ഡി. എഫ്. കണ്‍വീനര്‍ പി. പി. തങ്കച്ചനായിരുന്നു മധ്യസ്ഥന്‍. ചൊവ്വാഴ്ച രാത്രിയും ബുധനാഴ്ചയും തങ്കച്ചന്‍ മുഖ്യമന്ത്രിയെ കണ്ടു. മുഖ്യമന്ത്രിയുടെ നിലപാട് അദ്ദേഹം രമേശിനെ അറിയിച്ചു. തുടര്‍ന്ന് ഐ വിഭാഗം നേതാക്കളുടെ ആശയവിനിമയത്തിലും ആഭ്യന്തരമില്ലാതെ രമേശ് മന്ത്രിസഭയില്‍ ചേരേണ്ടെന്ന നിലപാട് സ്ഥിരീകരിച്ചു. ഈ വിവരവും തങ്കച്ചന്‍ മുഖ്യമന്ത്രിയെ അറിയിച്ചു.

ബുധനാഴ്ച ഉമ്മന്‍ ചാണ്ടിയും രമേശും തമ്മില്‍ കാണാന്‍ നിശ്ചയിച്ചിരുന്നു. എന്നാല്‍ സമവായ നിര്‍ദേശം ഉയരാത്തതിനാല്‍ ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ച അനിശ്ചിതത്വത്തിലായി. പിണങ്ങിപ്പിരിയാന്‍ കഴിയാത്തതിനാല്‍ ഇരുവരും തമ്മില്‍ കൂടിക്കണ്ട് ഈ വിവാദം അവസാനിപ്പിക്കണമെന്ന് മറ്റ് നേതാക്കള്‍ നിര്‍ദേശിച്ചു. ഈ നിര്‍ദേശവുമായി ബെന്നി ബഹനാന്‍ രമേശിനെ കണ്ടു. ഇതേത്തുടര്‍ന്നാണ് രാത്രി എട്ടുമണിക്ക് ഇരുവരും തമ്മില്‍ കാണാന്‍ തീരുമാനമായത്. ഇന്ദിരാഭവനിലായിരുന്നു കൂടിക്കാഴ്ച. പി. പി. തങ്കച്ചനും ഇരുവരും തമ്മില്‍ കണ്ടപ്പോള്‍ സന്നിഹിതനായിരുന്നു.

ഈ ചര്‍ച്ചയിലും ആഭ്യന്തരം തിരുവഞ്ചൂര്‍ രാധാകൃഷ്ണനില്‍ നിന്നെടുക്കുന്നതിന് ബുദ്ധിമുട്ടുണ്ടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. അന്തരീക്ഷം ഇത്രയും വഷളാകുന്നതിന് മുമ്പായിരുന്നെങ്കില്‍ ആഭ്യന്തരം നല്‍കാന്‍ ബുദ്ധിമുട്ടില്ലായിരുന്നു. എന്നാല്‍ ഇനി അക്കാര്യത്തില്‍ തീരുമാനം മാറ്റാന്‍ പ്രയാസമാണെന്നും എ ഗ്രൂപ്പിന്റെ എതിര്‍പ്പ് ശക്തമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ആഭ്യന്തരമില്ലാതെ മന്ത്രിസഭയില്‍ ചേരേണ്ടെന്ന ഐ ഗ്രൂപ്പിന്റെ നിലപാട് രമേശും വ്യക്തമാക്കി.

പ്രശ്‌നം ഹൈക്കമാന്‍ഡിന്റെ മുമ്പിലെത്തിയെങ്കിലും ഡല്‍ഹിയില്‍ നിന്നും വ്യക്തമായ നിര്‍ദേശം ഉണ്ടാകാഞ്ഞതും സ്ഥിതിഗതികള്‍ സങ്കീര്‍ണമാക്കി. സമവായം കേരളത്തില്‍ തന്നെ ഉണ്ടാകണമെന്നാണ് സോണിയയും മറ്റും നിര്‍ദേശിച്ചത്. അഥവാ പ്രശ്‌നത്തില്‍ ഇടപടണമെങ്കില്‍ തന്നെ വിദേശസന്ദര്‍ശനത്തിലായ എ. കെ. ആന്റണി തിരിച്ചെത്തട്ടെയെന്ന മറുപടിയാണുണ്ടായത്.

രമേശ് മന്ത്രിസഭയില്‍ ചേരുന്നതിന് കേന്ദ്ര നേതൃത്വം എതിരല്ല. എന്നാല്‍ ഇന്ന വകുപ്പ് നല്‍കണമെന്ന നിര്‍ദേശം നല്‍കാന്‍ അവര്‍ തയ്യാറായില്ല. വകുപ്പും മറ്റും കേരളത്തില്‍ രമ്യമായി തീരുമാനിക്കണം. ഘടകകക്ഷികള്‍ എതിരായതിനാല്‍ ഉപമുഖ്യമന്ത്രിപദത്തോട് ഹൈക്കമാന്‍ഡ് യോജിച്ചതുമില്ല. ഡല്‍ഹി സന്ദര്‍ശനത്തോടെ മന്ത്രിസഭാ പുനസ്സംഘടനാ കാര്യത്തില്‍ ഹൈക്കമാന്‍ഡ് നേരിട്ടിടപെടില്ലെന്ന സൂചന വന്നത് മുഖ്യമന്ത്രിയെയും എ ഗ്രൂപ്പിനെയും കൂടുതല്‍ ശക്തമാക്കി. ഇതാണ് ആഭ്യന്തര വകുപ്പ് വിട്ടുനല്‍കാനാകില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കാന്‍ എ ഗ്രൂപ്പിന് ധൈര്യം നല്‍കിയത്.

രമേശ് മന്ത്രിസഭയിലേക്ക് ഇല്ലെന്ന നിലപാട് എടുത്തതോടെ മന്ത്രിസഭാ പുനസ്സംഘടനയും തത്കാലം അടഞ്ഞ അധ്യായമാകുകയാണ്. ഗണേഷ്‌കുമാര്‍ രാജിവെച്ച ഒഴിവിലേക്ക് കുറച്ചുകഴിയുമ്പോള്‍ കോണ്‍ഗ്രസ്സില്‍ നിന്നുതന്നെ ആരെയെങ്കിലും എടുക്കാം. അല്ലെങ്കില്‍ ഗണേഷ്‌കുമാറിന് മന്ത്രിസ്ഥാനം തിരിച്ചുനല്‍കാം. ഏതായാലും തീരുമാനം ഉടന്‍ ഉണ്ടാകില്ല.

ഏഴര വര്‍ഷമായി ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും തമ്മില്‍ ഇഴചേര്‍ന്നുപോയിരുന്ന ബന്ധത്തിന് ഇതോടെ അയവ് വന്നുവെന്നതാണ് കോണ്‍ഗ്രസ് ഇനി നേരിടാന്‍ പോകുന്ന പ്രശ്‌നം. കരുണാകരന്റെ കാലത്തെ പോലെയുള്ള തുറന്ന ഏറ്റുമുട്ടല്‍ ഉണ്ടാകുമെന്ന് ഇരുകൂട്ടരും കരുതുന്നില്ല. എന്നാല്‍ മന്ത്രിസ്ഥാന വിവാദം ഉണ്ടാക്കിയ മുറിവ് പെട്ടെന്ന് ഉണങ്ങുന്ന ലക്ഷണമില്ല. പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് അടുത്തുവരവെ കോണ്‍ഗ്രസ് നേരിടുന്ന പ്രധാന പ്രശ്‌നവും പാര്‍ട്ടിയിലെ ഈ അനൈക്യമായിരിക്കും.

മുഖ്യമന്ത്രിയുടെ ദൂതന്മാര്‍ രമേശിനെ വന്നു കണ്ട് മന്ത്രിസഭയില്‍ ചേരാന്‍ പ്രേരണ നല്‍കിയശേഷം മാന്യമായ സ്ഥാനം നല്‍കാതെ അപമാനിച്ചുവെന്നാണ് ഐ ഗ്രൂപ്പിന്റെ പരാതി. സാമുദായിക സമവാക്യം പുനഃസ്ഥാപിക്കാനുള്ള വാതിലും എ ഗ്രൂപ്പ് അടച്ചുവെന്നും അവര്‍ കുറ്റപ്പെടുത്തുന്നു.

എന്നാല്‍ ആഭ്യന്തര വകുപ്പ് നല്‍കാമെന്ന വാഗ്ദാനം ഒരിക്കല്‍ പോലും നല്‍കിയിരുന്നില്ലെന്നും അതൊഴികെ ഏത് വകുപ്പുമെടുത്ത് രമേശ് മന്ത്രിസഭയിലേക്ക് വരണമെന്നാണ് തങ്ങളുടെ അഭിപ്രായമെന്നും എ പക്ഷം പറയുന്നു. ആഭ്യന്തര വകുപ്പ് ഇപ്പോള്‍ തന്നെ ഭൂരിപക്ഷ സമുദായംഗത്തിന്റെ പക്കല്‍ ഇരിക്കുമ്പോള്‍ സാമുദായികസന്തുലനമെന്ന വാദത്തിന് പ്രസക്തിയില്ലെന്നും അവര്‍ മറുപടി പറയുന്നു.

Latest news

- -