LATEST NEWS » WORLD
  Jun 06, 2013
അമേരിക്കന്‍ കരിമ്പട്ടികയില്‍ 37 ഇറാന്‍ കമ്പനികള്‍
ടെഹ്‌റാന്‍ : ഇറാന്റെ ഉന്നതനേതാക്കള്‍ നിയന്ത്രിക്കുന്ന 37 കമ്പനികളെ യു.എസ്. കരിമ്പട്ടികയില്‍പ്പെടുത്തി. ഇറാന്റെ ആണവ പദ്ധതിക്ക് പടിഞ്ഞാറന്‍ രാജ്യങ്ങളുടെ സഹായം ഒഴിവാക്കാന്‍, സ്വത്തുവകകള്‍ മറച്ചുവെക്കുകയും ലക്ഷക്കണക്കിന് ഡോളറുകള്‍ ചെലവാക്കുകയും ചെയ്തു എന്ന് കുറ്റപ്പെടുത്തിയാണ് ഇത്. ജര്‍മനി, ദക്ഷിണാഫ്രിക്ക, ക്രൊയേഷ്യ, യു.എ.ഇ. എന്നീ രാജ്യങ്ങളില്‍ വ്യവസായസംരംഭങ്ങളുള്ളവയും ഇതില്‍പ്പെടും. ഇറാനെ സാമ്പത്തികമായി സമ്മര്‍ദത്തിലാക്കാനും ഒറ്റപ്പെടുത്താനുമുള്ള അമേരിക്കന്‍ ശ്രമത്തിന്റെ ഭാഗമായാണിത്.

കരിമ്പട്ടികയില്‍ ഉള്‍പ്പെട്ട ഇറാനിലെ കമ്പനികള്‍ക്കോ വ്യക്തികള്‍ക്കോ അമേരിക്കയിലെ കമ്പനികളുമായോ വ്യക്തികളുമായോ വാണിജ്യത്തിലേര്‍പ്പെടാന്‍ കഴിയില്ല. ഈ കമ്പനികളുടെ അമേരിക്കന്‍ സ്വത്തുവകകള്‍ മരവിപ്പിച്ചിട്ടുമുണ്ട്. ഉത്തരവ് ലംഘിക്കുന്നവര്‍ക്ക് ഭീമമായ പിഴയും അമേരിക്കന്‍ വിപണിയില്‍ നിരോധനവുമടക്കമുള്ള നടപടികള്‍ നേരിടേണ്ടിവരും.

കഴിഞ്ഞയാഴ്ചയാണ് ഒബാമ ഭരണകൂടം 50 ഇറാനിയന്‍ പെട്രോ കെമിക്കല്‍ കമ്പനികളെയും അവരുടെ വാഹന വ്യവസായത്തെയും, 50-ല്‍ അധികം ഇറാനിയന്‍ ഉദ്യോഗസ്ഥരെയും കരിമ്പട്ടികയില്‍പ്പെടുത്തിയത്. ഇറാന്റെ ദേശീയ നാണയമായ റിയാല്‍ സൂക്ഷിക്കുകയോ, കച്ചവടം നടത്തുകയോ ചെയ്യുന്ന വിദേശ ബാങ്കുകളെ ഭീഷണിപ്പെടുത്തിയിട്ടുമുണ്ട്.

ഇറാന്റെ യുറേനിയം സമ്പുഷ്ടീകരണം അണുബോംബുണ്ടാക്കാനാണെന്നാണ് പടിഞ്ഞാറന്‍ രാജ്യങ്ങള്‍ സംശയിക്കുന്നത്. എന്നാല്‍, ഇത് സമാധാനത്തിന് വേണ്ടിയാണെന്നും നിയമാനുസൃതമാണെന്നുമാണ് ഇറാന്റെ നിലപാട്.

Latest news